ബത്തേരി: കാറിൽ മയക്കുമരുന്നായ എംഡിഎംഎ വച്ചു മുൻ ഭാര്യയെയും ഭർത്താവിനെയും കേസിൽ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊളിയുന്നത് വമ്പൻ ഗൂഢാലോചന. ചീരാൽ സ്വദേശി മുഹമ്മദ് ബാദുഷ(26) ആണ് കുടുങ്ങിയത്. മുൻ ഭാര്യയോടുള്ള പക തീർക്കാനായിരുന്നു മയക്കുമരുന്ന് കേസുണ്ടാക്കിയത്.

മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാനാണ് ശ്രമിച്ചത്. 10,000 രൂപ മുഹമ്മദ് ബാദുഷയിൽനിന്നു വാങ്ങി കാറിൽ എംഡിഎംഎ വച്ച ചീരാൽ, കുടുക്കി, പുത്തൻപുരക്കൽ പി.എം. മോൻസി (30) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞ് ഒളിവിൽപോയ മുഖ്യപ്രതിക്കായി അന്വേഷണം സജീവമാക്കി. ഗൂഢാലോചനയിൽ മറ്റു പങ്കാളികളുണ്ടോ എന്നറിയാനുള്ള ശ്രമവും പൊലീസ് തുടങ്ങി.

വിൽപ്പനയ്ക്കായി ഒഎൽഎക്സിലിട്ട കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരിൽ വാങ്ങി ഡ്രൈവർ സീറ്റിന്റെ റൂഫിൽ എംഡിഎംഎ ഒളിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണു സംഭവം നടന്നത്. പുൽപ്പള്ളി-ബത്തേരി ഭാഗത്തുനിന്നു വരുന്ന കാറിൽ എംഡിഎംഎ കടത്തുന്നുണ്ടെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെ ബത്തേരി പൊലീസ് കോട്ടക്കുന്ന് ജംക്ഷനിൽ പരിശോധന നടത്തി. അമ്പലവയൽ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറിൽനിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എന്നാൽ തുടർന്നുള്ള ചോദ്യംചെയ്യലിൽ ഇവരുടെ നിരപരാധിത്വം പൊലീസിനു ബോധ്യപ്പെട്ടു.

ഒഎൽഎക്സിൽ വിൽപ്പനക്കിട്ട വാഹനം ടെസ്റ്റ് ഡ്രൈവിന് ശ്രാവൺ എന്നയാൾക്കു കൊടുക്കാൻ പോയതാണെന്ന് ദമ്പതികൾ പറഞ്ഞു. ഇതോടെ ശ്രാവണിന്റെ നമ്പർ വാങ്ങി പൊലീസ് വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടർന്ന് നമ്പറിന്റെ ലൊക്കേഷൻ കണ്ടെത്തി ഇയാളെ പിടികൂടി. ഇതോടെ ശ്രാവൺ കുറ്റസമ്മതം നടത്തി. ശ്രാവൺ എന്നത് മോൻസിയുടെ കള്ളപ്പേരാണെന്നു കണ്ടെത്തിയതാണ് നിർണ്ണായകമായത്. ഇയാൾക്ക് ബാദുഷായുമായും അടുപ്പമുണ്ടായിരുന്നു.

ബത്തേരി പൊലീസിന്റെ സന്ദർഭോചിതമായ ഇടപെടലാണ് ദമ്പതിമാരെ രക്ഷിച്ചത്. യുവതിയുടെ മുൻഭർത്താവിന് ദമ്പതിമാരോടുള്ള വിരോധംകാരണം ഇരുവരെയും കേസിൽ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി സുഹൃത്തായ മോൻസിക്ക് 10,000 രൂപ നൽകി, കാറിൽ എം.ഡി.എം.എ. ഒളിപ്പിച്ചുവെക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

എസ്.സി.പി.ഒ. നൗഫൽ, സി.പി.ഒ.മാരായ അജ്മൽ, പി.ബി. അജിത്ത്, നിയാദ്, സീത എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.