കൊച്ചി: അറുപതു കോടി ഹവാലാപ്പണം സൗദി അറേബ്യയിലേക്ക് കടത്തിയെന്ന പരാതിയിൽ അങ്കമാലി കേന്ദ്രീകരിച്ചുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായ മൂലൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകളായ ആറു പേർക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റ് പ്രാഥമികാന്വേഷണം തുടങ്ങി. ജിദ്ദ കേന്ദ്രീകരിച്ചുള്ള സ്പൈസസ് സിറ്റി ഫോർ ഫുഡ് സ്റ്റഫ്സ് വെയർ ഹൗസ് കമ്പനിയിൽ നിക്ഷേപം നടത്തിയെന്നാണ് പരാതി.

സൗദിയിൽ വിദേശ മൂലധന നിക്ഷേപം അതാത് രാജ്യത്തെ കറൻസിയായിട്ട് വേണം നടത്താനെന്നാണ് ചട്ടം. ഇവിടെ നിന്ന് 60 കോടി രൂപയ്ക്കുള്ള മൂലധന നിക്ഷേപം മൂലൻസ് സഹോദരന്മാരായ സാജു, ജോസ്, ജോയ് എന്നിവർ ജിദ്ദ കമ്പനിയിൽ നടത്തിയെന്നാണ് പരാതി. ഇത് തെളിയിക്കുന്ന രേഖകൾ ലഭിച്ചതിനെ തുടർന്ന് സാജു മൂലൻ, ജോസ് മൂലൻ എന്നിവരിൽ നിന്ന് ഇ.ഡി മൊഴിയെടുത്തു. ജോയ് മൂലൻ നിലവിൽ വിദേശത്താണുള്ളത്. ഇവരുടെ ഭാര്യമാരാണ് മറ്റ് ഷെയർ ഉടമകൾ. സൗദിക്കാരനായ സ്പോൺസറുമുണ്ട് ഷെയർ.

വിദേശനിക്ഷേപത്തിനായി 60 കോടി രൂപ കൊണ്ടു പോയത് ബാങ്ക് മുഖാന്തിരമല്ലെന്ന സംശയത്തിലാണ് അന്വേഷണം നടക്കുന്നത്. സൗദി കൊമേഴ്സ് മന്ത്രാലയത്തിലെ കൊമേഴ്സ്യൽ രജിസ്റ്ററിൽ നിന്ന് ലഭിച്ചിട്ടുള്ള വിവരം അനുസരിച്ച് ജിദ്ദ കേന്ദ്രീകരിച്ചുള്ള കമ്പനിക്ക് 2.70 കോടി സൗദി റിയാലാണ് ആകെയുള്ള പ്രവർത്തന മൂലധനം.

അങ്കമാലിയിൽ മൂലൻസ് ഇന്റനാഷണൽ, മൂലൻസ് ഫാമിലി മാർട്ട് എന്നീ സ്ഥാപനങ്ങൾ ഇവർക്കുണ്ട്. വിദേശത്തും ഇവർ സൂപ്പർമാർക്കറ്റുകളും മറ്റും നടത്തി വരുന്നുണ്ട്.