കണ്ണൂര്‍ : പരിയാരം മാതമംഗലത്തിനടുത്തെ കൈതപ്രത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ മരണത്തിന് കാരണം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സൗഹൃദമെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. നഷ്ടപ്രണയത്തിന്റെ വീണ്ടെടുപ്പിന്റെ തുടക്കം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ നിന്നാണ്.വെടിയേറ്റ് മരിച്ച കെ. കെ.രാധാകൃഷ്ണന്റെ ഭാര്യയും കേസിലെ പ്രതി എന്‍.കെ.സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. ആറ് മാസം മുമ്പ് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച ഇരുവരും വീണ്ടും അടുത്തു. വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരില്‍ വിനോദയാത്ര പോയപ്പോള്‍ ഇരുവരും കൈകള്‍ കോര്‍ത്ത് നില്‍ക്കുന്ന ഫോട്ടോ സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രാധാകൃഷ്ണനും ഭാര്യയുമായി വഴക്കും വാക്കേറ്റവും നടക്കുകയും സന്തോഷിനെതിരെ രാധാകൃഷ്ണന്‍ പരിയാരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയില്‍ കാമുകനും കാമുകിയും ചേര്‍ന്ന് നടപ്പിലാക്കിയതായിരുന്നു ക്രൂര കൊലപാതകം.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ചെറു കുന്നിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രാധാകൃഷ്ണന്റെ ഭാര്യ വിവി മിനി നമ്പ്യാര്‍. രാധാകൃഷ്ണനെ വധിക്കാന്‍ ഒന്നാം പ്രതി പെരുമ്പടവ് സ്വദേശി എന്‍ കെ സന്തോഷിന് (41) പ്രേരണ നല്‍കിയെന്ന കുറ്റത്തിനാണ് മിനിയെ പ്രതിയാക്കി കേസെടുത്തത്. രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ മിനി ഒത്താശ ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്. പരിയാരം പൊലീസാണ് അറസ്റ്റ് ചെയ്തത്. മിനിയെ പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ പരിയാരം ഇന്‍സ്‌പെക്ടര്‍ എം പി വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസ് ഉള്‍പ്പടെയുള്ള സംഘമെത്തിയാണ് കസ്റ്റഡിയിലെടുത്തത്. മാര്‍ച്ച് 20നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൈതപ്രം പൊതുജന വായനശാലയ്ക്ക് പിറകിലുള്ള നിര്‍മാണത്തിലുള്ള പുതിയ വീട്ടില്‍ വച്ചാണ് രാധാകൃഷ്ണന്‍ വെടിയേറ്റ് മരിച്ചത്.

രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ മുമ്പ് പൊലിസ് സന്തോഷിനെ ഉള്‍പ്പെടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ചകള്‍ നടത്തിയാണ് രമ്യതയില്‍ കാര്യങ്ങള്‍ എത്തിച്ച് പറഞ്ഞുവിട്ടത്. എന്നാല്‍ പിന്നെയും യുവതിയും സന്തോഷും പരസ്പരം ബന്ധപ്പെടുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തത് കുടുംബബന്ധത്തില്‍ വീണ്ടും വിള്ളലുകള്‍ വീഴ്ത്തി. രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച സന്തോഷ് എന്റെ പെണ്ണിനെ ഞാന്‍ വിട്ടുതരില്ലെന്നും എനിക്ക് വേണമെന്നും ഭീഷണിസ്വരത്തില്‍ സംസാരിച്ചിരുന്നതായി പൊലിസ് പറഞ്ഞു. ഇതിനു ശേഷം തോക്കുചൂണ്ടി നില്‍ക്കുന്ന തന്റെ ചിത്രവും ഭീഷണിപ്പെടുത്തുന്ന അടികുറിപ്പോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിന്റെ ഭാര്യയുമായുള്ള പൂര്‍വ്വകാല സൗഹൃദ മാന്നെന്ന് പൊലിസിന്റെ എഫ്.ഐ. ആറില്‍ രേഖപ്പെടുത്തികയും ചെയ്തു. രാധാകൃഷ്ണന്റെ എതിര്‍പ്പുകാരണമാണ് ഇവരുടെ ബന്ധംതകര്‍ന്നത്. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലെത്തിയത്. സ്‌കൂള്‍ അലുമിനി യോഗത്തിലെ കണ്ടു മുട്ടലാണ് എല്ലാത്തിനും കാരണം.

കൊലയാളിയായ സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. മരിച്ച രാധാകൃഷ്ണന്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. ഇയാളുടെ ഭാര്യ ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമായിരുന്നു. സംഭവത്തിന് ശേഷം ബിജെപിയുടെ പുനസംഘടിപ്പിക്കപ്പെട്ട ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. മാര്‍ച്ച് 20ന് വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത്. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ രാധാകൃഷ്ണന്‍ പതിവായെത്തുന്ന നേരം നോക്കി സന്തോഷ് അങ്ങോട്ടേക്ക് തോക്കുമായി എത്തിയെന്നാണ് നിഗമനം. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ എത്തി രാധാകൃഷ്ണന് നേരെ വെടിയുതിര്‍ത്തു. നെഞ്ചില്‍ വെടിയേറ്റ രാധാകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വെടി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് തുടര്‍ന്ന സന്തോഷിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ വെടിവെക്കുന്നതില്‍ പരിശീലനം നേടിയ ആളാണ് സന്തോഷ്.

മിനിയുമായി സന്തോഷിന് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരില്‍ വിനോദയാത്ര പോയപ്പോള്‍ ഇരുവരും കൈകള്‍ കോര്‍ത്ത് നില്‍ക്കുന്ന ഫോട്ടോ സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതായി പറയുന്നു. ഇതേ തുടര്‍ന്ന് രാധാകൃഷ്ണനും ഭാര്യയുമായി വഴക്കും വാക്കേറ്റമുണ്ടായതായും അറിയുന്നു. സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണന്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.പടക്കം പൊട്ടിയ ശബ്ദമാണെന്നാണ് ആദ്യം പരിസരവാസികള്‍ കരുതിയത്. രാധാകൃഷ്ണന്റെ മകനാണ് കരഞ്ഞു വീടിനു പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്. നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ വരാന്തയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണു രാധാകൃഷ്ണനെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് പ്രദേശത്തുനിന്ന് സന്തോഷിനെ പിടികൂടുന്നത്. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. നാടന്‍ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. ഇരിട്ടി കല്യാട് സ്വദേശിയായ രാധാകൃഷ്ണന്‍ 20 വര്‍ഷമായി കൈതപ്രത്താണ് താമസം.

റിമാന്‍ഡിലായ കേസിലെ ഒന്നാംപ്രതി സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തിരുന്നു. ഫോണ്‍വിളികള്‍ സംബന്ധിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് മിനി നമ്പ്യാരുടെ മൊഴിയെടുത്തു. ഒന്നാം പ്രതി സന്തോഷുമായി ഇവരുടെ അതിരുകടന്ന സൗഹൃദം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായി പരിശോധിച്ചശേഷം ചോദ്യം ചെയ്യുകയും ഇതില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ ഒത്താശ ചെയ്യുകയും ചെയ്തു എന്ന കുറ്റത്തിന് മിനി നമ്പ്യാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് തോക്ക് നല്‍കിയതിന് സിജോ ജോസ് എന്നയാള്‍ നേരത്തേ അറസ്റ്റിലായിരുന്നു. കൈതപ്രത്തെ രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പരിയാരം പോലീസ് ഭാര്യ മിനി നമ്പ്യാരുടെ മൊഴി ഒരു മാസം മുമ്പ് എടുത്തിരുന്നു. കേസിലെ പ്രതിയായ സന്തോഷിനെ ചോദ്യംചെയ്തതിലൂടെയും ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍വിളികള്‍ സംബന്ധിച്ച സിഡിആര്‍ വിവരങ്ങള്‍ പോലീസ് പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് മിനി നമ്പ്യാരുടെ അന്ന് മൊഴിയെടുത്തത്. ഫോണ്‍വിളികള്‍ സംബന്ധിച്ച സിഡിആറില്‍്. മൂന്നുമാസത്തെ വിവരങ്ങളാണ് ലഭിച്ചത്. കൊലപാതകത്തിനുമുമ്പും ശേഷവും സന്തോഷും മിനി നമ്പ്യാരും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇവരുടെ അതിരുകടന്ന സൗഹൃദം സംബന്ധിച്ച വിവരങ്ങള്‍ പോലീസ് തേടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് മുന്‍പ് നിലവിലുള്ള പരാതികളും പോലീസ് ഒത്തുനോക്കിയിട്ടുണ്ട്. അതിന് ശേഷമായിരുന്നു അറസ്റ്റ്.