മുംബൈ: ദുർമന്ത്രവാദത്തിന്റെ പേരിൽ ഇന്ത്യക്കാരനായ ഭർത്താവ് തന്നെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയെന്ന പരാതിയുമായി കനേഡിയൻ യുവതി. ഭർത്താവിൽ നിന്നും ഭർതൃമാതാവിൽ നിന്നും ക്രൂര പീഡനങ്ങൾ നേരിട്ടെന്നാണ് ഇസബെൽ ബ്രിക്കോട്ട് എന്ന യുവതി പരാതിയിൽ പറയുന്നത്. മഹാരാഷ്ട്രയിലെ വാശി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ക്രൂരമായ ലൈംഗികാതിക്രമത്തിനും ശാരീരിക, മാനസിക പീഡനങ്ങൾക്കും ഇരയായതായി സ്ത്രീ പരാതിയിൽ പറയുന്നു.

47കാരിയായ ഇസബെൽ ഗോവയിൽവച്ചാണ് രാജേഷ് ഒബ്രോയ് എന്ന വ്യക്തിയെ പരിചയപ്പെടുന്നത്. വിവാഹശേഷം ഇയാളുടെ പേര് രാജേഷ് ശുക്ല ആണെന്ന് യുവതിക്ക് മനസിലായി. സിനിമാ മേഖലയിൽ ജോലി ചെയ്യുകയാണെന്നാണ് രാജേഷ് ഇസബെല്ലിനെ ധരിപ്പിച്ചിരുന്നത്. എന്നാൽ അതും കള്ളമാണെന്ന് ഇസബെൽ പിന്നീട് മനസിലാക്കി. 

'തന്റെ ഭർത്താവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും പിശാചിനെ ആരാധിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. ഇയാൾ ദുർമന്ത്രവാദം ചെയ്യുന്നതായും യുവതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.'-വാശി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറയുന്നു.

ഭർത്താവ് തന്റെ വീഡിയോകൾ രഹസ്യമായി മൊബൈലിൽ പകർത്തുകയും തന്നെ പിന്തുടരുകയും ചെയ്യുന്നുണ്ടെന്നും അവർ പരാതിയിൽ പറയുന്നു. മദ്യപിച്ചെത്തുന്ന ഇയാൾ സ്ഥിരമായി ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കികയിരുന്നതായും സ്ത്രീ വ്യക്തമാക്കി. 

ദുർമന്ത്രവാദത്തിന്റെ പേരിൽ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയിരുന്നതായും സ്ത്രീ ആരോപിക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ കോടതി ഭർത്താവിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

2015-ലാണ് ഇസബെൽ ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യൻ സംസ്‌കാരത്തേയും കുടുംബ വ്യവസ്ഥിതിയേയും കുറിച്ച് കൂടുതൽ പഠിക്കാനാണ് എത്തിയത്. സൗത്ത് ഗോവയിൽവെച്ച രാജേഷിനെ പരിചയപ്പെട്ടു. രാജേഷ് പ്രൊപ്പോസ് ചെയ്തതോടെ ഇരുവരും വിവാഹിതരാകുകയായിരുന്നു. ഉത്തർപ്രദേശിലായിരുന്നു വിവാഹച്ചടങ്ങുകൾ. അതിന് ശേഷം വാശിയിലെ വീട്ടിൽ താമസം ആരംഭിക്കുകയും ചെയ്തു.