കോയമ്പത്തൂർ: കോയമ്പത്തൂരിലുണ്ടായ കാർ ബോംബ് സ്‌ഫോടനം ചാവേർ ആക്രമണമെന്ന് വ്യക്തമാക്കുന്ന കൂടുതൽ സൂചനകൾ പുറത്ത്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമീഷ മുബിൻ ചാവേർ ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതൽ സൂചനകളാണ് പുറത്തുവരുന്നത്. സ്ഫോടനത്തിൽ മരിച്ച മുബിൻ സംഭവത്തിന് തൊട്ടുമുമ്പ് വാട്സ്ആപ്പിൽ പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് മരണത്തെക്കുറിച്ചുള്ളതായിരുന്നു. ''എന്റെ മരണ വാർത്ത അറിയുമ്പോൾ ക്ഷമിക്കൂ ' എന്നായിരുന്നു ജമീഷ മുബിന്റെ സ്റ്റാറ്റസ്. സംഭവത്തിൽ ഗൗരവമേറിയ അന്വേഷണം പുരോഗമിക്കുകയാണ്.

ഉക്കടം കാർ ബോംബ് സ്‌ഫോടനം ആസൂത്രിതമെന്നാണ് പൊലീസ് നിഗമനം. തീവ്രവാദ ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. സ്‌ഫോടനം നടക്കുന്നതിന് തൊട്ടു മുമ്പ് ജമേഷ മുബീൻ പങ്കുവച്ച വാട്‌സ്ആപ്പ് സ്റ്റാറ്റസാണ് ചാവേർ ആക്രമണ സംശയം ബലപ്പെടുത്തുന്നത്. എന്റെ മരണ വിവരം അറിഞ്ഞാൽ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം, സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു പ്രാർത്ഥിക്കണം എന്നായിരുന്നു ഉള്ളടക്കം. ഇതിനു പുറമെ ജമീഷ മുബീന്റെ മൃതദേഹത്തിൽ നിന്ന് കത്താൻ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം കണ്ടെത്തി. 13 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ജമീഷിന്റെ വീട്ടിൽ നിന്നു കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, പ്രധാന സർക്കാർ ഓഫീസുകൾ എന്നിവയുടെ വിവരവും സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം സ്‌ഫോടനക്കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ചെന്നൈയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി ഇരൈ അൻപ്, ഡിജിപി ശൈലേന്ദ്രബാബു, ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഇന്റലിജൻസ് മേധാവി ഡേവിഡ്സൺ ദേവാശിർവാദം മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കോയമ്പത്തൂർ നഗരത്തിന്റെ സുരക്ഷ കൂട്ടാനും യോഗത്തിൽ തീരുമാനമായി. കരുമ്പുക്കട, സുന്ദരപുരം, ഗൗണ്ടംപാളയം എന്നിവിടങ്ങളിൽ ഉടൻ പുതിയ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ദൗത്യസേന രൂപീകരിക്കും. രഹസ്യാന്വേഷണ വിഭാഗത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. സംസ്ഥാനത്തെ ജനസാന്ദ്രത കൂടിയ നഗരങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അന്വേഷണം ഇന്ന് തന്നെ എൻഐഎ ഏറ്റെടുക്കാനാണ് സാധ്യത. അറസ്റ്റിലായ അഞ്ച് പ്രതികളെയും എൻഐഎ ചോദ്യം ചെയ്തു. എൻഐഎ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ചർച്ച നടത്തി. സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാൻ എൻഐഎ ഡിഐജി കെ.ബി.വന്ദന, എസ്‌പി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള എൻഐഎ സംഘം കോയമ്പത്തൂരിലെത്തി.

ബുധനാഴ്ച രാവിലെയോടെ സ്ഫോടനം നടന്ന സ്ഥലത്തെത്തി എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ദേശീയ അന്വേഷണ ഏജൻസിയുടെ ദക്ഷിണേന്ത്യൻ മേധാവിയായ കെ.ബി വന്ദന കോയമ്പത്തൂരിലെ കമ്മീഷണർ ഓഫീസിൽ എത്തുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു

അറസ്റ്റിലായ പ്രതികളിൽ ഒരാളായ ഫിറോസ് ഇസ്മായിലിനെ ഐഎസ് ബന്ധത്തെ തുടർന്നാണ് ദുബായിൽ നിന്ന് മൂന്നു വർഷം മുമ്പ് തിരിച്ചയക്കപ്പെട്ടതെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രതികളിൽ ചിലരുടെ കേരള സന്ദർശനത്തിന്റെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

കേസിൽ അറസ്റ്റിലായ അഞ്ച് പേർക്കെതിരെ പൊലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന്റെ കൂട്ടാളികളാണ് അറസ്റ്റിലായ പ്രതികൾ. സ്ഫോടനം ചാവേർ ആക്രമണമായിരുന്നുവെന്ന സൂചനകൾ ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയാണ് കേസന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ തമിഴ്‌നാട് സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്. കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിൽ കഴിഞ്ഞ ദിവസമായിരുന്നു കാർ സ്ഫോടനമുണ്ടായത്.