പത്തനംതിട്ട: കാണാതായ യുവാവിന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊടുമൺ ഇടത്തിട്ട ഐക്കര മുരുപ്പ് ആതിര ഭവനിൽ ശിവൻകുട്ടിയുടെ മകൻ ആദർശി (21)ന്റെ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട താഴെ വെട്ടിപ്രം മുണ്ടുകോട്ടയ്ക്കൽ ചുറപ്പുറത്തു പുത്തൻവീട്ടിൽ നിന്നും പന്തളം തെക്കേക്കര പാറക്കര ശ്രീനിലയം വീട്ടിൽ വന്നു താമസിക്കുന്ന കൊക്കോ എന്ന് വിളിക്കുന്ന പ്രസാദ് (60) ആണ് അറസ്റ്റിലായത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സ്വകാര്യ കോളജ് വക ഫാമിലെ സുരക്ഷാ ജീവനക്കാരനായ ഇയാളെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടും മൂന്നും പ്രതികളായ അങ്ങാടിക്കൽ തെക്കേക്കര രാജിഭവനിൽ വിനിൽ രാജ്, കുരിയറ തീർത്ഥം വീട്ടിൽ ബിജീഷ് എന്നിവർ ഒളിവിലാണ്. ആദർശിന്റെ മരണം വൈദ്യുതാഘാതമേറ്റാണെന്ന് അറിയാതിരിക്കാൻ മൃതദേഹത്തിന് സമീപത്തു കിടന്ന ചെരുപ്പെടുത്ത് സമീപത്തെ കാട്ടിൽ ഒളിപ്പിച്ചിരുന്നു.

ദീപാവലി ദിവസം വൈകുന്നേരം മുതൽ ആദർശിനെ കാണാതായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് തട്ട മങ്കുഴി തോലൂഴം ശ്രീകൃഷ്ണ പമ്പിന് കിഴക്കുവശത്തുള്ള തോട്ടിൽ മൃതദേഹം കാണപ്പെട്ടത്. തോടിന്റെ കിഴക്കുവശത്തായി മുസ്ലിയാർ കോളേജ് വക ഫാമാണ്. ഇതിന് നാലു ചുറ്റും ഇരുമ്പുകൊണ്ടുള്ള നെറ്റും അതിനോട് ചേർന്ന് വൈദ്യുതി വേലിയും അനധികൃതമായി സ്ഥാപിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. തുടക്കം മുതൽ വൈദ്യുതാഘാതമേറ്റുള്ള മരണം സംശയിച്ചിരുന്നു.

കൊടുമൺ പൊലീസ് മരണത്തിൽ ദുരൂഹത സംശയിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടു പോയത്. തുടർന്നാണ് മരണം വൈദ്യുതാഘാതമേറ്റും വെള്ളത്തിൽ മുങ്ങിയുമാണ് നടന്നതെന്ന് വ്യക്തമായത്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശത്തെ തുടർന്ന് ശാസ്ത്രീയ അന്വേഷണവിഭാഗവും വിരലടയാള വിദഗ്ദ്ധരും ഫോട്ടോഗ്രാഫിക് വിഭാഗവും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വൈദ്യുതാഘാതമേറ്റുള്ള മരണമെന്നാണ് കണ്ടെത്തൽ. മരണകാരണം സംബന്ധിച്ച അഭിപ്രായം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും പൊലീസ് ഉടനടി തേടിയിരുന്നു. മൃതദേഹം കിടന്ന തോടിന് സമീപമുള്ള വൈദ്യുതി വേലിയിൽ കത്തിക്കരിഞ്ഞ നിലയിൽ കറുത്ത നിറത്തിൽ പറ്റിപ്പിടിച്ചിരുന്ന ഭാഗം ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കൃഷിഭൂമിയിൽ തെക്കുപടിഞ്ഞാറ് മൂലയിലുള്ള വൈദ്യുതീകരിച്ച പഴയ കെട്ടിടത്തിലെ ഇലക്ട്രിക് മീറ്ററിന്റെ സമീപം സ്ഥാപിച്ച മെയിൻ സ്വിച്ചിൽ നിന്നും വൈദ്യുതി പുറത്തേക്ക് എടുക്കാൻ വയറുകൾ ഉപയോഗിച്ചതായും പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൂടാതെ കെട്ടിടത്തിന്റെ പുറകുവശത്തെ മോട്ടോർ സ്വിച്ചിലേക്കും വയറുകൾ ബന്ധപ്പെടുത്തിയതും കണ്ടെത്തി.

കൃഷിഭൂമി സൂക്ഷിപ്പുകാരനായ പ്രസാദിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വേലിയിൽ വൈദ്യുതി കടത്തി വിട്ടിരുന്നുവെന്ന് സമ്മതിച്ചത്. മൃതദേഹത്തിൽ കാണപ്പെട്ട ചെരുപ്പ് തൊടിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്ന് പ്രസാദ് എടുത്ത് പൊലീസിന് കൈമാറി. ആദർശ് സ്ഥലത്തെങ്ങനെ എത്തിപ്പെട്ടു എന്നത് സംബന്ധിച്ചും മറ്റുമുള്ള സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അടൂർ ഡിവൈ.എസ്‌പി ആർ. ബിനുവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കൃഷിഭൂമി പാട്ടത്തിനെടുത്തു വേലി നിർമ്മിച്ചതും മറ്റും രണ്ടും മൂന്നും പ്രതികളാണ്. പൊലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവർക്കായി തെരച്ചിൽ നടത്തിവരികയാണ്. അന്വേഷണ സംഘത്തിൽ എസ്‌ഐമാരായ സതീഷ് കുമാർ, അനിൽ കുമാർ, എസ്.സി പി.ഓമാരായ അൻസാർ, ശിവപ്രസാദ്, സി.പി.ഓമാരായ അഭിജിത്, ജിതിൻ, അജിത് എന്നിവരാണുള്ളത്.