- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർക്കിടകത്തിലെ പോലെ കൊടുംചൂടിലും കണ്ണൂരിലെ സ്പാ, മസാജ് പാർലറുകളിൽ വൻതിരക്ക്; നേപ്പാൾ, അസം സംസ്ഥാനങ്ങളിൽ നിന്ന് വനിതാ തെറാപ്പിസ്റ്റുകളെന്ന വ്യാജേന യുവതികളെ കൊണ്ടുവന്ന് പെൺവാണിഭം; ഇന്റർവ്യൂവിന് രഹസ്യഭാഗങ്ങളിൽ തിരുമ്മാൻ ആവശ്യപ്പെടുന്ന ഉടമകൾ; ഉടമകളെ ബ്ലാക്ക്‌മെയിൽ ചെയ്യുന്ന ഗൂണ്ടാ സംഘങ്ങളും
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മസാജ് സെന്ററുകളിലും സ്പാകളിലും ലൈംഗികവ്യാപാരം നടക്കുന്നുണ്ടെന്ന ആരോപണം ശക്തമായിരിക്കെ ഇത്തരം കേന്ദ്രങ്ങൾ നടത്തുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഗുണ്ടാസംഘങ്ങളും സജീവമാകുന്നു. മംഗ്ളൂര്, ബാംഗ്ളൂര് മോദിൽ സ്പാകളാണ് കണ്ണൂർ നഗരത്തിലും ജില്ലയുടെ പലഭാഗങ്ങളിലും പ്രവർത്തിക്കുന്നത്. മലയോരത്തെ ചില ആയുർവേദ റിസോർട്ടുകളുടെ മറവിലും മാംസവ്യാപാരം നടക്കുന്നുണ്ടെന്നാണ് ആരോപണം.
പരമ്പരാഗതമായ തിരുമ്മലും പിഴിച്ചിലും കിഴിവയ്ക്കലും എണ്ണപാത്തിയുമൊക്കെയുണ്ടെന്ന് പറഞ്ഞ് ഓൺ ലൈനിൽ പരസ്യം ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങളിൽ പെൺവാണിഭം നടക്കുന്നുവെന്ന രഹസ്യവിവരം പൊലിസിന് ലഭിച്ചിട്ടുണ്ട്. നേപ്പാളിൽ നിന്നും അസമിൽ നിന്നുമൊക്കെ തെറാപ്പിസ്റ്റുകളെന്ന വ്യാജേനെ കൊണ്ടു വരുന്ന 18നും 26-നും മധ്യേയുള്ള യുവതികളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം സ്പാകളിൽ സുഖചികിത്സ തേടുന്നതിനായി പ്രമുഖരും സമ്പന്നരുമായ ആളുകളാണ് എത്തിച്ചേരുന്നത്. ഉന്നത ഉദ്യോഗസ്ഥരിൽ ചിലരും ഇത്തരം സ്പാകളിലെ നിത്യസന്ദർശകരാണ്.
പൊതുവെ കർക്കിടകമാസമാണ് കേരളത്തിൽ ആയുർവേദചികിത്സ നടക്കാറുള്ളതെങ്കിലും അത്യൂഷ്ണകാലമായ മാർച്ചിൽ അസാധ്യമായ തിരക്കാണ് പല സ്പാ, മസാജ് സെന്ററുകളിലും അനുഭവപ്പെടുന്നത്. കണ്ണൂരിലെ ചില സ്പാകളിൽ ലൈംഗിക ചൂഷണം നടത്തുന്നുവെന്ന ആരോപണം അവിടെ മുൻകാലങ്ങളിൽ ജോലി ചെയ്തവർ തന്നെ ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ പരാതി നൽകിയിട്ടും പൊലിസ് ഇത്തരം സ്പാ ഉടമകൾക്കെതിരെ കേസെടുക്കാൻ തയ്യാറാവുന്നില്ലെന്നാണ് ഇവരുടെ ആരോപണം. തിരുവിതാംകൂറിൽ നിന്നും ജോലി ഒഴിവുണ്ടെന്നു പരസ്യം കണ്ടതിനെ തുടർന്ന് കണ്ണൂരിലെത്തിയ ഒരു വനിതാ തെറാപ്പിസ്റ്റിനോട് ഇന്റർവ്യൂവിന്റെ ഭാഗമായി ഉടമ രഹസ്യഭാഗങ്ങളിൽ തിരുമ്മാൻ ആവശ്യപ്പെട്ടതു വിവാദമായിരുന്നു. ഇതിനെ തുടർന്ന് ഇവർ പൊലിസിൽ പരാതി പറഞ്ഞുവെങ്കിലും നടപടിയെടുത്തില്ലെന്നു ആരോപണമുണ്ട്. ഇതിനിടെ സ്പാകളെയും മസാജ് സെന്ററുകളെയും കേന്ദ്രീകരിച്ചു ഗുണ്ടാ, ക്വട്ടേഷൻ സംഘവും വളർന്നിട്ടുണ്ട്. സംരക്ഷണം നൽകുന്നതിനോടൊപ്പം പണപ്പിരിവും കൊള്ളയടിയും നടത്തുന്ന സംഘങ്ങളാണ് മിക്കതും.
കൊച്ചിയിലെ സ്പാ കേന്ദ്രീകരിച്ചു കൊള്ള നടത്തിയതിന് പരിയാരം പൊലിസ് അറസ്റ്റു ചെയ്ത രണ്ടുപേർ കണ്ണൂർ സ്വദേശികളാണ്. പരിയാരം പൊലിസിനെ വെട്ടിച്ചു രക്ഷപ്പെട്ട ക്വട്ടേഷൻ സംഘത്തിലെ മുഖ്യപ്രതി മംഗ്ളൂരിലേക്ക് കടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തളിപറമ്പ് ഇരിങ്ങൽ സ്വദേശി നിസാമാണ് പരിയാരം പൊലിസിനെ വെട്ടിച്ചു അയൽസംസ്ഥാനത്തേക്ക് കടന്നത്. കൊച്ചിയിൽ സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുന്ന സംഘത്തിലെ മുഖ്യപ്രതിയാണ് ഇയാൾ.
കൊച്ചിയിലെ വൻക്വട്ടേഷൻ സംഘത്തില പ്രധാനിയാണ് നിസാം. ബുധനാഴ്‌ച്ച പുലർച്ചെയാണ് പരിയാരത്തു നിന്നും നിസാമും കൂട്ടാളികളുമായ ശ്രീസ്ഥയിൽ താമസിക്കുന്ന കൊളങ്ങരത്ത് ഷിജിൽ(32) സി പൊയിൽ താമസിക്കുന്ന അബ്ദുവിനെയും പരിയാരം എസ്. ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പുലർച്ചയോടെ പൊലിസിനെ വെട്ടിച്ചു പ്രതികൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു. പകുതി വഴിയിൽ വെച്ചു ഷിജിലിനെയും അബ്ദുവിനെയും പൊലിസ് പിടികൂടുകയായിരുന്നു. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ കണ്ണികളായ ഇവർ സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്നത് പതിവാണെന്ന് പൊലിസ് പറഞ്ഞു.
കൊച്ചി കടവന്ത്ര പൊലിസ് തെരച്ചിൽ തുടങ്ങിയതോടെയാണ് ഇവർ നാട്ടിലെത്തി ഒളിച്ചു താമസിച്ചത്. കണ്ണൂർ റൂറൽ കമ്മിഷണർ ഹേമലതയ്ക്കു ലഭിച്ചവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിയാരം പൊലിസ് ഇവരെ നിരീക്ഷിച്ചതിനു ശേഷമാണ് ബുധനാഴ്‌ച്ച പുലർച്ചെ ഇവരുടെ താമസസ്ഥലത്ത് പിടികൂടാനെത്തിയത്. ഇതിനിടെ ബൈക്കുകളിൽ രക്ഷപ്പെടാൻ ശ്രമിച്ച ഷിജിത്തും അബ്ദുവും പിടിയിലാവുകയായിരുന്നു. ഒരുമണിക്കൂറോളം പിൻതുടർന്നാണ് പരിയാരം പ്രിൻസിപ്പൽ എസ്. ഐ പി.സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ അതിസാഹസികമായി പിടികൂടിയത്.
ഇതിനിടെയിൽ മറ്റൊരു ബൈക്കിൽ നിസാം മംഗളൂര് ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ നിസാമിനെ രക്ഷപ്പെടാൻ സഹായിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പരിയാരം പൊലിസ് പറഞ്ഞു. എ. എസ്. ഐ വനജ, സീനിയർ സി.പി.ഒ മാരായ നൗഫൽ, അഷ്റഫ്, സോജി അഗസ്റ്റിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പിടിയിലായ അബ്ദുവിനെയും ഷിജിലിനെയു കടവന്ത്ര എസ്. ഐ മിഥുനിന് കൈമാറി ഇവരെ കൊച്ചിയിലേക്ക് കൊണ്ടു പോയി. സംസ്ഥാനത്തെ കൊച്ചിയുൾപ്പെടെയുള്ള വൻനഗരങ്ങളിൽ മസാജ്, സ്പാ സെന്ററുകൾ നടത്തിവരികയായിരുന്നവരെ ഭീഷണിപ്പെടുന്ന പണം വാങ്ങുകയാണ് ഇവരുടെ രീതിയെന്നു പൊലിസ്പറഞ്ഞു. ഇവരുടെ കൊള്ളയ്ക്ക് പലരും ഇരയായിട്ടുണ്ടെങ്കിലും പരാതി ലഭിക്കാത്തതിനാൽ കേസെടുക്കാൻ കഴിഞ്ഞിരുന്നില്ല.




