- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനായിരം രൂപയിൽ താഴെ വില വരുന്ന കർട്ടനിട്ടു; തനിച്ചു താമസിക്കുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി കൈപ്പറ്റിയത് 99,000 രൂപ; ആറന്മുളയിൽ മൂന്നംഗ സംഘം പിടിയിൽ; മറ്റിടങ്ങളിലും തട്ടിപ്പ് നടത്തിയെന്ന് സംശയം
പത്തനംതിട്ട: പതിനായിരം രൂപയിൽ താഴെ മാത്രം വില വരുന്ന ബാംബൂ കർട്ടൻ ഇട്ട ശേഷം തനിച്ച് താമസിക്കുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി 14,000 രൂപ നേരിട്ടും 85,000 രൂപ ബ്ലാങ്ക് ചെക്ക് വാങ്ങിയും കൈവശപ്പെടുത്തിയെന്ന പരാതിയിൽ മൂന്നംഗ സംഘത്തെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം തഴവ വെട്ടുവിളശ്ശേരിയിൽ ഹാഷിം(46), ശൂരനാട് നോർത്ത് അൻസു മൻസിൽ തെക്കേമുറി അൻസിൽ (29), ശൂരനാട് സൗത്ത് കടമ്പാട്ട് വിള തെക്കേതിൽ റിയാസ്(25)എന്നിവരാണ് അറസ്റ്റിലായത്. വയോധികർ തനിച്ച് താമസിക്കുന്ന വീട്ടിലെത്തി കർട്ടൻ ഇട്ടശേഷം അവരെ കബളിപ്പിച്ച് അമിതമായി പണം വാങ്ങുന്നത് ഇവരുടെ പതിവാണെന്ന് പറയുന്നു. എർട്ടിഗ വാഹനത്തിൽ പ്രതികൾ മൂന്നു പേരും കൂടി വിവിധ ഭാഗങ്ങളിൽ കർട്ടൻ വിൽപ്പനയ്ക്കായി കറങ്ങി നടന്ന് പ്രായമായ ആൾക്കാർ മാത്രം താമസിക്കുന്ന വീടുകൾ കണ്ടെത്തുകയാണ് ആദ്യ പടി. തുടർന്നാണ് തട്ടിപ്പിനുള്ള ഒരുക്കം തുടങ്ങുന്നത്.
കഴിഞ്ഞ 30 ന് ഉച്ചക്ക് ഒരു മണിയോടു കൂടി ആറന്മുളയിൽ പ്രായമായ സ്ത്രീയുടെ വീട്ടിൽ ഇവർ എത്തുകയും സ്‌ക്വയർ ഫീറ്റിന് 200 രൂപ നിരക്കിൽ ബാംബൂ കർട്ടൻ ഇട്ടു നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ കർട്ടൻ ഇട്ട ശേഷം 45,000 രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്ത്രീ തന്റെ കൈവശമുണ്ടായിരുന്ന 14,000 രൂപ നൽകി. ബാക്കി തുകയ്ക്കായി രണ്ട് എഴുതാത്ത ചെക്കുകൾ പ്രതികൾ ഭീഷണിപ്പെടുത്തി വാങ്ങി.
അതിലൊന്ന് അന്നു തന്നെ ബാങ്കിൽ ഹാജരാക്കി 85,000 രൂപ പിൻവലിച്ച് എടുത്തു. 10000 രൂപയിൽ താഴെ വിലയുള്ള കർട്ടന് വേണ്ടിയാണ് സംഘം ഒരുലക്ഷത്തോളം രൂപ തട്ടിയെടുത്തതെന്ന് പൊലീസിന് അന്വേഷണത്തിൽ ബോധ്യമായി. ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിൽ പലഭാഗത്തും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് കൂടുതൽ അന്വേഷണം നടത്തി വരുന്നു.
ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്‌പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ്‌ഐ.അലോഷ്യസ്, എസ്‌ഐ.ജയൻ, എസ്‌ഐ.നുജൂം, എസ്‌ഐ.ഹരീന്ദ്രൻ, എഎസ്ഐ വിനോദ്, സലിം, സെയ്ഫുദ്ദീൻ, കിരൺ എന്നിവർ അടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്