തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ പേട്ടയ്ക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കുറച്ചുകാലമായി മാനസിക വിഷമത്തിലായിരുന്നു മേഘയെന്നാണ് ലഭിക്കുന്ന വിവരം. മാതാപിതാക്കളുടെ ഏക മകളാണ് മേഘ. പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടില്‍ റിട്ട. ഗവ ഐ ടി ഐ പ്രിന്‍സിപ്പല്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകള്‍ മേഘയെ (25) ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്പ്രസാണ് ഇടിച്ചത്. ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറുകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് നല്‍കിയ വിവരം.

സംഭവ സമയം ആരോടാണ് ഫോണില്‍ സംസാരിച്ചതെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. മേഘയുമായി അടുത്ത ബന്ധമുള്ള ആളായരുന്നു ഫോണിലെന്ന് സൂചനകളുണ്ട്. ഇക്കാര്യം പോലീസിനും വ്യക്തമായിട്ടുണ്ട്. ട്രെയിന്‍ തട്ടി ഫോണ്‍ പൂര്‍ണമായി തകര്‍ന്നതിനാല്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.

ഫൊറന്‍സിക് സയന്‍സ് കോഴ്സ് പൂര്‍ത്തിയാക്കിയ മേഘ ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ ഐബിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കാരയ്ക്കാക്കുഴി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഒരു മാസം മുമ്പാണ് അവസാനമായി മേഘ നാട്ടിലെത്തിയത്. പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കില്‍ ഇന്നലെ രാവിലെ 9.15നാണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേട്ട പൊലീസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഐ.ഡി കാര്‍ഡ് കണ്ടത്തിയതിനെ തുടര്‍ന്നാണ് ആളെ തിരിച്ചറിഞ്ഞത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസാണ് ഇടിച്ചത്. മേഘയുടെ മരണത്തിന്റെ നടുക്കത്തിലാണ് ഐബിയിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും.