- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിപ്പ് രാജ ഒടുവില്‍ കുടുങ്ങി; പൊലീസെന്ന വ്യാജേന പണം തട്ടിയ ബേക്കലിലെ ടൈഗര്‍ സമീറിന് എതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസ്
കാഞ്ഞങ്ങാട് /ബേക്കല്‍ : പൊലീസിന്റെ പേരില്‍ പണം തട്ടിയ ടൈഗര്‍ സമീറിനെതിരെ ബേക്കല്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കാറഡുക്ക അഗ്രിക്കള്‍ച്ചറല്‍ സഹകരണ സൊസൈറ്റിയില്‍ നടന്ന പണയത്തട്ടിപ്പിലെ പ്രതിയുടെ ബന്ധുവിനെയാണ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ടൈഗര്‍ ലക്ഷങ്ങള്‍ തട്ടിയത്.
കര്‍ണാടക സ്വദേശിയും ബേക്കലില്‍ കുടിയേറി ഹദ്ദാദ് നഗറില്‍ താമസിച്ചുവരുന്നയാളുമാണ് ടൈഗര്‍ സമീര്‍. ഇസ്മായില്‍, റാഷിദ് എന്നിവരും കേസില്‍ കൂട്ടു പ്രതികളാണ്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി തട്ടിപ്പിനിരയായ ബേക്കല്‍ സ്വദേശി അബൂബക്കറിനെ നേരിട്ട് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. തുടര്‍നടപടിയായാണ് ബേക്കല്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
നേരത്തെ ബേക്കലം പോലീസ് സ്റ്റേഷനില്‍ സേവനം ചെയ്തിരുന്നതും നിലവില്‍ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറിപ്പോയതുമായ എസ്ഐയുടെ പേരിലാണ് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്. രണ്ട് ഡിവൈഎസ്പിമാര്‍ക്കും ക്രൈംബ്രാഞ്ച് എസ്ഐക്കും കൈക്കുലി നല്കിയാല് കേസില്‍ നിന്നും ഒഴിവാക്കാമെന്നും അതല്ലെങ്കില്‍, ഏതെങ്കിലും വിധത്തില്‍ നിങ്ങളെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ടൈഗര്‍ സമീറിന്റെ നേതൃത്വത്തില്‍ ഇസ്മായില്‍, റാഷിദ് എന്നിവരടങ്ങുന്ന സംഘം അബൂബക്കറിനെ സമീപിച്ചത്.
ആദ്യം ഭീഷണിക്ക് വഴങ്ങാതിരുന്ന അബൂബക്കറിന് പിന്നീട് വഴങ്ങേണ്ടി വന്നു. തുടര്‍ന്ന് രണ്ട് തവണകളായി മൂന്നര ലക്ഷം രൂപ കൈമാറി. തുടര്‍ന്നും സംഘം ഭീഷണി തുടര്‍ന്നതോടെ ചെറു തുകകളായി നിരവധി തവണ നല്കി. എന്നാല്‍ ഭീഷണി തുടര്‍ന്നതോടുകൂടി അബൂബക്കര്‍ ഡിവൈഎസ്പിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു .
ഡിവൈഎസ്പി, സംഭവം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ പരാതിക്കാരനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുത്തി. കഴിഞ്ഞ ബുധനാഴ്ച എട്ടുമണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിന് ശേഷം വ്യാഴാഴ്ച രാവിലെ തട്ടിപ്പ് സംഘത്തെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലേക്ക് വിളിച്ചു ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം 8 മണിയോടുകൂടിയാണ് പ്രതികള്‍ക്കെതിരെ അന്വേഷണ വിധേയമായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇതിനിടയില്‍ ടൈഗര്‍ സമീറിനെതിരെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലും പരാതി പോയിട്ടുണ്ട്. നേരത്തെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 2000 രൂപയുടെയും നോട്ടുനിരോധനം മറയാക്കി നിരവധി ആളുകള്‍ നിന്നും കോടികള്‍ പ്രതി തട്ടിയെടുത്തതായാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക് പരാതി എത്തിയത്. ഇതില്‍ നേരത്തെ മറ്റൊരു നോട്ട് കേസില്‍ പ്രതിയായ വ്യക്തിയുടെ കുറ്റം സമ്മത മൊഴിയും ഉണ്ടെന്നാണ് സൂചന.
നോട്ടു നിരോധനം മറയാക്കി കേരള കര്‍ണാടക അതിര്‍ത്തിയിലെ ഹൊസങ്കടി സ്വദേശിയില്‍ നിന്നും അഞ്ചു കോടി രൂപ ഇയാള്‍ തട്ടിയെടുത്തതായി ആരോപണം ഉയരുന്നുണ്ട്. തട്ടിപ്പിന് ഇരയായതോടുകൂടി സാമ്പത്തിക ബാധ്യതയില്‍ അകപ്പെട്ട വ്യക്തി കോവിഡ് കാലഘട്ടത്തില്‍ തന്നെ മരണപ്പെടുകയായിരുന്നു. തട്ടിപ്പിനിരയായി മരണപ്പെട്ടയാളുടെ ഭാര്യയും ഒരു മകളും മരുമകനോടൊപ്പം നിലവില്‍ ഗള്‍ഫിലാണ് താമസിച്ചുവരുന്നത്. മരണപ്പെട്ട വ്യക്തിയുടെ മറ്റ് മൂന്നു പെണ്‍കുട്ടികള്‍ ഇളയമ്മയോടൊപ്പം നാട്ടിലും താമസിച്ചുവരുന്നു. തട്ടിപ്പിനിരയായതോടെ ഇവരുടെ വീടും മറ്റു വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു.
മലപ്പുറം സ്വദേശികളായ നിരവധി പേരില്‍ നിന്നും പഴയ നോട്ട് ഇടപാടിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപ ബേക്കലിലെ ഈ തട്ടിപ്പ് സംഘം അപഹരിച്ചതായി പറയപ്പെടുന്നു. ഇരകളായവരുടെ പേരും വിലാസം സഹിതവും കൂടാതെ മുന്‍പ്രതിയുടെ മൊഴിയും അടക്കമാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക് പരാതി എത്തിയിരിക്കുന്നത്.
പ്രതിയെന്ന് ആരോപിക്കുന്ന ടൈഗര്‍ സമീര്‍ ബേക്കല്‍ റെയിഞ്ച് സമസ്ത മദ്രസ കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ്. കൂടാതെ മാലിക് ദിനാര്‍ ഇസ്ലാമിക് അക്കാദമി പിടിഎ വൈസ് പ്രസിഡണ്ട് ആണെന്നും ഇയാളുടെ സന്ദര്‍ശന കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി ഇയാള്‍ പ്രവര്‍ത്തിക്കുന്നു. ലഹരി നിര്‍മാര്‍ജന സമിതി എന്ന തട്ടിക്കൂട്ട് സംഘടനയുടെയും ജില്ലാ സെക്രട്ടറിയാണ് ഇയാള്‍. മാത്രമല്ല ഇയാള്‍ നല്കുന്ന സന്ദര്‍ശന കാര്‍ഡില്‍ നിരവധി മറ്റു സംഘടനകളുടെ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട് . താങ്കള്‍ക്കുള്ള സ്ഥാനമാനങ്ങള്‍ ഉപയോഗപ്പെടുത്തി 2017 മുതല്‍ തട്ടിപ്പുകള്‍ നടത്തിവന്നിരുന്ന പ്രതികള്‍ കുടുങ്ങിയത് ഇപ്പോള്‍ മാത്രമാണ്.
സംഘത്തിലെ ഇസ്മായില്‍ ബേക്കല്‍ കിളര് മസ്ജിദ് സെക്രട്ടറിയായി സേവനം ചെയ്യുന്നതായും പറയപ്പെടുന്നു. മൂന്നാമത്തെ പ്രധാന കണ്ണിയായ റാഷിദ് നാഷണല്‍ യൂത്ത് ലീഗിന്റെ നേതൃത്വ പദവിയാണ് അലങ്കരിക്കുന്നത്. എറണാകുളത്ത് ചികിത്സയിലായതിനാല്‍ ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചില്ല. ഇയാള്‍ പരാതിക്കാരന്റെ ബന്ധുകൂടിയാണ്. സംഘത്തില്‍ അകപ്പെട്ട ഇസ്മായില്‍ താന്‍ നിരപരാധിയാണെന്നും ടൈഗര്‍ സമീറും സംഘവും തന്റെ സാന്നിധ്യം ദുരുപയോഗപ്പെടുത്തുകയായിരുന്നു എന്ന് അവകാശപ്പെടുന്നുണ്ട് .
2018 ന് ശേഷമുള്ള ടൈഗര്‍ സെമീറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിക്കുമെന്നാണ് സൂചന. നേരത്തെയും കള്ളനോട്ട് കേസുകളില്‍ സംശയിക്കുന്ന വ്യക്തിയാണെന്ന് പോലീസ് പറയുന്നു. അമ്പലത്തറയില്‍ നിന്നും പിടികൂടിയ 2000 രൂപയുടെ കള്ളനോട്ടുമായി ബന്ധപ്പെട്ട് നിഷേധിക്കാന്‍ സാധിക്കാത്ത രീതിയിലുള്ള ബന്ധം ടൈഗര്‍ എന്ന വിളിപ്പേരുള്ള ഇയാള്‍ക്ക് ഉണ്ടെന്ന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു പണം മാറ്റിയെടുക്കലിന്റെ പേരില്‍ നടന്ന പല തട്ടിപ്പുകളിലും ടൈഗര്‍ സജീവമായി നേതൃത്വം നല്‍കിയിരുന്നതായി പറയപ്പെടുന്നു. ജില്ലാ ലഹരി നിര്‍മാര്‍ജന സെക്രട്ടറി എന്ന തട്ടിക്കൂട്ട് സംഘടനയുടെ സെക്രട്ടറിയായി നിലനില്‍ക്കെ തന്നെ ലഹരി മാഫിയുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി ആരോപിക്കപ്പെടുന്നു. നേരത്തെ ഇയാളുടെ ഗുണ്ടാ സംഘത്തില്‍ ഉണ്ടായിരുന്ന ലഹരിയുമായി ബന്ധപ്പെട്ട നിരവധി കേസില്‍ അകപ്പെട്ടവരാണ്. അതേസമയം സമീര്‍ ടൈഗര്‍ ജന്മനാ ബേക്കല്‍ സ്വദേശി അല്ലെന്നും കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയില്‍ നിന്നും കുടിയേറിപ്പാര്‍ത്ത കുടുംബമാണെനും അതുകൊണ്ടുതന്നെ ബേക്കല്‍ സ്വദേശിയെന്ന് വാര്‍ത്തകളില്‍ വരുമ്പോള്‍ തങ്ങള്‍ക്ക് നാണക്കേടാകുന്നുണ്ടെന്നും നാട്ടുകാരും പറയുന്നു .