ന്യൂഡൽഹി: കേരളത്തിൽ മലപ്പുറം ജില്ലയിലടക്കം കേന്ദ്രസർക്കാറിന്റെ ന്യൂനപക്ഷ സ്‌കോളർഷിപ് പദ്ധതിയിൽ വ്യാജ ഗുണഭോക്താക്കളുടെ പേരിൽ നടത്തിയ അഴിമതിയിലൂടെ കോടികൾ തട്ടിയെന്ന് കണ്ടെത്തൽ. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ആഭ്യന്തര അന്വേഷണത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ ഉണ്ടായിരിക്കുന്നതെന്ന് 'ഇന്ത്യ ടുഡെ' റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളമുള്ള 830 സ്ഥാപനങ്ങളിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 144 കോടി രൂപയുടെ അഴിമതി കണ്ടെത്തിയെന്നും സംഭവം സിബിഐയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്.

ഒന്നാം ക്ലാസ് മുതൽ ഉപരിപഠനം വരെയുള്ള ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ ഇല്ലാത്ത വിദ്യാർത്ഥികളുടെ പേരിൽ ഈ സ്ഥാപനങ്ങൾ നേടിയെടുത്തുവെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നോഡൽ ഓഫിസർമാർക്കും ജില്ല നോഡൽ ഓഫിസർമാർക്കുമെതിരെ സിബിഐ അന്വേഷണം നടത്തുമെന്നും റിപ്പോർട്ടിലുണ്ട്. വ്യാജ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറന്നതും നിരവധി സംസ്ഥാനങ്ങളിൽ വർഷങ്ങളായി ഈ തട്ടിപ്പ് തുടർന്നതും സിബിഐ അന്വേഷിക്കും.

66,000 സ്‌കോളർഷിപ്പുകൾ കൊടുത്ത മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്ത അർഹരായ വിദ്യാർത്ഥികളുടെ എണ്ണം അതിൽ താഴെ ആയിരുന്നുവെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ആകെ 5000 രജിസ്റ്റേഡ് വിദ്യാർത്ഥികളുള്ള ജമ്മു-കശ്മീർ അനന്തനാഗിലെ ഒരു കോളജ് 7000 സ്‌കോളർഷിപ്പുകൾ നേടിയെന്നും പഞ്ചാബിൽ ഒരു സ്‌കൂളിലും പോകാത്തവർക്കും സ്‌കോളർഷിപ് നൽകിയെന്നും റിപ്പോർട്ടിലുണ്ട്. ആകെയുള്ള സംസ്ഥാനങ്ങളിൽ 21 എണ്ണത്തിൽനിന്നുള്ള വിവരമാണ് മന്ത്രാലയം ഇതുവരെ ശേഖരിച്ചത്.

കഴിഞ്ഞ ജൂലൈ 10 ന് ന്യൂനപക്ഷകാര്യമന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നു എന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ നൂറോളം ജില്ലകളിലെ 1572 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 830 സ്ഥാപനങ്ങൾ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ പരിശോധന പുരോഗമിക്കുകയാണ്.

തട്ടിപ്പ് നടത്തിയതായി ബോധ്യപ്പെട്ട 830 സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ മരവിപ്പിച്ചിട്ടുണ്ട്. 18,0000 സ്ഥാപനങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ് ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി. ഒന്നാം ക്ലാസ് കാലഘട്ടം മുതൽ ഉന്നതവിദ്യാഭ്യാസ കാലയളവ് വരെയുള്ള വിദ്യാർത്ഥികളാണ് ഈ സ്‌കോളർഷിപ്പിന്റെ ഗുണഭോക്താക്കൾ. 2007-2008 അധ്യയന വർഷത്തിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

എന്നാൽ ഈ പദ്ധതിയുടെ പകുതിയലധികം ഗുണഭോക്താക്കളും വ്യാജമാണെന്നാണ് ന്യൂനപക്ഷമന്ത്രാലയം ആരോപിക്കുന്നത്. ഇത്തരം അഴിമതി ഇത്രയും കാലം തുടരാൻ എങ്ങനെയാണ് അനുമതി ലഭിച്ചതെന്നും സിബിഐ അന്വേഷിക്കും.മാത്രമല്ല, വ്യാജ ആധാർ കാർഡുകളും കെവൈസി രേഖകളും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ തുടങ്ങാൻ എങ്ങനെയാണ് അനുമതി ലഭിച്ചതെന്ന ചോദ്യവും മന്ത്രാലയം ഉന്നയിച്ചിട്ടുണ്ട്.

കേരളത്തിൽ സ്‌കോളർഷിപ്പ് ആനൂകൂല്യത്തിനായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണത്തേക്കാൾ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. മലപ്പുറത്ത് ഒരു ബാങ്കിന്റെ ശാഖയിൽ നിന്നു മാത്രം 66,000 സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ ഇത് സ്‌കോളർഷിപ്പിന് അർഹതയുള്ള കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നു കണ്ടെത്തി.