തിരുവനന്തപുരം: കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാർ ഒരാളെ മർദ്ദിച്ച സംഭവം കേരളം മുഴുവൻ ചർച്ച ചെയ്യവേയാണ് സദാചാര ഗുണ്ടായിസത്തിന്റെ മറ്റൊരു വാർത്ത കൂടി പുറത്തുവരുന്നത്. വെള്ളാനിക്കൽപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ നാട്ടുകാരായ ചിലരാണ് സദാചാര ഗുണ്ടായിസം നടത്തിയത്. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ പെൺകുട്ടികളേയും ആൺകുട്ടികളേയും വടി ഉപയോഗിച്ച് മർദ്ദിക്കുകായിയിരുന്നു.

ഈ മർദ്ദന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാരായണപുരം സ്വദേശി മനീഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കുട്ടികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വലിയ വടികൊണ്ട് പെൺകുട്ടികളെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

ഈ മാസം നാലിനായിരുന്നു സംഭവം. കുട്ടികളുടെ പരാതിയിൽ പോത്തൻകോട് പൊലീസ് ആണ് കേസെടുത്തത്. അടിയേറ്റ പെൺകുട്ടികൾ നിലവിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തയപ്പോഴാണ് നാട്ടുകാരുടെ ആക്രമണം. ഒരു ആൺകുട്ടിക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് മർദ്ദനമേറ്റത്.

കുട്ടികളെ ഒരു സംഘം ആളുകൾ തടഞ്ഞു നിർത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ വടിയെടുത്ത് അടിക്കുകയായിരുന്നു. സംഭവത്തിൽ മനീഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണമുയർന്നിട്ടുണ്ട്. അറസ്റ്റ് ചെയ്ത മനീഷിനെ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു.