കോഴിക്കോട്: കോഴിക്കോട് ഷോപ്പിങ് മാളിൽ സിനിമാ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ യുവനടിമാർക്ക് നേരേ ഉണ്ടായ ലൈംഗികാതിക്രമത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. സംശയത്തിന്റെ പേരിൽ ഒരാളെ ചോദ്യംചെയ്തു. എന്നാൽ ഇയാളാണോ പ്രതിയെന്ന് ഉറപ്പിക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കണ്ടാലറിയാവുന്ന രണ്ടുപേരാണ് അതിക്രമത്തിനുപിന്നിലെന്ന് നടിമാർ മൊഴിനൽകിയിരുന്നു. .

മാളിൽ നടന്ന സിനിമാ പ്രൊമോഷൻ പരിപാടിയുടെ പരമാവധി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സിനിമാ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി പലരും പകർത്തിയ ദൃശ്യങ്ങളാണ് പൊലീസ് കഴിഞ്ഞദിവസങ്ങളിൽ ശേഖരിച്ചത്. ഇതിനുപുറമേ മാളിലെ വിവിധ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. മാളിലെ വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. വൻ ആൾക്കൂട്ടമാണ് സംഭവസമയത്ത് മാളിലുണ്ടായിരുന്നത്.

കേസിൽ കഴിഞ്ഞദിവസം രണ്ട് നടിമാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി കോഴിക്കോട് ഹൈലൈറ്റ് മാളിൽനടന്ന ചടങ്ങിന് പിന്നാലെയാണ് യുവനടിമാർക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കാണ് യുവനടിമാരും നടന്മാരും അടങ്ങുന്ന സംഘം മാളിലെത്തിയത്. വൻ ജനക്കൂട്ടമാണ് പരിപാടി കാണാനായി മാളിൽ തടിച്ചുകൂടിയിരുന്നത്. ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവനടിമാർക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്.

അതിക്രമം കാട്ടിയ ഒരാളെ നടിമാരിൽ ഒരാൾ മുഖത്തടിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിതന്നെ കോഴിക്കോട്ടുനിന്ന് മടങ്ങിയ രണ്ടുനടിമാരെയും അവരിപ്പോഴുള്ള എറണാകുളത്തും കണ്ണൂരുമെത്തി നേരിട്ടുകണ്ട് പൊലീസ് സംഘം മൊഴിയെടുത്തു. വനിതാസെൽ സിഐ. ഉഷയുടെയും എസ്‌ഐ.യുടെയും നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.

സംഭവത്തിന് ശേഷം അതിക്രമത്തിന് ഇരയായ നടിമാരിൽ ഒരാൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ തന്നെ കയറിപ്പിടിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. മരവിപ്പിക്കുന്ന അനുഭവമാണുണ്ടായതെന്നും എവിടെയാണ് കയറിപ്പിടിച്ചതെന്ന് പറയാൻ അറപ്പുതോന്നുകയാണെന്നും ഇത്രയും ഫ്രസ്‌ട്രേറ്റഡ് ആയിട്ടുള്ളവരാണോ നമുക്ക് ചുറ്റുമുള്ളതെന്നും നടി ചോദിച്ചിരുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പലയിടങ്ങളിലും പോയിട്ടും അവിടെയൊന്നും ഉണ്ടാകാത്ത വൃത്തികെട്ട അനുഭവമാണ് കഴിഞ്ഞദിവസമുണ്ടായതെന്നും നടി പറഞ്ഞിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പടെ രണ്ട് ജാമ്യാമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവം നടന്ന കോഴിക്കോട്ടെ മാളിലെ സിസിടിവി ദൃശ്യങ്ങൾ ഡിസിപി യുടെ നേതൃത്വത്തിൽ ഇന്നലെ പരിശോധിച്ചിരുന്നു. നടിമാർക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിനെതിരെ വിവിധ മേഖലകളിലുള്ളവർ വിമർശനമുന്നയിച്ച് രംഗത്തെത്തി.