അടൂർ: യുവതിയെയും അഞ്ചു വയസുള്ള മകളെയും കാണാതായിട്ട് 10 ദിവസം പിന്നിടുമ്പോഴും പൊലീസ് ഇരുട്ടിൽ തപ്പുന്നു. ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കടമ്പനാട് ഐവർകാലാ ഭരണിക്കാവ് അമ്പലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതിൽ ആൽവിൻ റോയിയുടെ ഭാര്യ ആൻസി കുട്ടി (30), മകൾ ആൻഡ്രിയ ആൽവിൻ (അഞ്ച്) എന്നിവരെയാണ് മെയ്‌ 10 മുതൽ കാണാതായിരിക്കുന്നത്.

ആൽവിൻ വിദേശത്ത് ജോലി ചെയ്യുകയാണ്. മെയ്‌ 10 മുതൽ ആൻസിയെയും ആൻഡ്രിയയെയും കാണാനില്ലെന്ന പരാതിയിൽ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷേ, അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തിരുവല്ലയിലും മറ്റുമുള്ള ചില പള്ളികളുടെ പരിസരത്ത് അമ്മയും മകളും നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കാണാതാകുമ്പോൾ ധരിച്ചിരുന്ന അതേ വേഷമാണ് ഇവർക്കുള്ളത്. എന്നാൽ, ഒമ്പതു ദിവസം കഴിഞ്ഞിട്ടും ഇവരെ കണ്ടെത്തുന്നതിന് യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

ബന്ധുക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിപ്പ് പ്രചരിപ്പിക്കുന്നുണ്ട്. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് ഇവരെ കണ്ടെത്താൻ തടസമെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയെയും മകളെയും കാണാനില്ലെന്ന വിവരം അറിഞ്ഞ് ആൽവിൻ റോയ് ബഹറിനിൽ നിന്ന് നാട്ടിലെത്തിയിട്ടുണ്ട്. തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് ഇവർ ഉള്ളത്. പള്ളികൾ കേന്ദ്രീകരിച്ചാണ് പോകുന്നത് എന്നാണ് പൊലീസ് പറയുന്നത്.