കൽപ്പറ്റ: വയനാട് തരുവണ്ണയിലെ മുഫീദയുടെ മരണത്തിൽ രണ്ടാം ഭർത്താവ് ഹമീദിന്റെ മകൻ ജാബിർ അറസ്റ്റിലായി. ഈ മാസം ആദ്യമാണ് മുഫീദ ആത്മഹത്യ ചെയ്തത്. രണ്ടാം ഭർത്താവിന്റെ മക്കളും ബന്ധുക്കളും വിവാഹമോചനം ആവശ്യപ്പെട്ട് മുഫീദയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പരാതി.

രണ്ടുമാസം മുമ്പാണ് തരുവണ്ണ സ്വദേശി മുഫീദയ്ക്ക് ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റത്. ഈ മാസം രണ്ടിനാണ് ചികിത്സയിലിരിക്കെ മുഫീദ മരിക്കുന്നത്. പിന്നാലെ മുഫീദയുടെ മക്കൾ വെള്ളമുണ്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിന്റെ അന്വേഷണ ചുമതല ജില്ലാ പൊലീസ് മേധാവി മാനന്തവാടി സിഐക്ക് കൈമാറി.

രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് മുഫീദയുടെ മരണത്തിൽ ജാബിറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ പുലിക്കാട് യുണിറ്റ് സെക്രട്ടറിയാണ് ജാബിർ. മുഫീദ ആത്മഹത്യ ചെയ്യുന്ന വേളയിൽ എടുത്ത വീഡിയോയിൽ ജാബിറിനെയും കാണാമായിരുന്നു. ആത്മഹത്യാപ്രേരണ, വീട്ടിൽ അതിക്രമിച്ച്ു കയറൽ തുടങ്ങിയ കുറ്റങ്ങളാണ് ജാബിറിനെതിരെ ചുമത്തിയിട്ടുള്ളത്.

മരണവുമായി ബന്ധപ്പെട്ട കേസ് സിഐ തലത്തിൽ അന്വേഷിക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു. രണ്ട് മാസം മുമ്പ് രാത്രിസമയത്ത് പ്രദേശവാസികളായ ചിലർ ഇവർ താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നിരുന്നു. അന്നു തന്നെയാണ് ഇവരെ തീപൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണവും സംഭവിച്ചു.

എന്നാൽ, ഇവർ പൊലീസിൽ നൽകിയ മൊഴിയിൽ ആർക്കെതിരെയും പരാതികളുന്നയിക്കാത്തതിനാൽ കേസെടുത്തിരുന്നില്ല. മരണശേഷം മക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വെള്ളമുണ്ട പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവം വിവാദമായതോടെ സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് അന്വേഷിക്കാനാണ് ഉന്നതതല നിർദ്ദേശം.

സംഭവത്തിൽ, പ്രാദേശിക സിപിഎം നേതൃത്വത്തിനെതിരെ ആരോപണമുയർന്നിരുന്നു. എന്നാൽ, പുലിക്കാട് മുഫീദയുടെ മരണവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും രാഷ്ട്രീയ വിരോധം തീർക്കുന്നത് പ്രതിഷേധാർഹമാണെന്ന് പൊരുന്നന്നൂർ ലോക്കൽ സെക്രട്ടറി നജ്മുദ്ദീൻ പറഞ്ഞു. രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി ആരോപണങ്ങൾ നടത്തിയവർ പിന്മാറണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.