- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇത്തിക്കരയാറ്റില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴുന്നതുകണ്ട് പേടിച്ചു; ഭയന്നതോടെ വിവരം പുറത്തുപറയാതെ കൂട്ടുകാര്‍: അധ്യാപകരോട് വെളിപ്പെടുത്തല്‍; തിരച്ചിലിനിടെ ആറ് ദിവസത്തിന് ശേഷം വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
ഇത്തിക്കരയാറ്റില്‍ കാണാതായ പതിനേഴുകാരന് മരിച്ച നിലയില്‍
കൊല്ലം: കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തി. കല്ലുവാതുക്കല്‍ തുണ്ടുവിളവീട്ടില്‍ രവി-അംബിക ദമ്പതികളുടെ മകന് അച്ചു (17) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ അച്ചു ആറ്റില്‍ മുങ്ങിത്താഴുന്നത് സുഹൃത്തുക്കള്‍ കണ്ടെങ്കിലും പേടിച്ച് അത് പുറത്തു പറയാതിരിക്കുകയായിരുന്നു. ആറ് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ 23-ന് അച്ചുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂട്ടുകാരുമൊത്ത് ഇത്തിക്കരയാറ്റില്‍ കല്ലുവാതുക്കല്‍ മണ്ണയത്ത് കുളിക്കാനിറങ്ങിയതാണ് അച്ചുവെന്ന് പോലീസ് പറയുന്നു.
കുളിക്കുന്നതിനിടെ കയത്തിലകപ്പെട്ടതോടെ മൂന്ന് കുട്ടികളും ഭയന്ന് തിരികെ പോയി. അച്ചുവിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചെങ്കിലും ആറ്റിലകപ്പെട്ട കാര്യം ഇവര്‍ ആരോടും പറഞ്ഞില്ല. പോലീസ് ചോദിച്ചെങ്കിലും തങ്ങള്‍ക്കൊപ്പം സമീപത്തെ ക്ഷേത്രത്തില്‍ അയ്യപ്പന്‍കഞ്ഞി കുടിക്കാനെത്തിയെന്നും പിന്നീട് കണ്ടില്ലെന്നുമാണ് മൊഴി നല്‍കിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈല്‍ ഫോണ്‍കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. മൂന്ന് കൂട്ടുകാരുമൊത്ത് അടുതല ആറ്റില്‍ മണ്ണയംകടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. പേടിച്ചിട്ടാണ് ആരോടും പറയാതിരുന്നത് എന്നും കൂട്ടുകാര്‍ സമ്മതിക്കുകയായിരുന്നു.
അന്വേഷണം നടക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം കൂട്ടുകാര്‍ തങ്ങളുടെ അധ്യാപകരോട് അച്ചുവുമൊത്ത് കളിക്കാന്‍ പോയ വിവരം വെളിപ്പെടുത്തി. ഈ വിവരം പ്രധാനധ്യാപിക പാരിപ്പള്ളി പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് മണ്ണയം ഭാഗത്ത് ആറ്റില്‍ നടത്തിയ പരിശോധനയില്‍ മുളങ്കാടുകള്‍ക്കിടയില്‍ അച്ചുവിന്റെ മൃതദേഹം കണ്ടെത്തി. പരവൂരില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും സ്കൂബാ ടീമും ചേര്‍ന്ന് മൃതദേഹം കരയ്ക്കെടുത്തു.
പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹ പരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ നിസാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ നിഥിന് നളന്, ജയപ്രകാശ്, പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സംഭവത്തില്‍ പാരിപ്പള്ളി പൊലീസ് കേസെടുത്തു.