ഇടുക്കി: തൊടുപുഴയിൽ അമ്മയുടെ കാമുകൻ എട്ടുവയസുകാരനെ മർദ്ദിച്ചുകൊലപ്പെടുത്തിയ കേസിൽ പൊലീസ് പ്രതി ചേർക്കപ്പെട്ട കുട്ടിയുടെ അമ്മ അർച്ചനയെ കോടതി മാപ്പുസാക്ഷിയാക്കി. കേസിൽ മാപ്പുസാക്ഷിയാക്കണമെന്ന അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി അനുകൂലമായി തീരുമാനമെടുത്തത്. കുട്ടിയെ മർദ്ദിക്കുന്നത് കണ്ടിട്ടും മൗനം പാലിച്ചതും അരുണിന് രക്ഷപെടാൻ അവസരമൊരുക്കിയതുമാണ് അർച്ചനക്ക് മേൽ ചുമത്തപ്പെട്ട കുറ്റം.

കേസിൽ വാദം ബുധനാഴ്ചയും തുടരും. പ്രതിഭാഗം വാദം കേട്ട ശേഷമായിരിക്കും കുറ്റപത്രം വായിച്ചുകേൾപ്പിക്കുക. ഇതിനിടെ നേരത്തെ പൊലീസ് പ്രതി ചേർത്തിരുന്ന കുട്ടിയുടെ അമ്മയെ മാപ്പുസാക്ഷിയാക്കി. തൊടപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ തന്നെ തങ്ങളുടെ ഭാഗം കേൾക്കാൻ സമയം വേണമെന്ന് പ്രതിഭാഗം നിലപാടെടുത്തു.

തുടർന്ന് അധിക ദിവസത്തേക്ക് കേസ് നീട്ടാനാവില്ലെന്നും നാളെ പ്രതിഭാഗം വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. കേസിൽ കുറ്റപത്രം വായിച്ചുകേൾക്കാൻ പ്രതി അരുൺ ആനന്ദിനെ നേരിട്ട് ഹാജാരാക്കണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. ശാരീരിക അസ്വസ്ഥതകൾ മൂലം അരുൺ ആനന്ദിന് ഹാജരാകാനായില്ല.

പൂജപ്പുര സെന്ട്രൽ ജെയിലിൽ കഴിയുന്ന അരുൺ ഓൺലൈനായാണ് കേസ് കേട്ടത്. നാളെയും അരുൺ ഓൺലൈനിൽ ഹാജരാകാനാണ് സാധ്യത. പ്രതിഭാഗം കേട്ട ശേഷം കുറ്റപത്രം വായിച്ചുകേൾപ്പിക്കും.

2019 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. സഹോദരൻ സോഫയിൽ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞ് പ്രതി അരുൺ ആനന്ദ് എട്ടുവയസുകാരനെ മർദ്ദിക്കുകയായിരുന്നു. ഇതാണ് മരണത്തിനിടയാക്കിയത്. കുട്ടിയെ നിലത്തിട്ട് ചവിട്ടി കാലിൽ പിടിച്ച് തറയിൽ അടിച്ച തലച്ചോർ പുറത്തുവന്നപ്പോഴാണ് മർദ്ദനം അവസാനിപ്പിച്ചത്.

ആശുപത്രി കിടക്കയിൽ 10 ദിവസത്തോളം പോരാടിയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. കേസിൽ 2019 മാർച്ച് 30ന് അരുൺ ആനന്ദ് പിടിയിലായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ അരുൺ മുമ്പും കുട്ടിയെ മർദ്ദിച്ചിരുന്നുവെന്ന് കണ്ടെത്തി. മർദ്ദിച്ചിട്ടുണ്ടെന്ന് അമ്മയും പൊലീസിനോട് സമ്മതിച്ചു. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.

വിചാരണയുടെ ആദ്യ ഘട്ടമായി പ്രതി അരുൺ ആനന്ദിനെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. മറ്റൊരു കേസിൽ ശിക്ഷയിൽ കഴിയുന്ന അരുൺ ആനന്ദ് ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

ക്രൂരമായി മർദ്ദനമേറ്റ് മുക്കാൽ മണിക്കൂറിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോയത്. സോഫയിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോട് കുട്ടിയുടെ അമ്മയും അരുണും പറഞ്ഞത്. കുട്ടിയുടെ അച്ഛനാണ് അരുണെന്നും പറഞ്ഞു.

എന്നാൽ ആശുപത്രി അധികൃതർക്ക് ഇതിൽ സംശയം തോന്നിയതിനാൽ അടിയന്തര ചികിത്സ നൽകുന്നതിനൊപ്പം പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു . പൊലീസെത്തിയപ്പോൾ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

എന്നാൽ അരുൺ ഇതിന് തയ്യാറായില്ല. അരമണിക്കൂർ നേരം ആംബുലൻസിൽ കയറാതെ അരുൺ അധികൃതരുമായി നിന്ന് തർക്കിച്ചു. കുട്ടിയുടെ അമ്മയെ ആംബുലൻസിൽ കയറാൻ അനുവദിക്കുകയും ചെയ്തില്ല. ഒടുവിൽ പൊലീസ് നിർബന്ധിച്ചാണ് ആംബുലൻസിൽ ഇരുവരെയും കയറ്റിവിട്ടത്.

കുട്ടിയുടെ മരണ കാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം തന്നെയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും പറയുന്നു. തലയ്ക്ക് മുന്നിലും പിന്നിലും ചതവുണ്ട്. തലയോട്ടിയുടെ വലതു ഭാഗത്താണ് പൊട്ടൽ. വാരിയെല്ലിനും പൊട്ടലുണ്ടായിരുന്നു. ശരീരത്തിൽ ബലമായി ഇടിച്ചതിന്റെ പാടുകളുമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.