കോട്ടയം: മലയാളി നഴ്‌സിനെ കുത്തിവീഴ്‌ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനു യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് തെളിവുകളെല്ലാം വിലയിരുത്തി. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ് മേഴ്‌സി ദമ്പതികളുടെ മകൾ മെറിൻ ജോയി (27) കൊല്ലപ്പെട്ട കേസിലാണു ഭർത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യുവിനു (നെവിൻ 37) യുഎസിലെ ഫ്‌ളോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഫിലിപ്പിനു ജയിൽമോചിതനാകാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. കേസ് വിസ്താര സമയത്തു കുറ്റം സമ്മതിച്ചതിനാലാണ് വധശിക്ഷയിൽ നിന്നു ഫിലിപ്പിനെ ഒഴിവാക്കിയത്.

2020 ജൂലായ് 28-ന് മെറിനെ കുത്തിയും കാർ കയറ്റിയും കൊന്നെന്നാണ് കേസ്. മെറിൻ ജോലിനോക്കുന്ന കോറൽ സ്പ്രിങ്‌സിലെ ആശുപത്രിയുടെ പാർക്കിങ് പ്രദേശത്തായിരുന്നു സംഭവം. കുത്തിവീഴ്‌ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഗാർഹിക പീഡനത്തെ തുടർന്നു പിരിഞ്ഞു താമസിക്കുന്നതിനിടെയാണു മെറിനെ ഫിലിപ് കൊലപ്പെടുത്തിയത്. ജീവപര്യന്തത്തിനൊപ്പം മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് 5 വർഷത്തെ തടവും വിധിച്ചിട്ടുണ്ട്. മെറിനു നീതി ലഭിച്ചതായി അമ്മ മേഴ്‌സി പറഞ്ഞു. ഫിലിപ് മെറിൻ ദമ്പതികളുടെ മകൾ മേഴ്‌സിക്കും ജോയിക്കുമൊപ്പമാണ് ഇപ്പോൾ.

ഫിലിപ്പ് മാത്യുവിന് പരോളില്ലാത്ത ജീവപര്യന്തമാണ് അമേരിക്കൻ കോടതി വിധിച്ചിട്ടുള്ളത്. അമേരിക്കയിൽ ജീവപര്യന്തം എന്നാൽ മരണംവരെ എന്നാണ്. അതിനാൽ ഈ ശിക്ഷയെ മരണശിക്ഷയ്ക്ക് തുല്യമായാണ് കണക്കാക്കുന്നത്. മെറിന് 17 തവണ കുത്തേറ്റു. ഫിലിപ്പ് മാത്യു, മെറിന്റെ കാർ തടഞ്ഞുനിർത്തി, പലതവണ വെട്ടി. തുടർന്ന് അവരുടെ ദേഹത്തുകൂടി കാർ ഓടിച്ചുകയറ്റുകയായിരുന്നു. മെറിൻ കൊല്ലപ്പെടുമ്പോൾ ഏകമകൾ നോറയ്ക്ക് രണ്ടുവയസ്സേ ഉണ്ടായിരുന്നുള്ളൂ. മെറിൻ ജോയിയുടെ കൊലപാതകിയെ അതിവേഗം കുടുക്കിയത് സഹപ്രവർത്തകരുടെ ഇടപെടൽ. ഭർത്താവ് മെറിനെ കൊന്നത് സഹപ്രവർത്തകരുടെ മുന്നിലിട്ടാണ്.

ആക്രമിച്ചതിന് ശേഷം മെറിന്റെ കരച്ചിൽ കേട്ട് സഹപ്രവർത്തകർ ഓടിയെത്തിയെങ്കിലും ഫിലിപ്പ് അവരെ കത്തി വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഫിലിപ്പ് കാറിൽ കയറി മെറിന്റെ ദേഹത്തു കൂടി ഓടിച്ചു പോയി. ഇതാണ് മെറിന്റെ മരണം ഉറപ്പാക്കിയത്. ഫിലിപ്പിനെതിരെ ഒന്നാം ഗ്രേഡ് കുറ്റമാണ് ചുമത്തിയത്. അതുകൊണ്ട് തന്നെ പഴുതടച്ച് തെളിവ് ശേഖരണം നടന്നു. ഫിലിപ്പെന്ന നെവിൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സഹപ്രവർത്തകർ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറിയതിനെ തുടർന്നാണ് പ്രതിയെ പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ആംബുലൻസിൽ വച്ച് പൊലീസിന് മെറിൻ മരണ മൊഴി കൊടുക്കുകയും ചെയ്തു.

പ്രശ്‌നങ്ങൾ തുടർന്ന പശ്ചാത്തലത്തിൽ മേറിൻ വിവാഹമോചനത്തിനായി ശ്രമിച്ചിരുന്നു. ഇതാണ് ഫിലിപ്പിനെ ചൊടിപ്പിക്കാൻ കാരണമായത്. ഇക്കാര്യം സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തി. കുഞ്ഞിനെ ഏറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പറയുന്നുണ്ട്. മെറിന്റെ മരണ മൊഴിയും നെവിനിലേക്ക് അതിവേഗം അന്വേഷണം എത്തിച്ചു. എമർജൻസി റൂമിനു തൊട്ടടുത്താണ് മെറിൻ കുത്തേറ്റു വീണതെങ്കിലും പരുക്കുകൾ ഗുരുതരമായിരുന്നതിനാൽ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു. തന്നെ ആക്രമിച്ചത് ഭർത്താവാണെന്ന് മെറിൻ പൊലീസിനോട് വെളിപ്പെടുത്തി. ആക്രമണത്തിന് ശേഷം ആംബുലൻസിൽ യാത്രക്കിടെയാണ് മെറിൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.

ശമ്പളവും കുടുംബബന്ധങ്ങളും ഇരുവരുടെയും ദാമ്പത്യ ബന്ധത്തിൽ വില്ലനായെന്ന് ബന്ധുക്കൾ പറയുന്നു, മെറിൻ അമേരിക്കയിലെത്തി ജോലിയിൽ പ്രവേശിച്ചതോടെ ശമ്പളത്തെ ചൊല്ലി നെവിൻ തർക്കങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ പറയുന്നു. മെറിന്റെ ശമ്പളം പൂർണമായും നെവിന്റെ അക്കൗണ്ടിൽ ഇടണമെന്നായിരുന്നു നിർദ്ദേശമെന്നും ഇതിനെ എതിർത്താൽ വഴക്ക് പതിവായിരുന്നു. സ്വന്തം വീട്ടുകാരുമായി മെറിൻ സംസാരിക്കുന്നതുപോലും നെവിന് ഇഷ്ടമായിരുന്നില്ലെന്നും വീട്ടുകാരെ സാമ്പത്തികമായി സഹായിക്കുന്നതിനെ നെവിൻ എതിർത്തിരുന്നുവെന്നും പിതാവ് ജോയി വെളിപ്പെടുത്തിയിരുന്നു. ഒരു ഫോട്ടോയെ ചൊല്ലിയും അടുത്തനാളിൽ തർക്കമുണ്ടായതായും അദ്ദേഹം പറഞ്ഞു. വേർപിരിഞ്ഞ് കഴിയുന്നതിനിടെ നെവിൻ മെറിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിനെ ചൊല്ലിയായിരുന്നു അടുത്തനാളുകളിൽ വഴക്കുണ്ടായത്. മെറിന്റെ വ്യക്തിഗത ചിത്രങ്ങളടക്കം നെവിൻ ഫേസ്‌ബുക്കിൽ പങ്കുവെച്ചതായാണ് ബന്ധുക്കൾ പറയുന്നത്. ഇത് പലരും കാണാനിടയായതിനെ മെറിൻ ചോദ്യം ചെയ്തിരുന്നു.

ഇതിനെചൊല്ലി ഇരുവരും തമ്മിൽ ഫോണിൽ വാക്കേറ്റമുണ്ടായതായും പറയുന്നു. ഇതിന്റെ തുടർച്ചയായിരുന്നു് കൊലപാതകം. ഫോട്ടോ സോഷ്യൽ മീഡിയയിൽ എത്തിയപ്പോഴാണ് മെറിൻ അമേരിക്കൻ പൊലീസിനെ സമീപിച്ചത്. പക്ഷേ പൊലീസ് കാര്യമായെടുത്തതുമില്ല. അവസാന ഷിഫ്റ്റും കഴിഞ്ഞ് സഹപ്രവർത്തകരോടു യാത്രപറഞ്ഞ് ബ്രൊവാഡ് ഹെൽത്ത് ആശുപത്രിയിൽനിന്നു വീട്ടിലേക്കു പോകാൻ തയ്യാറെടുക്കുമ്പോൾ പാർക്കിങ് ഏരിയയിൽ വച്ചാണ് മെറിൻ ആക്രമിക്കപ്പെട്ടത്. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിൻ. നിലവിലുള്ള ജോലി രാജി വച്ച് താമ്പയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്ന മെറിൻ ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ദുരന്തം.