- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജോഷിയുടെ വീട്ടിൽ കയറിയത് ഒർജിനൽ റോബിൻഹുഡ്!
കൊച്ചി: റോബിൻഹുഡ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ സംവിധായകനായ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയത് തിരുവനന്തപുരത്തെ ഭീമാ ജ്യൂലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ അതേ കള്ളൻ. ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാനാണ് പിടിയിലായത്. കേരളാ പൊലീസിന്റെ അതിവേഗ നീക്കമാണ് ഇതിന് കാരണം. നാട്ടിൽ ജനസമ്മതിയുള്ള കള്ളനാണ് ഇർഫാൻ. ഉജ്ജ്വൽ എന്നും പേരുണ്ട്.
നാട്ടിലെ നന്മമരമാണ് ഈ കവർച്ചക്കാരൻ. മോഷ്ടിക്കുന്ന മുതൽ പാവങ്ങൾക്ക് നൽകുന്ന കള്ളൻ. റോഡുകൾ നിർമ്മിച്ചും പാവങ്ങളുടെ വിവാഹം നടത്തിയും കൈയടി നേടിയ 'റോബിൻ ഹുഡ്'. ബിഹാറിലെ സിതാമർഹി ജില്ലയിൽ ഗാർഹയ്ക്ക് സമീപം ജോഗിയ ഗ്രാമത്തിലെ റോബിൻ ഹുഡാണ് ഉജ്വൽ എന്ന മുഹമ്മദ് ഇർഫാൻ. ഇയാളുടെ ഭാര്യ ജില്ലാ പഞ്ചായത്ത് അംഗമാണ്. കോടീശ്വരനാണ് ഈ കള്ളൻ. വലിയ വീടും അത്യാഡംബരക്കാറും എല്ലാം ഏറെയുണ്ട്. പലതവണ പൊലീസ് ഇയാളെ പിടികൂടുകയും ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയാൽ വീണ്ടും മോഷണം.
ബീഹാറിലെ സാധാരണ ഗ്രാമത്തിൽ ജനിച്ച ഇർഷാദിനെ കള്ളനാക്കിയത് ജീവിത സാഹചര്യങ്ങളാണ്. വീട്ടിലെ സാമ്പത്തിക പ്രതിസന്ധി മൂലം സഹോദരിയുടെ കല്യാണം മുടങ്ങി. സ്ത്രീധനം നൽകാൻ പണമില്ലാത്തതായിരുന്നു ഇതിന് കാരണം. പിന്നീട് മോഷണം നടത്തി സഹോദരിയുടെ കല്യാണം നടത്തിയെന്നും പ്രചരണമുണ്ട്. പിന്നീട് ഇർഫാൻ നാടുവിട്ടു. ജോലി നേടി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ ജോലി തിരഞ്ഞു നടന്ന ഇർഫാൻ മികച്ചൊരു കള്ളനായി. കിട്ടിയതെല്ലാം കൊണ്ട് നാട്ടിൽ തിരിച്ചെത്തി. തന്റെ സഹോദരിയുടെ കല്യാണം മുടങ്ങിയ അതേ അവസ്ഥ നാട്ടിൽ ആർക്കും ഉണ്ടാകരുതെന്നും തീരുമാനിച്ചു. അങ്ങനെ നാട്ടുകാരുടെ പ്രിയപ്പെട്ട സഹായിയായി.
2012ൽ ജില്ലാ കൗൺസിലിലേക്ക് ഇർഫാന്റെ ഭാര്യ മത്സരിച്ചു. ഗുൽഷൻ പർവീൻ അന്ന് അമ്പത് ശതമാനത്തിലേറെ വോട്ട് നേടിയാണ് ജയിച്ചത്. ഭർത്താവിന്റെ മോഷണ മുതൽ നടത്തിയ സന്നദ്ധ സേവനങ്ങളായിരുന്നു ഈ വിജയത്തിന് ആധാരം. ഭാര്യയെ പ്രണയിച്ചാണ് ഇർഷാദ് വിവാഹം ചെയ്തത്. കടുത്ത ദാരിദ്രം കാരണം പല ജോലികൾ ചെയ്തു. ഹോട്ടൽ മുതൽ തുണിക്കച്ചവടം വരെ ചെയ്തു. ഉത്തരേന്ത്യൻ നഗരങ്ങളിൽ പണമുണ്ടാക്കാനായി അലഞ്ഞു. ഇതൊന്നും കഷ്ടത മാറ്റിയില്ല. കള്ളനായി മാറിയതോടെ ജീവിത രീതി തന്നെ മാറി. അതിന്റെ ഫലം സ്വന്തം നാട്ടുകാർക്ക് നൽകുകയും ചെയ്തു.
ലക്ഷ്വറി കാറുകളിൽ കറങ്ങി നടന്ന് താൽപ്പര്യം തോന്നുന്ന വീടുകളിൽ കവർച്ച നടത്തുന്ന സ്വഭാവമാണ് ഇയാൾക്ക്. നാട്ടുകാരെ കൈയയച്ച് സഹായിക്കും. അതുകൊണ്ട് തന്നെ നാട്ടുകാരുടെ പിന്തുണ ഇയാൾക്കുണ്ട്. 12 സംസ്ഥാനങ്ങളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇർഫാൻ എന്നാണ് സൂചന. കൊച്ചി പൊലീസ് നാല് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. ബിഹാറിലെ റോബിൻഹുഡ് എന്നാണ് ഇർഫാൻ അറിയപ്പെടുന്നത്. ജോഷിയുടെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളും മറ്റൊരു സി.സി.ടി.വി. ക്യാമറയിൽനിന്ന് ലഭിച്ച, മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഒരു കാറിന്റെ ദൃശ്യങ്ങളുമാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഈ കാർ പോയ വഴി കേരള പൊലീസ് നീങ്ങി. ഈ കാർ കർണാടക അതിർത്തി കടന്നുവെന്നും മനസ്സിലായി. കർണാടക പൊലീസിന് വിവരം കൈമാറുകയും ഉഡുപ്പിയിൽവെച്ച് ഇർഫാനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബിഹാറിലെ ഏഴ് കോൺക്രീറ്റ് റോഡുകൾ നിർമ്മിക്കുകയും പാവപ്പെട്ടവരെ അവരുടെ പെൺമക്കളുടെ കല്യാണം നടത്താൻ ഉദാരമായി സഹായിക്കുകയും ചെയ്യുന്ന നന്മമരമാണെന്നും പറയുന്നു. ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭാര്യ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത് ഈ സാമൂഹിക പ്രവർത്തനങ്ങളുടെ കരുത്തിലാണ്.
ബീഹാറിലെ സിതാമർഹി ജില്ലയിൽ താമസിക്കുന്ന മുഹമ്മദ് ഇർഫാൻ ഗ്രാമങ്ങളിൽ വിവിധ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നതിനും ദുരിതമനുഭവിക്കുന്ന പാവങ്ങളെ സഹായിക്കുന്നതിനുമായി മോഷ്ടിച്ച തുക ഉദാരമായി ചെലവഴിക്കുകയായിരുന്നു. മോഷണക്കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത് വരെ പ്രാദേശിക ഗ്രാമവാസികൾക്ക് ഇയാളൊരു കള്ളനാണെന്ന് അറിയില്ലായിരുന്നു.
ഇർഫാൻ ഒരു കോടി ചെലവഴിച്ച് ഏഴ് ഗ്രാമങ്ങളിൽ റോഡുകൾ നിർമ്മിച്ചു, ഡസൻ കണക്കിന് പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്തി, ഒരു കാൻസർ രോഗിക്ക് 20 ലക്ഷം രൂപ സംഭാവന നൽകി, കൂടാതെ തന്റെ പ്രദേശത്തെ നിരവധി പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഫീസും ഇർഫാൻ നൽകിയെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നതായി ദേശീയ മാധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.