കോട്ടയം: ലോകത്തിന്റെ ഏതു കോണിൽ ആയാലും സാമ്പത്തിക തട്ടിപ്പിന് ഇരയാകാനാണോ മലയാളിയുടെ ജന്മം! ഇങ്ങനെ ചോദിച്ചാൽ ആർക്കും അത്ഭുതപ്പെടാനില്ല, അത്രയ്ക്കധികം സാമ്പത്തിക തട്ടിപ്പുകൾക്കാണ് മലയാളികൾ ഇരയാകുന്നത്. ഇസ്രയേലിൽ നടന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇസ്രയേലിൽ നാനൂറോളം മലയാളികൾ ചിട്ടിത്തട്ടിപ്പിനിരയായതായി പരാതിയാണ് പുതുതായി എത്തിയത്.

പെർഫെക്ട് കുറീസ് എന്ന പേരിൽ ചിട്ടി നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശിനി ഷൈനി ഷിനിൽ, തൃശൂർ സ്വദേശി ലിജോ ജോർജ് എന്നിവർക്കെതിരെ തട്ടിപ്പിന് ഇരയായവർ ഇസ്രയേലിലും കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും മുഖ്യമന്ത്രിക്കും പരാതി നൽകി. 20 കോടിക്കു മുകളിൽ തട്ടിപ്പ് നടത്തിയ ഇവർ മുങ്ങിയെന്നാണു പരാതിക്കാർ പറയുന്നത്.

ഇസ്രയേലിൽ നിയമാനുസൃതമായി ചിട്ടി നടത്താൻ സാധിക്കാത്തതിനാൽ നടത്തിപ്പുകാർ നിർദേശിക്കുന്ന വിവിധ പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളിലേക്കാണു പണം അടച്ചിരുന്നത്. കുറി വീഴുമ്പോൾ വിവിധ അക്കൗണ്ടുകളിൽ നിന്ന് പണം നൽകുകയായിരുന്നു പതിവ്. പണം അടയ്‌ക്കേണ്ട അക്കൗണ്ട് വിവരം ഓരോ മാസവും വാട്‌സാപ് സന്ദേശമായി അറിയിക്കും. ആയിരം ഷേക്കൽ (24,000 ഇന്ത്യൻ രൂപ) മുതൽ മുകളിലേക്കു വിഹിതം നിശ്ചയിച്ച് 15 മാസത്തെ കുറിയാണു നടത്തിയിരുന്നത്.

1,000 ഷേക്കൽ അടയ്ക്കുന്നവർക്ക് 16-ാം മാസം 20,000 ഷേക്കലും 2,500 ഷേക്കൽ അടയ്ക്കുന്നവർക്ക് 50,000 ഷേക്കലുമായിരുന്നു വാഗ്ദാനം. 8 വർഷം ചിട്ടി നല്ല രീതിയിൽ നടന്നതാണ്. എന്നാൽ, ഓഗസ്റ്റ് 16നു ശേഷം സന്ദേശങ്ങളൊന്നും ലഭിക്കാതാതെയായി. ഇസ്രയേൽ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ നടത്തിപ്പുകാരുടെ പാസ്‌പോർട്ട് വിവരങ്ങൾ രാജ്യത്തില്ലെന്ന വിവരമാണു കട്ടിയതെന്നും പരാതിക്കാർ പറയുന്നു.

'പ്രായമുള്ളവരെ പരിചരിച്ചും ഫോൺ വിളിക്കാൻ പോലും സ്വാതന്ത്ര്യം നൽകാത്ത ചില വീടുകളിൽ ജോലി ചെയ്തും നിക്ഷേപിച്ച പണമാണിത്. വല്ലാത്ത ചതിയായിപ്പോയി' -തട്ടിപ്പിനിരയായ വ്യക്തി പറഞ്ഞു.