കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തില്‍ ആരോപണ വിധേയനെതിരെ ഹൈക്കോടതിയും സുപ്രീം കോടതിയും നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് അതീജീവിത നീതിതേടി രാഷ്ട്രപതിക്ക് കത്തയച്ചത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്നുതവണ ഈ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ ഉള്‍പ്പെടെ തെളിഞ്ഞിരുന്നു. ഈ കുറ്റകൃത്യം ചെയ്ത ആളുകളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

മെമ്മറി കാര്‍ഡ് പരിശോധിച്ച ആളുകളെ കണ്ടെത്തേണ്ടതും നടപടിയെടുക്കേണ്ടതും കോടതികളാണ്. എന്നാല്‍, ഇവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജുഡീഷ്യറിയുടെ മേല്‍ ഭരണപരമായ ഒരു നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഈ മെമ്മറി കാര്‍ഡ് പുറത്തുപോയാല്‍ അത് തുടര്‍ന്നുള്ള തന്റെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണത്തിനും നടപടിക്കും രാഷ്ട്രപതിയുടെ ഇടപെടല്‍ വേണമെന്നും കത്തില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് രഷ്ട്രപതിയുടെ ഇടപെടല്‍ തേടിയിരിക്കുന്നത്.

മെമ്മറി കാര്‍ഡ് തുറന്നതില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയില്ലെന്നും നടപടി വേണമെന്നുമാണ് ആവശ്യം. ചട്ടവിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ല. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. ജുഡീഷ്യറിയുടെ ഭരണതലത്തിലാണു നടപടിയെടുക്കേണ്ടത്. അതുണ്ടാകാത്ത സാഹചര്യത്തിലാണു രാഷ്ട്രപതിയുടെ ഇടപെടല്‍ തേടുന്നതെന്നും അതിജീവിത കത്തില്‍ വ്യക്തമാക്കുന്നു.