കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ കെപിസിസി. അധ്യക്ഷൻ കെ. സുധാകരനെ പ്രതിചേർത്തു. അദ്ദേഹത്തെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. ഗൂഢാലോചനാക്കുറ്റവും ചുമത്തിയാണ് പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രണ്ടാംപ്രതിയാണ്. ക്രൈംബ്രാഞ്ച്, എറണാകുളം എസിജെഎം കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. മൂന്നാം പ്രതി മുൻ കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം ആണ്.

മോൺസൺ മാവുങ്കൽ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരൻ ഇത് മറച്ചുവയ്ക്കാൻ ശ്രമിച്ചു, മോൺസന്റെ വീട്ടിലുണ്ടായിരുന്ന വ്യാജ പുരാവസ്തുക്കൾ യഥാർത്ഥത്തിലുള്ളതാണെന്ന നിലയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് കൂട്ടുനിന്നു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി 420, 120 ബി പ്രകാരം ഉള്ള വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.

മോൻസന്റെ വീട്ടിൽ വച്ച് 25 ലക്ഷം രൂപ പരാതിക്കാരിൽ ഒരാൾ കൈമാറുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്നും, അതിൽ 10 ലക്ഷം രൂപ സുധാകരന് നൽകിയെന്നും ആയിരുന്നു ഡ്രൈവറുടെ മൊഴി. ഇതും കുറ്റപത്രത്തിൽ ശരിവയ്ക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽ വന്നുനിൽക്കെ കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു എന്നത് നിർണായകമാണ്. കെ സുധാകരൻ കണ്ണൂരിൽ മത്സരത്തിനൊരുങ്ങി നിൽക്കുന്നതിനിടെയാണ് കുറ്റപത്രം വന്നിരിക്കുന്നത്. ഇത് തീർച്ചയായും വലിയ ചലനമാണ് യുഡിഎഫിനകത്തുണ്ടാക്കുക. കോൺഗ്രസിനുള്ളിലും സുധാകരനെതിരെ ഒരു വിഭാഗം രംഗത്തുണ്ട്. അതുകൊണ്ട് തന്നെ സുധാകരന്റെ അടുത്ത നീക്കം നിര്ഞണായകമാകും.

കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശക്തമായിപ്രതികരിച്ചു. പൊലീസ് പ്രതിപക്ഷത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സുധാകരനെയും അറസ്റ്റ് ചെയ്യാനുള്ള നീക്കമാണെന്നും നിയമപരമായി നേരിടുമെന്നും വിഡി സതീശൻ പറഞ്ഞു. കെ.സുധാകരൻ മോൻസണിന്റെ കലൂരിലെ വീട്ടിൽ പത്ത് ദിവസം കോസ്മറ്റോളജി ചികിത്സ നടത്തിയതായും പരാതിക്കാർ ആരോപിച്ചിരുന്നു. പരാതിക്കാർ മുഖ്യമന്ത്രിക്കടക്കം നൽകിയ പരാതിയിൽ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. കണ്ണിന്റെ ചികിത്സയ്ക്ക് കലൂരിലെ മോൻസണിന്റെ വീട്ടിൽ അഞ്ചു വട്ടം പോയിട്ടുണ്ടെന്നും ഫലമില്ലെന്നു കണ്ടതോടെ ചികിത്സ നിറുത്തിയെന്നും സുധാകരൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

ഉന്നത ബന്ധങ്ങളുടെ പേരിലാണ് മോൻസൺ വെട്ടിപ്പു നടത്തിയത്. അമൂല്യമായ പുരാവസ്തുക്കൾ കയ്യിലുണ്ടെന്ന് മാത്രമല്ല മോൻസൺ സ്വയം അവകാശപ്പെട്ടിരുന്നത്. ലോക സമാധാന പ്രചാരകൻ, മനുഷ്യസ്‌നേഹി, വിദ്യാഭ്യാസ വിദഗ്ധൻ, തെലുങ്കു സിനിമാ നടൻ, പ്രഭാഷകൻ, മോട്ടിവേറ്റർ.. ഇങ്ങനെയൊക്കെയാണ് മോൻസൺ മാവുങ്കൽ സ്വയം പരിചയപ്പെടുത്തുന്നത്. monsonmavunkal.com എന്ന വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും സമൂഹത്തിനായി ചെയ്യുന്ന സേവനങ്ങൾ അദ്ദേഹം നിരത്തിയിരുന്നു.

ആരെയും അത്ഭുതപ്പെടുത്തുന്ന പുരാവസ്തു ശേഖരമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ഉന്നതരെ കയ്യിലെടുത്തത്. യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിന് കിട്ടിയ 30 വെള്ളി നാണയങ്ങളിൽ രണ്ടെണ്ണമടക്കം കയ്യിലുണ്ടെന്ന് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചു. അങ്ങനെ കോടികളുടെ തട്ടിപ്പ് നടത്തി. പല ഉന്നതരും തട്ടിപ്പിൽ കുടുങ്ങി. പലരും തട്ടിപ്പിന്റെ ഭാഗമായി. ചേർത്തല കഞ്ഞിക്കുഴി പഞ്ചായത്തിലെ രണ്ടാം വാർഡിൽ മാവുങ്കൽ വീട്ടിലാണ് ജനനം. നാട്ടുകാരുമായി അകലം പാലിച്ചായിരുന്നു ജീവിതം. ആഡംബര കാറുകളുടെ അകമ്പടിയോടെ അംഗരക്ഷരുമായാണ് സഞ്ചാരം. അതിനാടകീയമായ ജീവിതം നയിച്ച മോൻസണെ ഒടുവിൽ പൊലീസ് നാടകീയമായാണ് പിടികൂയത്.

തട്ടിയത് കോടികൾ

പുരാവസ്തു വിൽപ്പനക്കാരനെന്ന പേരിൽ പലരിൽ നിന്നായി മോൻസൺ മാവുങ്കൽ 10 കോടിയോളം തട്ടിയെടുത്തിരുന്നു. യുഎഇ രാജകുടുംബത്തിന് പുരാവസ്തു വിറ്റ വകയിൽ രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരം കോടി രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാൻ ചില നിയമതടസ്സങ്ങളുള്ളതിനാൽ കോടതി വ്യവഹാരത്തിനായി സഹായിക്കണമെന്നും പറഞ്ഞ് പലരിൽ നിന്നായി 10 കോടി രൂപ തട്ടിയെടുത്തെന്നാണ് മോൻസൺ മാവുങ്കലിനെതിരായ പരാതി.

അന്വേഷണം നടത്തിയ എറണാകുളം ക്രൈംബ്രാഞ്ച് സംഘം പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തു. തെളിവിനായി മോൺസൺ മാവുങ്കൽ കാണിച്ചിരുന്ന ബാങ്ക് രേഖകൾ വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ എറണാകുളം കലൂരിലുള്ള വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരെ ഇയാൾ തട്ടിപ്പിനിരയാക്കിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു വിൽപ്പന നടത്തുന്ന മോൺസൺ മാവുങ്കൽ അറിയപ്പെടുന്ന യൂട്ഊബർ കൂടിയാണ്. പുരാവസ്തു ശേഖരത്തിലുള്ള പല വസ്തുക്കളും അതിപുരാതനവും കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ളതാണെന്നും പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. ടിപ്പു സുൽത്താന്റെ സിംഹാസനം, മൈസൂർ കൊട്ടാരത്തിന്റെ ആധാരം, ബൈബിളിൽ പറയുന്ന മോശയുടെ അംശ വടി, തിരുവിതാംകൂർ രാജാവിന്റെ ഇരിപ്പിടം, ആദ്യത്തെ ഗ്രാമഫോൺ തുടങ്ങിയ പുരാവസ്തുക്കൾ തന്റെ കൈവശമുണ്ടെന്നും മോൺസൺ മാവുങ്കൽ അവകാശപ്പെട്ടിരുന്നു.