കൊട്ടാരക്കര: വിളക്കുടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടറിൽ നിന്നും അരലക്ഷം കാണാതെ പോയി. കാഷ്യർ പണവും സ്ലിപ്പുമായി അടയ്ക്കാൻ എസ്‌ബിഐ ശാഖയിലെത്തുമ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. തുടർന്ന് സ്വന്തം കൈയിൽ നിന്ന് പണം അടച്ച് കാഷ്യർ മടങ്ങുകയായിരുന്നു. എന്നാൽ, പരാതി നൽകാൻ തയാറായില്ല.

പണം നഷ്ടമായെന്ന വിവരം ശരിയാണെന്ന് വിളക്കുടി സെക്ഷനിലെ ഉേദ്യാഗസ്ഥൻ മനോജ്ബാബു പറഞ്ഞു. എവിടെ വച്ചാണ് പണം നഷ്ടമായത് എന്നറിയില്ല. ഓഫീസിനുള്ളിൽ വച്ചാണോ കൊണ്ടു പോയ വഴിക്കാണോ എന്ന് വ്യക്തതയില്ല. നഷ്ടമായ പണം കാഷ്യർ അക്കൗണ്ടിൽ അടച്ചു. അവർ പരാതിപ്പെടാൻ തയാറാകാത്തതു കൊണ്ടാണ് തുടർ നടപടികൾ ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, പണം ഓഫീസിൽ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്ന നിഗമനത്തിലാണ് ജീവനക്കാർ. ഒരാളെ സംശയിക്കുന്നുണ്ടെന്നും പറയുന്നു. കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന്റെ കാഷ് കൗണ്ടറിൽ ക്യാമറയില്ല. എന്നാൽ, ഇവിടേക്ക് അഭിമുഖമായി അയൽവീട്ടിലെ സിസിടിവി കാമറയുണ്ട്. ഇതിൽ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളിൽ പണം കാണാതെ പോയെന്ന് പറയുന്ന സമയത്ത് ഒരാളുടെ സംശയാസ്പദമായ പെരുമാറ്റം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പരാതി ലഭിക്കാത്തതിനാൽ പൊലീസിനും അന്വേഷണം നടത്താൻ കഴിയുന്നില്ല. കാഷ് കൗണ്ടർ കൈകാര്യം ചെയ്യാൻ അർഹതയില്ലാത്ത ജീവനക്കാരനെ നിയോഗിച്ചിട്ടുള്ളതായും പറയുന്നു.