മൂന്നാർ: വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയിൽ നിന്നും അരക്കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. സോഫ്‌റ്റ്‌വേർ എൻജിനീയറായ ചെന്നൈ വേലച്ചേരി സ്വദേശിനി തനിഷ്‌കയാണ് മൂന്നാർ സ്വദേശിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. യുവതിക്കും ബന്ധുക്കൾക്കും ജോലി വാഗദാനം ചെയ്ത് 45.20 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

മൂന്നാർ ലക്ഷംകോളനി സ്വദേശികളായ അരുൺ ദിനകരൻ, ഭാര്യ ജെൻസി ജെനറ്റ്, മാതാപിതാക്കളായ അംബ അറുമുഖം, വിജയ എന്നിവർക്കെതിരെയാണ് പരാതി. നികുതിവകുപ്പ്, ഇന്ത്യൻ എംബസി, തപാൽ വകുപ്പ് തുടങ്ങിയ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ താത്കാലികജോലി വാഗ്ദാനംചെയ്താണ് പണം തട്ടിയത്. ബന്ധുക്കൾക്ക് ജോലി നൽകാമെന്ന് വാഗ്ദാനംചെയ്ത് ഭിന്നശേഷിക്കാരിയായ പരാതിക്കാരിയിൽനിന്ന് പലതവണയായി 45.20 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

പരാതിക്കാരിയുടെ ബന്ധുക്കളായ നാലുപേർക്ക് ആദ്യം താത്കാലികമായും പിന്നീട് സ്ഥിരമായും ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. പരാതിക്കാരി മൂന്നാറിലെത്തി ആദ്യഗഡുവായി 10,000 രൂപ നേരിട്ട് നൽകി. ഇതിനുശേഷം അരുണിന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് യുവതി പലസമയത്തായി 45.10 ലക്ഷം രൂപയും നൽകി. ബന്ധുക്കളുടെ ജോലിക്കായുള്ള പണം പരാതിക്കാരിയുടെ അക്കൗണ്ടിൽനിന്നാണ് നൽകിയിട്ടുള്ളത്. ഇത് തെളിവായി സ്വീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

2019 മാർച്ച് മുതൽ 2021 ഫെബ്രുവരിവരെയാണ് പണം നൽകിയതെന്ന് യുവതി പരാതിയിൽ പറയുന്നു. അരുണും ഭാര്യയുംചേർന്ന് വിവിധ പേരുകളിൽ പലസ്ഥലങ്ങളിൽ ഓഫീസുകൾ ആരംഭിച്ച് പണം തട്ടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. അരുണിന്റെ മാതാപിതാക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.

വിവിധ വകുപ്പുകളിൽ ജോലി ലഭിച്ചതായുള്ള കത്തുകൾ പരാതിക്കാരിക്ക് ലഭിച്ചെങ്കിലും, അവ വ്യാജമാണെന്ന് കണ്ടെത്തി. ജോലി ലഭിക്കാഞ്ഞതിനെത്തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അരുൺ നൽകിയില്ല. ഇതേക്കുറിച്ച് സംസാരിക്കാനായി മൂന്നാറിലെത്തിയ പരാതിക്കാരിയെ അരുണും സുഹൃത്തുക്കളുംചേർന്ന് അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നും മൂന്നാർ ഡിവൈ.എസ്‌പി.ക്ക് നൽകിയ പരാതിയിലുണ്ട്.