കണ്ണൂർ: ഐ.ടി പ്രൊഫഷനലായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. തലശേരി എ.സി.പിയുടെ നിർദ്ദേശപ്രകാരമാണ് കതിരൂർ പൊലിസ് പ്രതിയായ ജിംനേഷ്യം നടത്തിപ്പുകാരനും ട്രെയിനറുമായ ഭർത്താവിനായി അന്വേഷണം ശക്തമാക്കിയത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുൻപ് നവവധുവായ ഐ.ടി പ്രൊഫഷനൽ ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന്അറസ്റ്റിനായി പൊലിസ് നീക്കം തുടങ്ങിയത്.

ഒളിവിൽ കഴിയേവേ കതിരൂർ നാലാം മൈലിനടുത്ത മാധവി നിലയത്തിൽ സച്ചിൻ ( 31 ) സമർപ്പിച്ച മുൻകൂർ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.നേരത്തെ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയും ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.ഈക്കഴിഞ്ഞ ജൂൺ 12 നാണ് സച്ചിന്റെ ഭാര്യ പിണറായി പടന്നക്കരയിലെ സൗപർണികയിൽ മേഘ ( 28 ),ഭർതൃ വീടിന്റെ മുകൾ നിലയിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.മകൾ ആത്മഹത്യ ചെയ്തത് സച്ചിന്റെ ശാരീരികവും മാനസികവുമായ പീഡനം സഹിക്കവയ്യാതെയാണെന്ന് ചൂണ്ടിക്കാട്ടി മേഘയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

ഇതേ തുടർന്ന് കതിരൂർ പൊലീസ് സച്ചിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മേഘയുടെ ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പാടുകളുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.സച്ചിൻ ഭാര്യയായ മേഘയെ നിരന്തരം വ്യക്തിഹത്യ ചെയ്തു മാനസിക പീഡനം നടത്തിയതായുള്ള മേഘയുടെ സുഹൃത്തിന്റെ മൊഴിയും വാദിക്ക് വേണ്ടി ഹാജരായ അഡ്വ.ഗായത്രി കൃഷ്ണൻ ഹൈക്കോടതി മുൻപാകെ ബോധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സച്ചിനും മേഘയും വിവാഹിതരായത്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ദിവസം മേഘ ഭർത്താവുമൊന്നിച്ച് കണ്ണൂരിൽ ഭർതൃബന്ധുവിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് രാത്രിയിലാണ് ഭർതൃവീട്ടിലെത്തിയത്.അതിന് ശേഷമാണ് മേഘയെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തലശ്ശേരി എ.സി.പി.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്.

മേഘയുടെ മാതാപിതാക്കളുടെയും മറ്റും മൊഴികൾ നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.കതിരൂർ നാലാം മൈലിൽ ജിനേഷ്യം നടത്തിവരികയായിരുന്നു സച്ചിൻ. സോഷ്യൽമീഡിയയിലൂടെപരിചയമാണ് ഇരുവരും തമ്മിലുള്ള പ്രണയത്തിൽകലാശിച്ചത്. സച്ചിനുമായുള്ള വിവാഹത്തെ മേഘയുടെ വീട്ടുകാർ എതിർത്തിരുന്നുവെങ്കിലും മകളുടെ നിർബന്ധത്തിന് വഴങ്ങി മനസില്ലാ മനസോടെ സമ്മതിക്കുകയായിരുന്നു. വിവാഹിതനായതിനു ശേഷം കടുത്ത സംശയരോഗം സച്ചിൻ പ്രകടിപ്പിച്ചതോടെയാണ് ദാമ്പത്യത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത്.

വിവാഹം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ മേഘയുടെ സുഹൃത്തുക്കളുമായുള്ള സൗഹൃദം ഇയാൾ വിലക്കിയിരുന്നു.നിരന്തരം മേഘയുടെ ഫോണിലേക്ക് വിളിച്ചു അകാരണമായി ക്ഷോഭിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നുവെന്നും ഈക്കാര്യത്തിൽ മേഘ അതീവദുഃഖിതയായിരുന്നുവെന്നും സുഹൃത്തുക്കൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. വിവാഹത്തിന് ശേഷം കോഴിക്കോട്ടെ ഐ.ടി സ്ഥാപനത്തിൽ ജോലിക്ക്കയറിയ ശേഷം മേഘയുടെ ആദ്യശമ്പളം കൈക്കലാക്കുകയും ഇവർ ചെലവിന് പോലും പണം നൽകാതിരിക്കുകയും ചെയ്തിരുന്നുവെന്നും വീട്ടുകാർ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. മേഘയെ നിരന്തരം ശാരീരിക മർദ്ദനത്തിന് സച്ചിൻ ഇരയാക്കിയിരുന്നുവെന്നും ഇവരുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

സംഭവദിവസം ഭർതൃബന്്ധുവിന്റെ കുടുംബത്തിലെ ജന്മദിനാഘോഷംകഴിഞ്ഞ് രാത്രി പതിനൊന്നുമണിയോടെ വീട്ടിലെത്തിയപ്പോഴും ഇതു ആവർത്തിച്ചതിന്റെ മനോവിഷമത്തിലാണ് മേഘ വസ്ത്രം മാറ്റാനെന്ന വ്യാജേനെ മുറിയടച്ചു തൂങ്ങി മരിച്ചതെന്നാണ് പൊലിസ് റിപ്പോർട്ട്. കതിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ നാലാം മൈലിൽ അമ്മയോടൊപ്പമായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. എന്നാൽ സച്ചിനും മേഘയും തമ്മിലുള്ള അസ്യാരസ്യങ്ങൾ ഭർതൃബന്ധുക്കളും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. മേഘയോളം വിദ്യാഭ്യാസമോ, കുടുംബപരമായ സാമ്പത്തിക ശേഷിയോ സച്ചിനുണ്ടായിരുന്നില്ലെന്ന അപകർഷതാബോധമാണ് ഇയാളെ നിരന്തര പീഡനത്തിന് പ്രേരിപ്പിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു.