പത്തനംതിട്ട: കോന്നി കൂടലിലെ ബിവറേജസ് മദ്യവിൽപ്പനശാലയിൽ നിന്ന് ബാങ്കിൽ അടയ്ക്കാനുള്ള തുകയിൽ നിന്ന് പല തവണയായി 81 ലക്ഷം രുപ തട്ടിയെടുത്ത കേസിൽ ജീവനക്കാരൻ കോടതിയിൽ കീഴടങ്ങി. എൽ.ഡി.ക്ലാർക്ക് ആനയടി സ്വദേശി അരവിന്ദാണ് (24) പത്തനംതിട്ട ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്)യിൽ ഇന്ന് കീഴടങ്ങിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങുന്നതിന് നാളെ അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി ഡിവൈ.എസ്‌പി ടി. രാജപ്പൻ പറഞ്ഞു.

പിതാവ് മരിച്ച ഒഴിവിൽ ഒന്നര വർഷം മുൻപാണ് അരവിന്ദ് ജോലിക്ക് കയറുന്നത്. ആദ്യ നിയമനം കൂടലിലെ മദ്യവിൽപ്പനശാലയിലായിരുന്നു. ഓരോ ദിവസത്തെയും കളക്ഷൻ പിറ്റേന്ന് രാവിലെയാണ് ബാങ്കിൽ അടച്ചിരുന്നത്. ഇതിൽ നിന്ന് അമ്പതിനായിരം, മുപ്പതിനായിരം എന്നിങ്ങനെ തുകകൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. മദ്യവിൽപ്പനശാലയുടെ ഇൻചാർജ് കൃഷ്ണകുമാറിനെ കബളിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. അടയ്ക്കുന്ന തുക എത്രയെന്നുള്ളത് വേരിഫൈ ചെയ്യേണ്ടത് കൃഷ്ണകുമാർ ആയിരുന്നു. പലപ്പോഴും കൃഷ്ണകുമാറിനെ വാക്ചാതുരി കൊണ്ട് വീഴ്‌ത്തി അരവിന്ദ് പരിശോധന ഒഴിവാക്കിയിരുന്നു. പരിശോധിച്ച് നോക്കുമെന്നുള്ള ദിവസങ്ങളിൽ ബാങ്കിൽ മുഴൂവൻ പണവും അടച്ച് സ്ലിപ്പ് കാണിക്കുകയും ചെയ്യും.

രേഖകളിൽ കാണുന്ന വരുമാനം അക്കൗണ്ടിൽ ചെല്ലാതെ വന്നപ്പോഴാണ് അന്വേഷണം നടന്നത്. തുടർന്ന് കൂടൽ പൊലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് വ്യക്തമായതിനെ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം കോന്നി ഡിവൈ.എസ്‌പി ഏറ്റെടുത്തു. അരവിന്ദിന്റെ അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നുമാണ് ഓൺലൈൻ റമ്മി കളിക്കാണ് പണം വകമാറ്റിയിരുന്നതെന്ന് വ്യക്തമായത്. ഇയാളുടെ കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ 22 ലക്ഷം രൂപയും എസ്.ബി.ഐ അക്കൗണ്ടിൽ 51,000 രൂപയും ബാലൻസ് ഉണ്ടായിരുന്നു. പൊലീസ് രണ്ട് അക്കൗണ്ടുകളും ബാങ്കുകൾക്ക് കത്തു കൊടുത്ത് മരവിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂൺ മുതൽ ആരംഭിച്ച വെട്ടിപ്പ് കഴിഞ്ഞ മാസം നടന്ന ഓഡിറ്റിലാണ് കണ്ടെത്തിയത്. ബാങ്കിൽ അടയ്ക്കാൻ കൊടുത്ത പണത്തിൽ നിന്നാണ് വെട്ടിപ്പ് നടത്തിയിട്ടുള്ളത്. അരവിന്ദ് ഒളിവിലായിരുന്നു. മദ്യശാലയിലെ മറ്റു ജീവനക്കാരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.