കണ്ണൂർ: പരിചയക്കാരിക്ക് സ്വർണവും പണവും വായ്പനൽകി വഞ്ചനയ്ക്കിരയായ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസിൽ നിന്നും നീതിലഭിക്കുന്നില്ലെന്നു വീട്ടമ്മയുടെ പരാതി. തന്നെ പെൺഗുണ്ടയായി ചിത്രീകരിച്ചു പണവും സ്വർണവും കടംവാങ്ങിയ സ്ത്രീയും ഇവരെ സഹായിക്കുന്ന വ്യാജ അഭിഭാഷകനും വേട്ടയാടുകയാണെന്നും ഇവർ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതിനാൽ തനിക്ക് ജീവിക്കാൻ കഴിയുന്നില്ലെന്നും താവക്കര ഒയാസിസ് അപാർട്ട്മെന്റിൽ താമസിക്കുന്ന പി.സി റസിയ കണ്ണൂർ പ്രസ് ക്ളബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഇതിനെതിരെ കണ്ണൂർ ടൗൺ പൊലിസ് ഇൻസ് പെക്ര് വിനു മോഹന് പരാതി നൽകിയിട്ടും നടപടിയെടുക്കാൻ തയ്യാറാകുന്നില്ല. സ്ത്രീകൾ പരാതിയുമായി ടൗൺ സ്റ്റേഷനിൽ ചെന്നാൽ സി. ഐ മുഖം കൊണ്ടു ഗോഷ്ഠി കാണിക്കുകയും പരാതി കൈക്കൊണ്ടു തട്ടികളിക്കുകയുമാണെന്ന് റസിയ ആരോപിച്ചു. നിന്റെയൊന്നും പരാതിവാങ്ങാനല്ല ഞാനിവിടെ ഇരിക്കുന്നതെന്നും തനിക്കിവിടെ വേറെ പണിയുണ്ടെന്നുംതാൻ കൊടുത്ത പരാതിയിൽ കേസെടുക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രിക്ക് പോയി പരാതികൊടുക്കൂവെന്നാണ് സി. ഐ പറയുന്നതെന്നും റസിയ ആരോപിച്ചു. തനിക്ക് മാത്രമല്ല കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലെത്തുന്ന മിക്ക സ്ത്രീകളോടും സി. ഐ അപമര്യാദയായാണ് പെരുമാറുന്നത്. പൊലിസിൽ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തിൽ താൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നേരിട്ടുപരാതി നൽകുമെന്നും റസിയ പറഞ്ഞു.

നേരത്തെ തോട്ടട അമ്മുപറമ്പിൽ താമസിക്കുന്ന കണ്ണൂർ നീർച്ചാൽ സ്വദേശിനിയായ സീനത്തിനാണ് നാലുലക്ഷം രൂപയും അഞ്ചുപവനും വായ്പയായി കൊടുത്തത്. ഇവർക്ക് സഹകരണബാങ്കിലുണ്ടായ വായ്പ പുതുക്കാനാണ് അടുത്ത പരിചയമുള്ളതു കൊണ്ടു പണം കൊടുത്തു സഹായിച്ചത്. വായപ പുതുക്കിപത്തുലക്ഷം രൂപ വീണ്ടുമെടുത്താൽ തന്റെ ബാധ്യത തീർക്കുമെന്നു പറഞ്ഞിരുന്നു. തന്റെ ഫ്ളാറ്റിൽ വന്നാണ് സ്വർണം വാങ്ങിയത്. പണം വായ്പയായി നൽകിയത് ബാങ്ക് അക്കൗണ്ടുവഴിയാണ്. ഇതിനൊക്കെ കൃത്യമായ തെളിവുകളുണ്ട്.

എന്നാൽ തനിക്കു സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ ഇവർ കൊടുത്ത പണവും തിരിച്ചു നൽകിയില്ലെന്നും ഇതു ചോദിക്കാൻ ചെന്ന തന്നെ പള്ളിക്കുന്നിലെ അഭിഭാഷകനായ അജിത്തുമായി ചേർന്നു വീടാക്രമിച്ചുവെന്നു പറഞ്ഞു കള്ളക്കേസിൽ കുടുക്കുകയാണ് ചെയ്തത്. ഈ കേസിൽ താൻ ഹൈക്കോടതിയിൽ മുൻകൂർ ഭജാമ്യം നേടിയിട്ടുണ്ട്. ഇതിനു ശേഷം സീനത്തിനു വേണ്ടി അഡ്വ. അജിത്ത് തന്നെ നിരന്തരം വ്യക്തിപരമായി ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണെന്നും മാനഹാനി വരുത്തുന്ന വിധത്തിൽ കുപ്രചരണം നടത്തുകയാണെന്നും റസിയ ആരോപിച്ചു.

ഹൈക്കോടതിയിൽ അഭിഭാഷനാണെന്നു പറഞ്ഞു ആളുകളെ വഞ്ചിക്കുകയാണ് പള്ളിക്കുന്ന് സ്വദേശിയായ അജിത്ത് കുമാർ. ഇയാൾ വ്യാജവക്കീലാണെന്ന പരാതിയെ തുടർന്ന് വക്കീൽ ഓഫീസ് ഒരിക്കൽ പൊലിസ് പൂട്ടിച്ചതാണ്. നിരവധിതട്ടിപ്പുകളാണ് ഇയാൾ നടത്തുന്നത്. ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു ആളുകളിൽ നിന്നും പണപിരിവ് നടത്തുന്നുണ്ട്. തന്റെ ഫ്ളാറ്റിൽ കയറിവന്നു ഇയാൾ ഉപദ്രവിക്കാൻ ശ്രമിക്കാറുണ്ടെന്നും റസിയ ആരോപിച്ചു. താൻ തനിച്ചാണ് ഫ്ളാറ്റിൽ താമസിക്കുന്നത്. ഭർത്താവ് സൗദി അറേബ്യയിലും മകൻ വിദേശത്തും ജോലി ചെയ്യുകയാണ്.

മകൾ ഉപരിപഠനത്തിനായി വിദേശത്താണുള്ളത്. മക്കളുടെ വിദ്യാഭ്യാസ ചെലവുമായി ബന്ധപ്പെട്ടു തനിക്ക് സാമ്പത്തിക ബാധ്യതകളുണ്ട്. വാങ്ങിയ പണം തിരിച്ചു നൽകാതെ സീനത്ത് അജിത്ത് കുമാറിന്റെ ഒത്താശയോടെ താൻ അവരുടെ വീട്ടിൽ പോയി ഗുണ്ടായിസം കാണിച്ചുവെന്നും കണ്ണൂർ നഗരത്തിലെ ക്വട്ടേഷൻ സംഘങ്ങളെ ഇതിനായി ഉപയോഗിച്ചുവെന്നും വ്യാജപ്രചരണം അഴിച്ചുവിടുകയാണ്. സ്വന്തം കാറിൽ ഗുണ്ടകളെ കൂട്ടിക്കൊണ്ടു പോയി ഇവർ താമസിക്കുന്ന തോട്ടട അമ്മുപറമ്പിലെ വീട്ടിൽ രാത്രിയിൽ പോയി ഗുണ്ടായിസം കാണിച്ചുവെന്നാണ് സീനത്ത് പരാതി നൽകിയിരിക്കുന്നത്.

നേരത്തെ തന്റെ കൂടെയാത്ര ചെയ്യുകയും താനുമായി നല്ല അടുപ്പമുള്ളതു കൊണ്ടുമാത്രമാണ് സീനത്തിന് പണം വായ്പയായി നൽകിയത്. എന്നാൽ തനിക്കൊരു ബുദ്ധിമുട്ടുവന്നപ്പോൾ കൊടുത്ത പണം തിരിച്ചു നൽകാതെ തന്നെ വ്യാജപ്രചരണങ്ങളും കള്ളക്കേസുകളുമായി വേട്ടയാടുകയാണെന്ന് റസിയ ആരോപിച്ചു.വാർത്താസമ്മേളനത്തിൽ സതീഷ്‌കുമാർ പാമ്പൻ,സൗമി മട്ടന്നൂർ എന്നിവരും പങ്കെടുത്തു.