കൊച്ചി: ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ 12 വയസുകാരിയായ മകളെ കണ്ടെത്തി. അങ്കമാലിയിൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്നിടത്തു നിന്നാണ് കുട്ടിയെ കണ്ടുകിട്ടിയത്. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കടയിൽ സാധനം വാങ്ങാനായി പോയ പെൺകുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു.

മാതാപിതാക്കൾ പരിസരങ്ങളിൽ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽനിന്ന് പെൺകുട്ടി നടന്നു പോകുന്നതിന്റെയും രണ്ടുപേർ പെൺകുട്ടിയെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കുട്ടിയെ കാണാതായി അഞ്ച് മണിക്കൂറിന് ശേഷം അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം ഇതരസംസ്ഥാനക്കാർ താമസിക്കുന്ന പ്രദേശത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടി തങ്ങൾക്കൊപ്പമുണ്ടെന്ന് പറഞ്ഞ് പ്രതികൾ ബന്ധുക്കളെ വിളിച്ചിരുന്നതായാണ് വിവരം. ഈ നമ്പർ അന്വേഷിച്ച പൊലീസ് കുട്ടിയെയും പ്രതികളെയും കണ്ടെത്തുകയായിരുന്നു. ബംഗാൾ സ്വദേശികളുടെ മകളാണ്. ഇവർ കുട്ടിയെ തട്ടിക്കൊണ്ടു പോയതാണോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്.
.
ഞായറാഴ്ച വൈകീട്ടായിരുന്നു ആലുവ എടയപ്പുറത്ത് നിന്നും ബംഗാൾ സ്വദേശിയുടെ മകളെ കാണാനില്ലെന്ന് പരാതി ഉയർന്നത്. സമീപത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പോയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. സമീപത്തെ സി.സി.ടി.വി.ദൃശ്യങ്ങളും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകമായി.