തലശേരി: നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത് ഭർത്താവിന്റെ പീഡനം കാരണമാണെന്ന് യുവതിയുടെ പിതാവ് പിണറായി പടന്നക്കരയിലെ സൗപർണികയിൽ ടി.മനോഹരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചു. ജൂൺ പതിനൊന്നിനാണ് പരാതിക്കാരന്റെ മകൾ മേഘ(28)യെ ഭർത്താവ് കതിരൂർ നാലാം മൈലിൽ അയ്യപ്പ മഠത്തിനടുത്തുള്ള മാധവി നിലയത്തിൽ സച്ചിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവേറ്റപാടുകളുണ്ടായിരുന്നു.

ഭർതൃസഹോദരിയുടെ ജന്മദിനാഘോഷത്തിൽ കണ്ണൂരിൽ പോയി പങ്കെടുത്തു മടങ്ങി ഭർതൃവീട്ടിലെത്തിയപ്പോഴാണ് സംഭവം. മേഘയുടെ വീട്ടുകാർക്ക് ഇഷ്ടമില്ലാതെയാണ് 2023- ഏപ്രിൽ രണ്ടിന് ഇവരുടെ വിവാഹം നടന്നത്. നാൽപത്തിയഞ്ച് പവനിലേറെ ആഭരണം മേഘയ്ക്കുണ്ടായിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷം സംശയരോഗത്താൽ സച്ചിൻ മേഘയെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.

ഐ.ടി പ്രൊഫഷനലായ മേഘയെ നിരന്തരം നിരീക്ഷിക്കുകയും അവർക്കു വരുന്ന കൂട്ടുകാരികളുടെ ഫോൺകോളുകൾ ചോദ്യം ചെയ്യുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തതാണ് ഇവർ തമ്മിൽ അസ്വാരസ്യമുണ്ടാകാൻ കാരണമെന്നാണ് പിതാവിന്റെ ആരോപണം. ഇതുസംബന്ധിച്ചു വനിതാകമ്മിഷനും പരാതി നൽകിയിട്ടുണ്ട്. തലശേരി എ എസ്. പിക്കാണ് അന്വേഷണ ചുമതല.

നേരത്തെ മേഘയുടെ മരണത്തിൽ കതിരൂർ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഐ.ടി പ്രൊഫഷനലായിരുന്ന മേഘവും കതിരൂരിലെ ഒരു ജിംനേഷ്യത്തിൽ ഇൻസ്ട്രക്ടറായി ജോലി ചെയ്തിരുന്ന സച്ചിനും കതിരൂർ നാലാം മൈലിൽ സച്ചിന്റെ അമ്മയോടൊപ്പമായിരുന്നു താമസം. മേഘയുടെ വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് ഇവരുടെ വിവാഹം നടന്നത്.

മേഘയുടെ നിർബന്ധത്തിന് വഴങ്ങിയാണ് വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത്. എന്നാൽ വിവാഹജീവിതം തുടങ്ങിയതു മുതൽ ഇവർ തമ്മിലുള്ള അസ്വാരസ്യങ്ങളും ഉടലെടുക്കുകയായിരുന്നു. മേഘയുടെ ജീവിതത്തിൽ സച്ചിൻ ചില വിലക്കുകൾ കൊണ്ടുവന്നതായും കൂട്ടുകാരികളോടു പോലും ഇടപെടുന്നത് തടഞ്ഞതായും പിതാവ് പറയുന്നു. വിവാഹത്തിന് ശേഷമാണ് മേഘ ജോലിക്ക് കയറിയത്. എന്നാൽ അവരുടെ ശമ്പളം സച്ചിൻ കൈക്കലാക്കുകയും മകളുടെ കൈയിൽ യാത്രാചെലവിന് പോലും പണം കൊടുക്കാതിരിക്കുകയും ചെയ്തുവെന്നും പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.