- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തിരിച്ചുവരില്ലെന്ന് മകള്‍ക്ക് അവസാന മെസേജ്; കുളൂര്‍ പാലത്തില്‍ ബിഎംഡബ്ല്യു കാറും; വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കുളൂര്‍ പാലത്തിന് അടിയില്‍നിന്ന് കണ്ടെത്തി; മുങ്ങിയെടുത്തത് ഈശ്വര്‍ മല്‍പെ; മുംതാസ് അലി ബ്ലാക്മെയിലിങിന് ഇരയായതായി സൂചന
വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കുളൂര്‍ പാലത്തിന് അടിയില്‍നിന്ന് കണ്ടെത്തി;
മംഗളൂരു: കാണാതായ പ്രമുഖ കയറ്റുമതി വ്യവസായി ബി.എം.മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തി. കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി പന്‍വേല്‍) കുളൂര്‍ പാലത്തിനു മുകളില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ഇദ്ദേഹത്തിന്റെ ആഡംബര കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പനമ്പൂര്‍ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി വരികയായിരുന്നു.
മുംതാസ് ആത്മഹത്യ ചെയ്യാന്‍ പുഴയില്‍ ചാടിയിരിക്കാമെന്ന നിഗമനത്തിലായിരുന്നു പോലീസിന്റെ ആദ്യ പരിശോധന. തുടര്‍ന്നാണ് ഫാല്‍ഗുനി പുഴയില്‍ തിരച്ചില്‍ നടത്തിയത്. മുംതാസ് അലിയുടെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുള്‍പ്പെട്ട സംഘവും എന്‍ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മൊഹിയൂദീന്‍ ബാവയുടെയും ജനതാദള്‍ (എസ്) മുന്‍ എംഎല്‍സി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി. മുംതാസ് അലി പാലത്തില്‍ നിന്നു ഫാല്‍ഗുനി പുഴയിലേക്ക് ചാടിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. താന്‍ മടങ്ങിവരില്ലെന്ന് കുടുംബ വാട്‌സാപ് ഗ്രൂപ്പില്‍ പുലര്‍ച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ മുംതാസ് അലി വീടുവിട്ടതായി മകള്‍ പൊലീസിനോടു പറഞ്ഞത്.
ഇന്നലെ പുലര്‍ച്ചെ 3 മണിയോടെ വീട്ടില്‍ നിന്ന് കാര്‍ എടുത്ത് ഇറങ്ങിയ മുംതാസ് അലി പുലര്‍ച്ചെ 5 മണിയോടെ കൂലൂര്‍ പാലത്തിന് മുകളില്‍ കാര്‍ പാര്‍ക്ക് ചെയ്തത് കണ്ടവര്‍ ഉണ്ട്. പിന്നീട് മകളുടെ ഫോണിലേക്ക് താന്‍ തിരിച്ചുവരില്ല എന്നൊരു മെസ്സേജ് എത്തി. ഇത് കണ്ടതോടെയാണ് മകള്‍ മുംതാസ് അലിയെ അന്വേഷിച്ച് ഇറങ്ങിയത്. മുന്‍ വശത്ത് ഇടിച്ചു തകര്‍ന്ന നിലയില്‍ മുംതാസ് അലിയുടെ കാര്‍ പുഴയുടെ ഒരു വശത്ത് കണ്ടെത്തിയ മകള്‍ ആണ് വിവരം പൊലീസിനെ അറിയിച്ചത്.
അതേസമയം മുംതാസ് അലി ബ്ലാക്‌മെയിലിംന് ഇരയായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുംതാസ് അലിയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്ന കേസില്‍ 6 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മുംതാസ് അലിയുടെ സഹോദരന്‍ ഹൈദരലിയുടെ പരാതിയില്‍ റെഹാമത്ത്, അബ്ദുല്‍ സത്താര്‍, ഷാഫി, മുസ്തഫ, സൊഹൈബ്, സിറാജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഒരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ മുംതാസ് അലിയില്‍നിന്ന് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കൂടുതല്‍ പണമാവശ്യപ്പെട്ട് ഇവര്‍ മുംതാസ് അലിയെ സമ്മര്‍ദത്തിലാക്കിയെന്നും പരാതിയില്‍ പറയുന്നു.
മുംഗളുരുവിലെ പ്രമുഖ വ്യവസായിയാണ് മുംതാസ് അലി. മംഗളുരുവിലെ കാട്ടിപ്പള്ളയിലുള്ള മിസ്ബാ വിമന്‍സ് കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയായ മുംതാസ് അലിക്ക് മത്സ്യക്കയറ്റുമതി ബിസിനസ്സും ഉണ്ട്. മംഗളുരുവിലെ മലയാളി സമൂഹവുമായും കാന്തപുരം എപി സുന്നി വിഭാഗവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന മുംതാസ് അലിയുടെ മരണം ജില്ലയിലെ വ്യവസായി സമൂഹത്തിന് ഇടയില്‍ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മുംതാസ് അലിയുടെ ബിസിനസ് ഇടപാടുകളും സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നോ എന്നതടക്കവും പൊലീസ് പരിശോധിച്ചിരുന്നു.