- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനേഴുകാരിയെ മദ്യവും മയക്കുമരുന്നും നൽകി പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചു; രജിസ്റ്റർ ചെയ്തത് പതിനാല് പോക്സോ കേസുകൾ; പെൺകുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ചിരുന്നതായും പൊലീസ്
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പതിനാല് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊല്ലം, തൃശ്ശൂർ, എറണാകുളം, വയനാട് ജില്ലകളിൽ പതിനേഴുകാരിയായ പെൺകുട്ടിയെ എത്തിച്ചായിരുന്നു പീഡനം.
കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ജൂൺ 21 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിലായിരുന്നു പീഡനം. പെൺകുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
ഒറ്റപ്പാലം നഗരത്തിനടുത്ത് താമസിക്കുന്ന പതിനേഴുകാരിയെ കാണാതായതോടെ പെൺകുട്ടിയുടെ അമ്മ പരാതിയുമായി എത്തുകയായിരുന്നു. ജൂണിലാണു കുട്ടിയെ വീട്ടിൽ നിന്നു കാണാതായത്. പരാതി പരിഗണിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓഗസ്റ്റിൽ തലസ്ഥാനത്തുനിന്നു പൊലീസ് കുട്ടിയെ കണ്ടെത്തി. പിന്നീട് പാലക്കാട്ടെ സിഡബ്ല്യുസിക്കു കൈമാറുകയായിരുന്നു.
പലയിടത്തും തടങ്കലിൽ പാർപ്പിച്ചതും, ലഹരി നൽകി പീഡിപ്പിച്ച വിവരവും പെൺകുട്ടി പൊലീസീനോട് പറഞ്ഞു. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഇതിനു പിന്നാലെയാണ് കേസെടുത്തത്. കേസ് എടുത്തത് ഒറ്റപ്പാലം പൊലീസ് ആണെങ്കിലും പെൺകുട്ടിയെ പാർപ്പിച്ച് പീഡിപ്പിച്ച ജില്ലകളിലെ പൊലീസ് സ്റ്റേഷനുകൾക്ക് ഈ കേസുകൾ കൈമാറും. പെൺകുട്ടി നിലവിൽ സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ്.
കൗൺസിലിങ്ങ് അടക്കം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് പൊലീസ് പെൺകുട്ടിയിൽ നിന്ന് വിശദമായി മൊഴിയെടുത്തത്. വിവിധ സ്ഥലങ്ങളിൽ പെൺകുട്ടിയെ ചൂഷണത്തിന് ഇരയാക്കിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവരിൽ പലരും ഒളിവിൽ പോയെന്നാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ