പത്തനംതിട്ട: റോഡിലിറങ്ങുമ്പോൾ ചില വാഹനങ്ങൾ പലതരത്തിലാണ് നിയമലംഘനങ്ങൾ നടത്തുന്നത്. അധികൃതർ ഇപ്പോൾ റോഡ് അപകടങ്ങൾ കുറയ്ക്കാൻ നിരവധി മാർഗങ്ങളാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ റോഡിലെ പരിശോധനയും ശക്തമാക്കിയിരിക്കുകയാണ്.

ഇതെല്ലാം ചെയ്യുന്നത് തന്നെ ജനങ്ങൾ സുരക്ഷയ്ക്ക് വേണ്ടിയാണ്. പക്ഷെ ചിലരാകട്ടെ നിയമത്തെ വെല്ലുവിളിച്ച് റോഡിൽ വാഹനങ്ങളുമായി ഇറങ്ങുന്നു. അങ്ങനെ ഒരു സംഭവമാണ് പത്തനംതിട്ടയിൽ നടന്നിരിക്കുന്നത്.

മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി, അപകടകരമായ തരത്തിൽ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ശബരിമല തീർത്ഥാടകരുടെ യാത്രയ്ക്കായാണ് വാഹനത്തിൽ വലിയ തരത്തിൽ മാറ്റം വരുത്തി ഇവർ റോഡിലിറക്കിയത്. യാത്രയ്ക്കിടെ ഇലവുങ്കലിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്തു.

കൊല്ലം സ്വദേശികളായ ശബരിമല തീർത്ഥാടകരാണ് ഓട്ടോയിൽ സഞ്ചരിച്ചത്. ക്ഷേത്ര ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയിൽ കെട്ടിവെച്ചിരുന്നു. ഓട്ടോറിക്ഷയുടെ വലിപ്പവും കവിഞ്ഞ് വശങ്ങളിൽ ഏറെ പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിലായിരുന്നു ഈ അലങ്കാരമെല്ലാം. ഇത് മൂന്ന് ചക്രങ്ങൾ ഉള്ള വാഹനം എങ്ങനെ ബാലൻസ് ചെയ്യുമെന്നും ചിലർ ചോദിക്കുന്നു.

അപകടമുണ്ടാക്കും വിധം വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നേരത്തെ ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം ഉണ്ടായിരുന്നു. ഇനിയും ഇതുപോലെ ശക്തമായ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.