പത്തനംതിട്ട: പുലർച്ചെ വീട്ടിൽ നിന്ന്  കണ്ടെത്തി. റാന്നി ചെറുകോൽ അന്ത്യാളൻ കാവിൽ കൊന്നയ്ക്കൽ വീട്ടിൽ സജിയുടെ ഭാര്യ ബ്ലെസി (30)യുടെ മൃതദേഹമാണ് പിഐപി കനാലിന്റെ തോട്ടുങ്കൽപ്പടി ഭാഗത്ത് വെള്ളത്തിൽ കണ്ടെത്തിയത്. വേനൽ ആയതിനാൽ തുറന്നു വിട്ടിരിക്കുന്ന കനാൽ നിറഞ്ഞാണ് ഒഴുകുന്നത്.

വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് കനാലിൽ മൃതദേഹം കണ്ടത്. സജിയുടെ അമ്മ പുലർച്ചെ അഞ്ച് മണിയോടെ എഴുന്നേറ്റ് നോക്കുമ്പോൾ വീടിന്റെ മുൻവശത്തെ കതക് തുറന്ന നിലയിലായിരുന്നുവെന്ന് പറയുന്നു. സജിയെ വിളിച്ചുണർത്തി അന്വേഷിച്ചപ്പോഴാണ് ബ്ലെസിയെ കാണാനില്ലെന്ന് അറിയുന്നത്. അയൽപക്കത്തും ബന്ധുവീടുകളിലും അന്വേഷിച്ച ശേഷം സജി ആറന്മുള സ്റ്റേഷനിൽ തിരോധാനത്തിന് പരാതി നൽകാൻ പോയി.

സജി പൊലീസ് സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്ത് തോട്ടുങ്കൽപ്പടിയിലെ പി.ഐ.പി. കനാലിൽ മൃതദേഹം കണ്ടതായി അറിയുന്നത്. മുമ്പ് ഗൾഫിൽ ജോലി ചെയ്തിരുന്ന സജി ഏതാനും വർഷം മുമ്പാണ് മടങ്ങിയെത്തിയത്. നിലവിൽ ടാങ്കറിൽ വെള്ളമെത്തിക്കുന്ന ജോലിയാണ്. അടൂർ ആർ.ഡി.ഒ യുടെ നിർദ്ദേശ പ്രകാരം കോഴഞ്ചേരി തഹസിൽദാരുടെ സാന്നിധ്യത്തിൽ ആറന്മുള പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മൃതശരീരത്തിൽ മുറിവുകളില്ല, ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ബാംഗ്ലൂരിൽ നിന്നെത്തിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും ആറന്മുള എസ്.എച്ച്.ഒ. പറഞ്ഞു.മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.