- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വർഷം മുൻപ് ആറന്മുളയിൽ നിന്ന് കാണാതായ കുളച്ചിൽകാരി ക്രിസ്റ്റീന; ഇലന്തൂർ നരബലിക്കേസ് വന്നപ്പോൾ തിരക്കിയിറങ്ങിയ പൊലീസിന് യുവതിയെ കിട്ടിയത് കോട്ടയം കൊടുങ്ങൂരിൽ നിന്ന്; പേര് മാറ്റി യുവാവിനൊപ്പം താമസം; കോടതിയിൽ ഹാജരാക്കി വിട്ടയച്ചു
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസ് വന്നതോടെ ജില്ലയിൽ മുൻപ് രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ തിരോധാനക്കേസ് ഓടിനടന്ന് അന്വേഷിക്കുകയാണ് പൊലീസ്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം. ഇങ്ങനെ 12 വർഷം മുൻപ് കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയെ കണ്ടെത്തിയത് കഴിഞ്ഞ മാസമാണ്. ഇപ്പോഴിതാ അഞ്ചു വർഷം മുൻപ് നടന്ന വീട്ടമ്മയുടെ തിരോധാനത്തിനും തുമ്പുണ്ടാക്കിയിരിക്കുന്നു. ആറന്മുള പൊലീസാണ് അഞ്ചു വർഷം മുൻപ് കാണാതായ യുവതിയെ കണ്ടെത്തിയിരിക്കുന്നത്.
തെക്കേമലയിൽ നിന്നും അഞ്ചു വർഷം മുമ്പ് കാണാതായ യുവതിയെ കോട്ടയം കൊടുങ്ങൂരിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലുള്ള കുളച്ചൽ സ്വദേശിയായ ജോൺസന്റെ ഭാര്യ ക്രിസ്റ്റീനാലിനെ (26) ആണ് പൊലീസ് കണ്ടെത്തിയത്.
കുട്ടികളുമായി തെക്കേമലയിൽ താമസിച്ചു വരവേ 2017 ജൂലൈയിലാണ് കാണാതായത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇലന്തൂർ ആഭിചാരക്കൊലയുടെ പശ്ചാത്തലത്തിൽ തിരോധാന കേസുകൾ അന്വേഷിച്ചപ്പോഴാണ് യുവതിയെ കണ്ടെത്തിയത്. പ്രത്യേക സംഘം രൂപീകരിച്ച് കേരളത്തിലും തമിഴ്‌നാട്ടിലുമായി നടത്തിയ അന്വേഷണത്തിൽ കോട്ടയം കൊടുങ്ങൂരിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്.
2017 മുതൽ ഒരു വർഷം ഇവർ ബാംഗ്ലൂരിൽ ഹോം നഴ്സ് ആയി ജോലി നോക്കുകയായിരുന്നു. പിന്നീട് കോട്ടയത്ത് എത്തി ഒരു യുവാവിനോടൊപ്പം മറ്റൊരു പേരിൽ താമസിച്ചു വരികയായിരുന്നു. ഈ കാലയളവിൽ തമിഴ്‌നാട്ടിലുള്ള ബന്ധുക്കളുമായി ഒന്നും ഇവർ ബന്ധം പുലർത്തിയിരുന്നില്ല. യുവതിയെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. ഡിവൈ.എസ്‌പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ.മനോജ്, എസ്‌ഐ ഹരീന്ദ്രൻ നായർ, എഎസ്ഐ സജീഫ് ഖാൻ, എസ്.സി.പി.ഓ സലിം, സി.പി.ഓ ലേഖ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്