തിരുവനന്തപുരം: യു പ്രതിഭ എംഎല്‍എയുടെ മകന്‍ കഞ്ചാവ് കേസില്‍ പിടിയിലായതോടെ കേരളത്തിലെ യുവാക്കള്‍ക്ക് ഇടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന കാര്യവും ചര്‍ച്ചകളില്‍ നിറയുകയാണ്. ലഹരിയുടെ ലോകത്ത് പുതിയ വഴികളാണ് ഇപ്പോള്‍ യുവാക്കള്‍ തേടുന്നത്. ബീഡിയില്‍ തെറുത്ത് കഞ്ചാവ് വലിക്കുന്ന പഴയ തലമുറയുടെ ശൈലിയല്ല പുതിയ തലമുറക്കുള്ളത്. കഞ്ചാവ് വലിക്കാന്‍ യുവാക്കള്‍ ഇന്ന് പലതരത്തിലുള്ള മാര്‍ഗ്ഗങ്ങളാണ് തേടുന്നത്.

യു പ്രതിഭമയുടെ മകന്‍ കനിവ് ഉള്‍പ്പെട്ട കഞ്ചാവ് കേസില്‍ യുവാക്കള്‍ ലഹരി നുകര്‍ന്നത് പുതുശൈലിയിലാണ്. ഇതില്‍ പപ്പായ തണ്ടാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എക്‌സൈസ് റിപ്പോര്‍ട്ടില്‍ യുവാക്കള്‍ കഞ്ചാവ് ഉപയോഗിച്ചത് പപ്പായ തണ്ട് ഉപയോഗിച്ചാണ് എന്നാണ്.

സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ്, കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതം, പള്ള ഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയെന്നും എഫഐആറില്‍ പറയുന്നത്.

ഇങ്ങനെ കഞ്ചാവ് വലിക്കുന്നത പപ്പായതണ്ട് ഉപയോഗിച്ചാണ്. കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതം 500 മില്ലിഗ്രാം പിടികൂടിയതിനൊപ്പം മറ്റ് രണ്ട് വസ്തുക്കള്‍ കൂടി എക്‌സൈസ് കസ്റ്റഡിയിലെടുത്ത വസ്തുക്കളുടെ പട്ടികയില്‍ പറയുന്നു. ''പള്ള ഭാഗത്ത് ദ്വാരമുള്ള 200 mlന്റെ പ്ലാസ്റ്റിക് കുപ്പിയും പച്ച പപ്പായ തണ്ട് 4 ഇഞ്ച് നീളത്തില്‍ 1 Nos' -ഇങ്ങനെയാണ് കുട്ടനാട് സിഐയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഒക്കറന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാട്ടുകാരായ രണ്ടു പേരെ സാക്ഷികളായും ചേര്‍ത്തിട്ടുണ്ട്.

പപ്പായ തണ്ട് കടത്താന്‍ പാകത്തില്‍ ദ്വാരമിട്ട പ്ലാസ്റ്റിക് കുപ്പിയില്‍ ഇട്ട് കഞ്ചാവ് പുകയ്ക്കുകയാണ് ചെയ്യുന്നത്. സംഘത്തിലെ ആളുകളുടെ എണ്ണം അനുസരിച്ചാണ് അനുസരിച്ച് കുപ്പിക്ക് ദ്വാരമിടാം. ഇതോടെ സംഘം ചേര്‍ന്ന് ഒരേസമയം പുക വലിക്കാം എന്നതാണ് സൗകര്യം. ഉള്ളു പൊള്ളയായ പപ്പായ തണ്ടാണ് ഇതിന് നല്ലത്. ഇക്കാരണം കൊണ്ട് തന്നെ പപ്പായക്ക് ഇത്തരം ചെറുപ്പക്കാരുടെ ഇടയില്‍ വന്‍ ഡിമാന്റാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നു. ഒരുമിച്ച് ലഹരി നുണയുന്ന കിക്കും കിട്ടുമെന്നാണ് എക്‌സൈസുകാര്‍ വ്യക്തമാക്കുന്നത്.

പപ്പായ തണ്ട് ഉപയോഗിച്ചുള്ള കഞ്ചാവ് വലി മറ്റ് രോഗങ്ങള്‍ക്കും വഴിവെക്കുമെന്ന വിധത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും അടുത്തിടെ പറഞ്ഞിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു യുവാക്കള്‍ മരിച്ച സംഭവത്തിലാണ് ഇത്തരമൊരു സംഭവം മന്ത്രി പറഞ്ഞത്. കുളത്തില്‍ നിന്ന് ശേഖരിച്ച വെള്ളത്തില്‍ ലഹരി കലര്‍ത്തി വലിച്ചവര്‍ക്കാണ് രോഗബാധ ഉണ്ടായതെന്നും ഇതിന് തെളിവുണ്ടെന്നും പറഞ്ഞ മന്ത്രി അന്ന് പറഞ്ഞിരുന്നു. പപ്പായത്തണ്ട് കൊണ്ട് ലഹരി വലിക്കുന്ന രീതിയാണ് ഇവിടെ ബാക്ടീരിയ ബാധക്ക് വഴിവെച്ചതെന്ന സൂചനാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.

ഇപ്പോള്‍ യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവും കഞ്ചാവ് ഉപയോഗിച്ചത് സമാന മാര്‍ഗ്ഗത്തിലാണ്. കനിവ് ഉള്‍പ്പടെ ഒന്‍പതുപേര്‍ കഞ്ചാവുമായി കഴിഞ്ഞ ദിവസമാണ് എക്‌സൈസിന്റെ പിടിയിലായത്.. കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ ജാമ്യത്തില്‍ വിട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഫ്തിയില്‍ എത്തിയാണ് കുട്ടനാട് എക്‌സൈസ് സംഘം കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ച എക്‌സൈസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നേരത്തെ മകന്‍ കഞ്ചാവ് കേസില്‍ പിടിയിലായിട്ടില്ലെന്നായിരുന്നു എംഎല്‍എ വാദിച്ചത്. എന്നാല്‍, എക്‌സൈസ് കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ഈ വാദങ്ങളെല്ലാം തെറ്റി. NDPS ആക്ട് 27-ാം വകുപ്പ് പ്രകാരമാണ് കേസ്. ഇന്നലെ ഉച്ചയ്ക്കാണ് തകഴി പുലിമുഖം ബോട്ട് ജെട്ടിക്ക് സമീപം കഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരിക്കേ എം എല്‍ എയുടെ മകന്‍ കനിവ് അടക്കം 9 യുവാക്കളെ കുട്ടനാട് റേഞ്ച് എക്‌സൈസ് സംഘം പിടി കൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കണ്ടെത്തിയ കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാല്‍ ഇവരെ ജാമ്യത്തില്‍ വിട്ടു.

മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ് ബുക്ക് ലൈവിലൂടെ യു. പ്രതിഭ എംഎല്‍എ രംഗത്ത് എത്തിയിരുന്നു. മാധ്യമങ്ങള്‍ നല്‍കിയത് കള്ളവാര്‍ത്ത ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎല്‍എ യുടെ മുന്നറിയിപ്പ്.