ബെംഗളൂരു: മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു പണം വാങ്ങി തട്ടിപ്പു നടത്തിയ കേസിൽ മലയാളി പങ്കാളികളായ യുവാവും യുവതിയും അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നുള്ള വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽലാണ് അറസ്റ്റ്. ബിസിനസ് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും തൃശൂർ അത്താണി സ്വദേശിയുമായ സുബീഷ് പി.വാസു (31), ബിലേക്കഹള്ളി സ്വദേശിനി ശിൽപ ബാബു (27) എന്നിരാണ് പിടിയിലായത്.

എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയുടെ (ആർഎൽജെപി) കർണാടക അധ്യക്ഷ കൂടിയാണ് ശിൽപ. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ബെംഗളൂരു പൊലീസിനു കൈമാറുകയായിരുന്നു. ഇരുവരും മാറത്തഹള്ളിയിൽ ഒരുമിച്ചായിരുന്നു താമസം.

വ്യാപാരിയായ കെ.ആർ.കമലേഷ് കഴിഞ്ഞ വർഷമാണ് പണം കൈമാറിയത്. ഒരു വർഷം കാത്തിരുന്നിട്ടും വ്യാപാരം തുടങ്ങുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്യാതിരുന്നതിനെത്തുടർന്നാണ് പൊലീസിനെ സമീപിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ ആകർഷിച്ചിരുന്നത്. കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ബെംഗളൂരുവിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

മത്സ്യ വ്യാപാരത്തിൽ നിക്ഷേപം, കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ച് ബിസിനസ് നിക്ഷേപം സ്വീകരിക്കൽ, വിദേശത്തുനിന്ന് മദ്യം ഇറക്കുമതി ചെയ്യാൻ വ്യാജ ഡീലർഷിപ്പ് ഉറപ്പിച്ചുമായിരുന്നു പണം തട്ടൽ.

കർണാടകയ്ക്ക് പുറമെ, ഡൽഹി, രാജസ്ഥാൻ, ഒഡീഷ, തെലങ്കാന, ആന്ധ്രാ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും തട്ടിപ്പിനിരയായവർ ഇവർക്കെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. കേരളത്തിലുള്ള ചില വ്യാപാരികൾക്കും പണം നഷ്ടപ്പെട്ടതായാണ് വിവരം . കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധി മലയാളികൾ ബെംഗളുരുവിൽ ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിലും മന്ത്രിമാരിലും തനിക്ക് സ്വാധീനമുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ശില്പ നിക്ഷേപകരെ ആകർഷിച്ചത്. ദേശീയ നേതാക്കൾക്കൊപ്പം വേദി പങ്കിട്ട ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഇതിനായി പോസ്റ്റ് ചെയ്തു. രാഷ്ട്രീയ നേതാക്കളുമായുള്ള അടുത്ത ബന്ധം നിക്ഷേപകർ വിശ്വസിച്ചതോടെ ഇവർ മുന്നോട്ടുവച്ച ബിസിനസ് ആശയങ്ങൾക്കായി പലരും കോടികൾ മുടക്കി. രണ്ടുവർഷം കാത്തിരുന്നിട്ടും കാര്യമായ പുരോഗതി കാണാതായതോടെ നിക്ഷേപകർ ഇവരോട് പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇവർ മുങ്ങി. കർണാടകയിൽ രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അന്വേഷിക്കവേയാണ് കേരള പൊലീസിന്റെ മുന്നിൽ ഇവരെത്തുന്നതും ബെംഗളുരു പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുന്നതും.