കൊച്ചി : മോക്ഷ ആയുര്‍വേദ സ്പായുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രത്തിന്റെ ഉടമ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തൃശൂര്‍ സ്വദേശി പ്രവീണ്‍. ഇയാള്‍ രാജ്യത്തെ സെക്‌സ് റാക്കറ്റിന്റെ മുഖ്യകണ്ണിയാണ്. കൊച്ചിയില്‍ കൂടുതല്‍ ഇടങ്ങളിലും സംഘം അനാശാസ്യ കേന്ദ്രങ്ങള്‍ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

സമൂഹമാധ്യമങ്ങളിലടക്കം പരസ്യം നല്‍കിയായിരുന്നു ഇടപാടുകള്‍. വിവിധ ജില്ലകളില്‍ നിന്നുള്ള നൂറിലേറെ മലയാളി യുവതികളാണ് കേന്ദ്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യുവതികളെ എത്തിച്ച് ആവശ്യകാര്‍ക്ക് കൈമാറിയിരുന്നതായും വിവരമുണ്ട്. സ്പായുടെ മറവില്‍ നടത്തിയ അനാശാസ്യ കേന്ദ്രത്തിലൂടെ നടന്നത് കോടികളുടെ ഇടപാടാണ്. നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീണിന്റെ അക്കൗണ്ടില്‍ എത്തിയത് ഏതാണ്ട് 1.68 കോടിയോളം രൂപയാണ്. പിടിയിലായ ഈ പ്രവീണിനെ നിയന്ത്രിക്കുന്നത് മുംബൈയിലെ തൃശൂര്‍ സ്വദേശിയായ പ്രവീണ്‍. ഈ പ്രവീണിനെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കോള്‍ സെന്ററിന് സമാനമായ പ്രവര്‍ത്തനത്തിലൂടെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പ്രവീണ്‍ ഏകോപിപ്പിച്ചിരുന്നത്. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കലാഭവന്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന മോക്ഷ സ്പായില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പന്ത്രണ്ട് പേര്‍ പിടിയിലായിരുന്നു. നഗരത്തിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രമായ മോക്ഷ സ്പായില്‍ മൂന്ന് മാസത്തിലേറെ നീണ്ട നിരീക്ഷണത്തിനൊടുവിലിരുന്നു നടപടി. എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ സംഘത്തെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ പിടിയിലായിരുന്നു. കൊച്ചി ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബ്രിജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കും അനാശാസ്യ കേന്ദ്രത്തിന്റെ ലാഭ വിഹിതമായി ലക്ഷങ്ങള്‍ ലഭിച്ചിരുന്നു

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഡ്രീംലാന്‍ഡ് റസിഡന്‍സിയെന്ന ലോഡ്ജില്‍ നിന്ന് ഉടമസ്സ്ഥനും അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയും പൊലീസ് പിടിയിലായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതില്‍ നിന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തേക്ക് വരുന്നത്. എ.എസ്.ഐ രമേശിനും സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബ്രിജേഷിനും അനാശാസ്യ കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക ലാഭത്തിന്റെ പങ്ക് ലഭിച്ചിരുന്നു. അറസ്റ്റിലായ എഎസ്‌ഐ രമേശ് നേരത്തെയും അച്ചടക്ക നടപടി നേരിട്ടയാളാണ്.

അനാശാസ്യ കേന്ദ്രം നടത്തിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥരുടെ ബിനാമികളായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. പിടിയിലായവരുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുകയാണ്.