പത്തനംതിട്ട: പതിനാറുകാരിയെ രണ്ടു മക്കളുടെ പിതാവായ കോഴിക്കോട്ടുകാരൻ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയിട്ട് ഒരാഴ്ച കഴിയുമ്പോഴും പൊലീസ് ഇരുട്ടിൽത്തപ്പുന്നു. ആറന്മുള സ്വദേശിനിയെ കാണാതായ സംഭവത്തിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇതു വരെയും ഒരു തുമ്പും ലഭ്യമായിട്ടില്ല.

ആറന്മുള പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ താമസിക്കുന്ന സ്‌കൂൾ വിദ്യാർത്ഥിനിയെ ആണ് സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട കോഴിക്കോട് സ്വദേശി തട്ടിക്കൊണ്ടു പോയിരിക്കുന്നത്. സംഭവം നടന്നത് പത്തനംതിട്ട സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ഇവിടെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിവൈ.എസ്‌പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിൽ പൊലീസ് സേന ഒന്നടങ്കം ആഞ്ഞു പിടിച്ചിട്ടും ഇരുവരെയും കുറിച്ച് ഒരു വിവരവും ലഭ്യമല്ല.

ഇരുവരുടെയും മൊബൈൽഫോണുകൾ സ്വിച്ച്ഡ് ഓഫ് ആണ്. കഴിഞ്ഞ 28 നാണ് കുട്ടിയെ കാണാതായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശി താൻ വിവാഹിതനാണെന്ന കാര്യം മറച്ചു വച്ചാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുട്ടിയുടെ പിതാവ് വിദേശത്താണ്. മകൾ തിരിച്ചെത്തിയാൽ കാമുകന് തന്നെ വിവാഹം കഴിച്ചു കൊടുക്കാമെന്ന് ആശ്വസിച്ചിരുന്ന പിതാവിന് തിരിച്ചടിയായിട്ടാണ് ഇയാൾ വിവാഹതനും രണ്ടു കുട്ടികളുടെ പിതാവും ആണെന്ന വിവരം ലഭിച്ചത്.

ഇവരുടെ മൊബൈൽഫോണുകൾ ഓഫ് ചെയ്ത് വച്ചിരിക്കുന്നതാണ് അന്വേഷണത്തിന് തടസമായിട്ടുള്ളത്. പത്തനംതിട്ടയിൽ നിന്ന് ഇവർ എങ്ങോട്ടു പോയെന്ന് പോലുമുള്ള സൂചന പൊലീസിന് ലഭിച്ചിട്ടില്ല.