- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്യാഗ്രഹം മൂത്ത് സ്വയംകുഴിതോണ്ടി മലയാളികൾ! ഒറ്റയടിക്ക് പണക്കാരനാകാൻ മോഹിച്ച് തുലച്ചത് ലക്ഷങ്ങൾ; ഇത്തവണ പണ തട്ടിപ്പ് കണ്ണൂരിൽ; ഉയർന്ന പലിശയും ജോലിയും വാഗ്ദാനം ചെയ്തു കോടികളുടെ നിക്ഷേപതട്ടിപ്പ്; പണം നഷ്ടമായവരിൽ ഡോക്ടർമാർ മുതൽ വിരമിച്ച ഉദ്യോഗസ്ഥർ വരെ
കണ്ണൂർ: കണ്ണൂരിൽ വീണ്ടും നിക്ഷേപതട്ടിപ്പ്. ഉയർന്ന പലിശയും സ്ഥാപനത്തിൽ ജോലിയും വാഗ്ദാനവും ചെയ്തു നിക്ഷേപം സ്വീകരിക്കുകയും കാലാവധിയായിട്ടും മുതലോ പലിശയോ തിരിച്ചു നൽകാതിരിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് സ്വകാര്യ സാമ്പത്തിക സ്ഥാപത്തിനെതിരെ വ്യാപകമായപരാതി നിക്ഷേപകരിൽ നിന്നുമുയർന്നിട്ടുള്ളത്.
കാലാവധിയായിട്ടും മുതലോ പലിശയോ സ്വകാര്യകമ്പിനി നൽകിയില്ലെന്നാണ് നിക്ഷേപകർ പറയുന്നത്. കണ്ണൂർ നഗരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് കണ്ണൂർ ടൗൺ പൊലിസിൽ പരാതിലഭിച്ചിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് കണ്ണൂർ ടൗൺ എസ്. ഐ ബിനുമോഹൻ അറിയിച്ചു. നിക്ഷേപകരും ശമ്പളം കിട്ടാത്ത ജീവനക്കാരും സ്ഥാപനത്തിന് മുൻപിൽ കഴിഞ്ഞ ദിവസം തടിച്ചുകൂടിയിരുന്നു.
ആവശ്യമുള്ളവർക്ക് ഡിസംബർ 30ന് നിക്ഷേപം തിരിച്ചു നൽകുമെന്നാണ് അധികൃതർ ഏറ്റവും ഒടുവിൽ അറിയിച്ചിരുന്നത്. എന്നാൽ ആർക്കും പണം തിരിച്ചുകിട്ടുകയോ സ്ഥാപനാധികൃതർ ഓഫീസിലെത്തുകയോ ചെയ്തിരുന്നില്ല. സ്ഥാപാനത്തിന്റെ ഡയറക്ടറെന്നു പറയുന്നയാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി അയാൾ തന്നെ വാട്സ് ആപ്പിൽ നിക്ഷേപകർക്ക് അയച്ചുകൊടുത്തതായി പറയുന്നുണ്ട്.
ഈ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തു 158- പേരിൽ നിന്ന് 15ലക്ഷം രൂപ വീതം വാങ്ങിയെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. കള്ളപണം വെളുപ്പിക്കുന്ന ഇടപാടാണ് ഇവിടെ നടന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആദ്യമാസങ്ങളിൽ നിക്ഷേപകർക്ക് കൃത്യമായി പ്രതിഫലം നൽകിയിരുന്നുവെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു.
50 ലക്ഷം രൂപവരെ ഇവിടെ നിക്ഷേപിച്ചവരുണ്ട്. 12ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്തത്. പണം ബാങ്കുകളിൽ നിക്ഷേപിച്ചാൽ വൻതുക നികുതി നൽകേണ്ടിവരുമെന്നും ഇവിടെ നിക്ഷേപിച്ചാൽ ഉയർന്ന പലിശ നൽകാമെന്നുമുള്ള വാഗ്ദാനത്തിൽ ആകൃഷ്ടരായി റിട്ടയർമെന്റ് ആനുകൂല്യം മുഴുവൻ ഈ സ്വകാര്യസ്ഥാപനത്തിൽ നിക്ഷേപിച്ചവരുമുണ്ട്. കണ്ണൂരിലെ ഒരു ഡോക്ടർ തട്ടിപ്പു നടത്തിയ സ്ഥാപനത്തിൽ നിക്ഷേപിച്ചത് മുപ്പതുലക്ഷം രൂപയാണ്.
പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ കൈവിടാത്തതു കൊണ്ടാകാം പരാതിക്കാർ ആരും കേസെടുക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നു എന്നാൽ സാമ്പത്തിക കുറ്റകൃത്യമെന്ന നിലയിൽ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ബിനുമോഹൻ അറിയിച്ചു.




