- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മോൻസന് നൽകിയ 10 കോടി എവിടെ പോയി?
കൊച്ചി: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിയാക്കിയത് രാഷ്ട്രീയമായി പകപോക്കാൻ വേണ്ടിയാണെന്ന ആരോപണം ശക്തമാണ്. ഇത് ശരിവെക്കുന്ന വിധത്തിലാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടും. മോൻസനുമായി ബന്ധമുള്ള പല പ്രമുഖരെ കുറിച്ചും ക്രൈംബ്രാഞ്ചിൽ പരാമർശം ഇല്ല. ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർ മോൻസനിൽ നിന്നും പണം പറ്റുകയും എല്ലാ സഹയാവും ചെയ്തിട്ടുണ്ട്. എന്നിട്ടും ചികിത്സക്കായി പോയി കെ സുധാകരനെ പ്രതിയാക്കി പൊലീസ്. അതേസമയം മോൻസൻ സമാഹരിച്ച പത്ത് കോടിയോളം രൂപ എവിടെ പോയി എന്ന കാര്യത്തിലും ക്രൈംബ്രാഞ്ച് അന്വേഷണം കാര്യമായി നടത്തിയിട്ടില്ല.
പരാതിക്കാർ നൽകിയ 10 കോടി മോൻസൻ എന്തുചെയ്‌തെന്നതിനാണ് ക്രൈംബ്രാഞ്ചിന് ഉത്തരമില്ലാത്തത്. മോൻസൻ മാവുങ്കലിനെയും കെപിസിസി. പ്രസിഡന്റ് കെ. സുധാകരനെയും യൂത്ത് കോൺഗ്രസ് നേതാവ് എബിൻ വർഗീസിനെയും പ്രതിയാക്കി ക്രൈംബ്രാഞ്ച് ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അന്വേഷണം രാഷ്ട്രീയപരമായി മാറ്റിയെന്നും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെതിരേ അഴിമതി ആരോപണവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ അന്വേഷണത്തിൽ മോൻസന്റെ 1.88 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. പരാതിക്കാർ മോൻസന് നൽകിയത് കള്ളപ്പണമാണോ, മോൻസന്റെ കൈവശം അനധികൃത സ്വത്ത് ഉണ്ടോ എന്നീ കാര്യങ്ങളാണ് ഇ.ഡി. അന്വേഷിച്ചത്. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇതുവരെ മോൻസന്റെ സ്വത്ത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫെമ നിയമപ്രകാരം തടഞ്ഞുവെച്ചിരിക്കുന്ന 2.62 ലക്ഷം കോടി രൂപ ഉടൻ വിട്ടുകിട്ടുെമന്നു വിശ്വസിപ്പിച്ചാണ് ആറുപേരിൽ നിന്നായി മോൻസൻ 10 കോടി കൈപ്പറ്റിയത്.
2018 നവംബറിൽ 25 ലക്ഷം രൂപ മോൻസന് കൈമാറിയത് കെ. സുധാകരൻ നൽകിയ ഉറപ്പിന്മേലാണെന്നായിരുന്നു ഒരു പരാതിക്കാരന്റെ മൊഴി. തട്ടിപ്പ് കേസിലെ ആദ്യ പരാതിയാണിത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ സുധാകരനെ പ്രതിയാക്കിയപ്പോൾ, മോൻസന്റെ സഹായിയിൽ നിന്ന് അക്കൗണ്ട് വഴി പണം കൈപ്പറ്റിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഇതുവരെ ചോദ്യം ചെയ്യുക പോലും ചെയ്തിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മോൻസന്റെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നിട്ടും ഇവരുടെ പങ്കും അന്വേഷണ വിധേയമായിട്ടില്ല.
മോൻസന്റെ കൊച്ചിയിലെയും ആലപ്പുഴയിലെയും വീടുകളിൽ പുരാവസ്തു സൂക്ഷിച്ചിട്ടുണ്ടെന്നും അവിടെ മതിയായ പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നുമുള്ള ഉത്തരവുകളും അന്ന് പൊലീസ് ആസ്ഥാനത്തുനിന്ന് ഇറക്കിയിരുന്നു. ഇക്കാര്യത്തിലും അന്വേഷണം നടന്നിട്ടില്ല. എന്നാൽ, അന്വേഷണം തുടരുന്നതായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. പറയുന്നു. ആദ്യ കുറ്റപത്രമാണ് കോടതിയിൽ നൽകിയത്.
അനുബന്ധ കുറ്റപത്രത്തിലാകും മോൻസൻ വാങ്ങിയ പണത്തെക്കുറിച്ചുള്ള കാര്യങ്ങൾ വ്യക്തമാക്കുന്നത്. മോൻസന്റെ ഭാര്യയുടെ പേരിൽ ബാങ്ക് അക്കൗണ്ടിൽ പണം കണ്ടെത്തിയിട്ടുണ്ട്. 10 കോടി രൂപയിൽ കുറേ ചെലവഴിക്കുകയും സംഭാവന നൽകുകയും ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.