കണ്ണൂർ : കണ്ണൂരിൽ വാട്ടർ തീം പാർക്കിൽ വച്ച് യുവതിയെ ശല്യം ചെയ്ത അദ്ധ്യാപകൻ റിമാൻഡിൽ. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി ഇഫ്തിക്കർ അഹമ്മദ് (51) ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തളിപ്പറമ്പ് പൊലീസ് ഇഫ്തിക്കറിനെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് പാർക്കിന്റെ വാട്ടർ വേവ് പൂളിൽ വച്ച് ഇഫ്തിക്കർ ശല്യപ്പെടുത്തിയെന്നാണ് യുവതി പരാതി നൽകിയത്. യുവതി പരാതിപ്പെട്ടതിനെ തുടർന്ന് പാർക്ക് അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. കുടുംബസമേതമാണ് ഇഫ്തിക്കർ അഹമ്മദ് പാർക്കിൽ എത്തിയത്.

മലപ്പുറം സ്വദേശിനിയായ 22 വയസുകാരിയെ ഇയാൾ കടന്നു പിടിച്ചുവെന്ന പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ കേന്ദ്ര സർവകലാശാല ക്യാംപസിൽ നിന്നും വിദ്യാർത്ഥിനികൾക്കെതിരെ അപമര്യാദയായി പെരുമാറിയതിന് ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നു. മുപ്പതോളം വിദ്യാർത്ഥിനികളാണ് പരാതി നൽകിയത്. എന്നാൽ ഇതിൽ നിന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു രക്ഷപ്പെട്ട ഇയാൾ വീണ്ടും ലൈംഗിക അതിക്രമം നടത്തിയതിനാണ് അറസ്റ്റിലായത്.

നേരത്തെ കണ്ണൂർ നഗരത്തിലെ ഒരു പാരലൽ കോളേജിൽ ഇംഗ്‌ളീഷ് അദ്ധ്യാപകനായിരുന്നു ഇഫ്തിക്കർ അഹമ്മദ്. അക്കാലത്തും പി.ജി വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന് ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നു. ഇതിനു ശേഷം ചില ഗവ. കോളേജുകളിലും താൽക്കാലിക അദ്ധ്യാപകനായി ഇയാൾ ജോലി ചെയ്തിരുന്നു. അവിടൊക്കെ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നു ആരോപണം ഉയർന്നിരുന്നു.

പിന്നീട് ഗൾഫിലേക്ക് പോയി വർഷങ്ങൾ കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണ് ഇയാൾ കേന്ദ്ര സർവകലാശാലയിൽ പ്രൊഫസറായി ജോലിക്ക് കയറിയത്. കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥിനികളുടെ പരാതിയിൽ പൊലിസ് കേസെടുത്തിരുന്നുവെങ്കിലും രാഷ്ട്രീയ ഇടപെടൽ കാരണം ഇഫ്തിക്കർ അഹമ്മദ് ജോലിയിൽ തുടരുകയായിരുന്നു.