- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ലക്ഷം നൽകിയാൽ നാലു മാസത്തിന് ശേഷം എട്ടുലക്ഷം രൂപ റൊക്കം പണമായി നൽകാമെന്നും വാഗ്ദാനം! മറ്റു ചിലർക്ക് നൽകിയത് എട്ട് ലക്ഷത്തിന്റെ വീടു വച്ചു നൽകുമെന്നും; വ്യാജ വാഗ്ദാനത്തിൽ മയങ്ങി വീണവർ തട്ടിപ്പിന് ഇരയായി; മഞ്ചേരിയിൽ കെട്ടിടത്തിനുള്ളിൽ നിന്നും കണ്ടെടുത്തത് 58 ലക്ഷം രൂപ
മലപ്പുറം: രണ്ടു ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്താൽ നാലുമാസത്തിന് ശേഷം എട്ടുലക്ഷമായി തിരികെ നൽകും. മറ്റു ചിലരോട് രണ്ടു ലക്ഷം നൽകിയാൽ നാലുമാസത്തിനു ശേഷം എട്ടു ലക്ഷത്തിന്റ വീട് വെച്ച് നൽകാമെന്നും ഓഫർ. മലപ്പുറത്ത് വ്യാജ വാഗ്ദാനം നൽകി പലരിൽ നിന്നായി ഫണ്ടുകൾ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘം 58 ലക്ഷം രൂപയുമായി പിടിയിൽ. മഞ്ചേരിയിൽ മുട്ടിപ്പാലം മേഖലയിലെ കെട്ടിടത്തിൽനിന്നാണ് അരക്കോടിയോളം രൂപയുമായി സംഘം പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രാമപുരം പെരുമ്പള്ളി ഹൗസിൽ മുഹമ്മദ് ഷഫീഖ്(31), താഴെക്കോട്, മാട്ടറക്കൽ കാരംകോടൻ മുഹമ്മദ് അബ്ദുൽ ജബ്ബാർ(39), പെരിന്തൽമണ്ണ ആലിപ്പറമ്പ തോണിക്കടവിൽ ഹുസൈൻ(31), പാലക്കാട് അലനല്ലൂർ കർക്കടാംകുന്ന് ഉണ്ണിയാലിൽ ചുണ്ടയിൽ അബ്ദുറഹിമാൻ(47) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നതായും രാത്രിസമയത്ത് നിരവധി പേർ വന്നുപോകുന്നതായും പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. അരക്കോടി രൂപയോടൊപ്പം ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നോട്ടെണ്ണുന്ന മെഷീൻ ഉൾപ്പെടെയാണ് കണ്ടെടുത്തത്. കൂടാതെ റസീറ്റ് ബുക്കുകൾ, കരാർ പേപ്പറുകൾ, വിവിധ രേഖകൾ എന്നിവയും പൊലീസ് പിടികൂടി.വ്യാജ വാഗ്ദാനം നൽകി പലരിൽ നിന്നായി ഫണ്ടുകൾ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. അഅങ്ങാടിത്തുറ സ്വദേശിയായ മുഹമ്മദ് ഷഫീഖ്, കരിങ്കൽത്താണി സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാർ, പെരിന്തൽമണ്ണ സ്വദേശി ഹുസൈൻ, അരനല്ലൂർ സ്വദേശി ഷൗക്കത്തലി എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്.
പരിശോധനയ്ക്കായി പൊലീസ് എത്തിയപ്പോൾ കെട്ടിടത്തിനുള്ളിൽ നിന്നും ഒരാൾ ഓടി രക്ഷപ്പെട്ടിരുന്നു. പത്രമാധ്യമങ്ങൾ വഴിയും മറ്റും പരസ്യം ചെയ്ത് ആളുകളെ വരുത്തി സംഭാവനകൾ കൂപ്പൺ വഴിയും, മുദ്ര പേപ്പർ വഴിയുമാണ് സംഘം ശേഖരിച്ചിട്ടുള്ളതെന്നും. ഒരു ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ വാങ്ങിക്കുകയും പകരം 2 ലക്ഷം തന്നവർക്ക് 4 മാസത്തിനു ശേഷം 8 ലക്ഷത്തിന്റ വീട് വെച്ച് നൽകുമെന്ന് പറയുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പണം നൽകിയ ആരും തന്നെ പരാതിയുമായി വന്നിട്ടില്ല. പണം നൽകിയ ചില ആളുകൾക്ക് വീടുകൾവച്ച് നൽകിയിട്ടുണ്ടെന്നും അറിയുന്നു.
അവർ വഴിയുള്ള മൗത്ത് പബ്ലിസിറ്റിയിലൂടെ ആകൃഷ്ടരായി ആണ് കൂടുതൽ ആളുകൾ പണം ഡെപ്പോസിറ്റ് ചെയ്യാൻ എത്തുന്നത്. പൊലീസ് പരിശോധന നടക്കുന്ന സമയത്തും ഒന്ന് രണ്ട് പേർ പണം ഡെപ്പോസിറ്റ് ചെയ്യാൻ വന്നിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചിലരോട് 2-ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്താൽ 4-മാസത്തിന് ശേഷം 8-ലക്ഷം രൂപ റൊക്കം പണമായി നൽകാം എന്ന് വാഗ്ദാനം ചെയ്തതായി അറിയുന്നു. കഴിഞ്ഞ ദിവസം ഡെപ്പോസിറ്റ് ആയി സ്വീകരിച്ച പണത്തിൽ 30-ലക്ഷത്തിൽ പരം രൂപ രണ്ടാം പ്രതിയായ മുഹമ്മദ് അബ്ദുൽ ജബ്ബാർ എന്നയാളുടെ പെരിന്തൽമണ്ണ ലിമിറ്റിൽ കരിങ്കൽ അത്താണി ഉള്ള വീട്ടിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്ന വിവരത്തെ തുടർന്ന് പുലർച്ചെ പെരിന്തൽമണ്ണ പൊലീസിന്റെ സഹായത്തോടെ ടിയാന്റെ വീട്ടിൽ നിന്നും 30,70, 000/ (30ലക്ഷത്തി 70,000) രൂപ കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി. ശേഷം മഞ്ചേരി കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.