- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുഞ്ഞ് പൂളിൽ വീണെന്നും, രക്ഷിക്കണമെന്നും പാതിരാത്രി 911ൽ കോൾ; പോലീസ് എത്തിയപ്പോഴേക്കും 4 വയസ്സുകാരി മരിച്ചു; ശ്വാസകോശത്തിൽ വെള്ളമില്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെ പുറത്ത് വന്നത് ഇന്ത്യൻ വംശജയായ ഡോക്ടറുടെ ക്രൂരത; അപകടമെന്ന് വരുത്താൻ എമർജൻസി കോളിൽ 'കരച്ചിൽ നാടകം'; 37കാരിയുടെ ആ കോൾ റെക്കോർഡ് ഇങ്ങനെ

വാഷിംഗ്ടൺ: യുഎസിലെ ഫ്ലോറിഡയിൽ വാടക വീടിന്റെ സ്വിമ്മിംഗ് പൂളിൽ മുക്കി നാല് വയസ്സുള്ള മകളെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്കെതിരെ നിർണ്ണായക തെളിവുകൾ. കഴിഞ്ഞ വർഷം ജൂണിലാണ് സംഭവമുണ്ടായത്. കുറ്റകൃത്യം മറച്ചുവെക്കാൻ ഡോക്ടർ നടത്തിയ 911 കോളിന്റെ വിവരങ്ങളാണ് യുഎസ് അധികൃതർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒക്ലഹോമയിലെ പീഡിയാട്രീഷ്യനായ ഡോ. നേഹ ഗുപ്ത, മകളുടെ മരണം ഒരു അപകടമാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവം ഈ ഫോൺ കോൾ നാടകം കളിച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയച്ചു.
ഒക്ലഹോമയിൽ നിന്ന് ഫ്ലോറിഡയിലെ മിയാമി സന്ദർശിക്കാൻ എത്തിയതായിരുന്നു പീഡിയാട്രീഷ്യനായ നേഹയും മകളും. വാടക വീട്ടിൽ നിന്നും പാതിരാത്രിയിൽ പുറത്തിറങ്ങിയ മകൾ ആര്യ തലാത്തി അബദ്ധത്തിൽ സ്വിമ്മിംഗ് പൂളിൽ വീഴുകയായിരുന്നു എന്നാണ് 37-കാരിയായ നേഹ ഗുപ്ത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പിന്നീടാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.
"അവൾ പൂളിലായിരുന്നു, ഞാൻ അവളെ രക്ഷിക്കാൻ ശ്രമിച്ചു, പക്ഷേ എനിക്ക് നീന്താൻ അറിയില്ല. ഞാൻ അവളെ പുറത്തെടുക്കാൻ നോക്കി. ഞങ്ങൾ ഉറങ്ങുകയായിരുന്നു, അപ്പോഴാണ് എന്തോ ശബ്ദം കേട്ടത്. നോക്കിയപ്പോൾ അവൾ പൂളിലായിരുന്നു. ഞാൻ അവളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് നീന്താൻ അറിയില്ലായിരുന്നു. അവൾ പൂളിന്റെ അടിയിലേക്ക് താഴ്ന്നുപോയി." അധികൃതർ പുറത്തുവിട്ട 911 കോൾ റെക്കോർഡിംഗിൽ നേഹ ഗുപ്ത പറയുന്നത് ഇങ്ങനെയായിരുന്നു.
കുട്ടിയെ പുറത്തെടുക്കാൻ അവിടെ മറ്റാരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന്, "ഇല്ല, ഞങ്ങൾ രണ്ടുപേർ മാത്രമേ ഇവിടെയുള്ളൂ... ഞാൻ മാത്രമാണ് ഇവിടെ... അവളെ പുറത്തെടുക്കാൻ ഞാൻ പരമാവധി ശ്രമിച്ചു," എന്നായിരുന്നു ഗുപ്തയുടെ മറുപടി. കുട്ടിക്ക് ബോധമുണ്ടോ എന്ന് ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ, "ഇല്ല, അവൾ പൂളിന്റെ അടിയിലാണ്... അനക്കമൊന്നുമില്ല," എന്ന് ഗുപ്ത പറഞ്ഞു. കുട്ടിയെ പൂളിൽ നിന്ന് വലിച്ചു പുറത്തിടാൻ ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചെങ്കിലും, അതിന് തയ്യാറാവാതെ പാരാമെഡിക്കൽ സംഘം എപ്പോൾ എത്തുമെന്നാണ് ഗുപ്ത തിരിച്ചു ചോദിച്ചത്.
"സഹായം വരുന്നുണ്ട്, പക്ഷേ അതിനു മുൻപ് നിങ്ങൾ അവളെ എങ്ങനെയെങ്കിലും സഹായിക്കണം. പൂളിൽ നിന്ന് അവളെ പുറത്തെടുക്കാൻ എന്തെങ്കിലും വഴി നോക്കൂ." എന്നും ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. പൂളിന്റെ ആഴത്തെക്കുറിച്ചും കുട്ടി ആഴം കുറഞ്ഞ ഭാഗത്താണോ അതോ കൂടുതൽ ആഴമുള്ള ഭാഗത്താണോ എന്നും ഉദ്യോഗസ്ഥൻ ചോദിച്ചു. "ഒൻപത് അടി ആഴമുണ്ടാകുമെന്ന് തോന്നുന്നു, എത്രത്തോളമുണ്ടെന്ന് എനിക്കറിയില്ല," എന്നായിരുന്നു ഗുപ്തയുടെ മറുപടി.
"ശരി, എങ്ങനെയെങ്കിലും അവളെ പുറത്തെടുക്കാൻ ശ്രമിക്കൂ മാഡം," എന്ന് ഉദ്യോഗസ്ഥൻ വീണ്ടും ആവർത്തിച്ചു. "അതെ, ഞാൻ ശ്രമിക്കുന്നുണ്ട്," എന്ന് ഗുപ്ത മറുപടി നൽകി. അല്പസമയത്തിനകം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ഗുപ്ത പോയി വാതിൽ തുറന്നുകൊടുത്തു. തുടർന്ന് ഉദ്യോഗസ്ഥർ പൂളിലിറങ്ങിയാണ് കുട്ടിയെ പുറത്തെടുത്തത്.
കുട്ടി എത്ര സമയം പൂളിൽ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് തനിക്ക് കൃത്യമായ ധാരണയില്ലെന്നും ഏകദേശം 20 മിനിറ്റോളം ആയിരിക്കാമെന്നുമാണ് ഗുപ്ത പാരാമെഡിക്കൽ സംഘത്തോട് പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. കുട്ടിയുടെ ശ്വാസകോശത്തിലോ വയറ്റിലോ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. പൂളിൽ ഇടുന്നതിന് മുൻപ് തന്നെ കുട്ടി മരിച്ചിരുന്നുവെന്ന് ഇതിലൂടെ സ്ഥിരീകരിച്ചു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്. ഇതിനെത്തുടർന്ന് അറസ്റ്റിലായ നേഹ ഗുപ്ത നിലവിൽ ജാമ്യമില്ലാതെ ജയിലിൽ കഴിയുകയാണ്.
മകൾ ആര്യയുടെ മരണം ഒരു അപകടമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നേഹ ഗുപ്തയും അവരുടെ അഭിഭാഷകരും. കേസിൽ മെയ് മാസത്തിൽ നേഹയെ വീണ്ടും കോടതിയിൽ ഹാജരാക്കും. അതേസമയം, സംഭവസമയത്ത് ആര്യയുടെ പിതാവ് കുട്ടിയുടെ പൂർണ്ണ സംരക്ഷണാവകാശം തേടി കോടതിയെ സമീപിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നു. നേഹ ഗുപ്തയുടെ മാനസികാവസ്ഥയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. തന്റെ മകളെ നേഹ ഫ്ലോറിഡയിലേക്ക് കൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്.


