കോഴിക്കോട്: കൗമാരപ്രായത്തില്‍ രണ്ടുപേരെ കൊലപ്പെടുത്തിയെന്ന പള്ളിക്കല്‍ ബസാറില്‍ താമസിക്കും അയ്പറമ്പില്‍ മുഹമ്മദാലി (54)യുടെ വെളിപ്പെടുത്തലിന് പിന്നാലെ 1989ല്‍ കാണാതായവരുടെ കേസുകള്‍ അന്വേഷിച്ച് പൊലീസ്. ഇക്കാലഘട്ടത്തില്‍ കോഴിക്കോട് സിറ്റിയിലെ പൊലിസ് സ്റ്റേഷനുകളില്‍ കാണ്‍മാനില്ലെന്നുള്ള പരാതികളാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിലൂടെ മരിച്ചയാളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. കമീഷണറുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡാണ് പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ദുരൂഹത ഏറെയാണ്. എന്നാല്‍ മുഹമ്മദാലി എന്ന ആന്റണി (56) ആരെയും കൊന്നിട്ടില്ലെന്ന് പറയുന്നു ജ്യേഷ്ഠന്‍ പൗലോസ്. രണ്ടാം ക്ലാസില്‍ പഠിക്കുന്നതിനിടെ ഒളിച്ചോടിയ മുഹമ്മദലാി തിരികെ വന്നത് 10 വര്‍ഷത്തിന് ശേഷമാണെന്ന് ഇദ്ദേഹം പറഞ്ഞു. മുഹമ്മദാലിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. ഈ കേസ് എല്ലാ അര്‍ത്ഥത്തിലും പോലീസിന് തലവേദനയാണ്. പോലീസിനെ വട്ടം ചുറ്റിക്കുകയാണ് മുഹമ്മദലി എന്ന് സാരം.

കൂടരഞ്ഞിയിലെ ആള്‍ മരിച്ചത് തോടിലെ വെള്ളത്തില്‍ വീണിട്ടാകാമെന്നാണ് മുഹമ്മദാലിയുടെ സഹോദരന്‍ പറയുന്നത്. എന്നാല്‍ കോഴിക്കോട് വെള്ളയിലും കൊലപാതകം ചെയ്‌തെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അറിയില്ലെന്നും പൗലോസ് പറഞ്ഞു. 1986, 1989 വര്‍ഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തല്‍. കൂടരഞ്ഞി തൈപറമ്പില്‍ പൈലിയുടെ മകനായ ആന്റണിയാണ് മുഹമ്മദാലി ആയി മാറിയത്. 14-ാം വയസ്സില്‍ കൂടരഞ്ഞി കരിങ്കുറ്റിയില്‍ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് പൊലീസില്‍ മുഹമ്മദാലി നല്‍കിയ ഒരു മൊഴി. 1986 ഡിസംബറിലാണ് സംഭവമെന്ന് പറയുന്നു. ഡിസംബര്‍ അഞ്ചിലെ പത്രത്തില്‍ കൂടരഞ്ഞി മിഷന്‍ ആശുപത്രിക്ക് പിറകിലെ വയലിലെ തട്ടില്‍ 20 വയസ്സ് തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയതായി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ പഴയ പോലീസുകാരനില്‍ നിന്നും വിവരങ്ങള്‍ അന്വേഷണ സംഘം തേടും.

ബീച്ചിലെ കൊലപാതകത്തിന് മറ്റൊരാള്‍ക്കും പങ്കുണ്ടെന്നാണ് മുഹമ്മദാലിയുടെ മൊഴി. ബാബു എന്ന കഞ്ചാവ് ബാബുവാണ് അന്ന് ഒപ്പമുണ്ടായിരുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഈ പേരിലുള്ള ആള്‍ക്കെതിരെ കേസുകള്‍ സിറ്റി പൊലീസിലുണ്ടോയെന്നും പരിശോധിക്കും. 1989-ല്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് ഒരാളെ താനും കഞ്ചാവ് ബാബു എന്നയാളും ചേര്‍ന്ന് കൊന്നുവെന്നാണ് മുഹമ്മദലിയുടെ മൊഴി. ബാബു നഗരത്തില്‍ കഞ്ചാവുവില്‍പ്പന നടത്തുന്നയാളാണെന്നും മുഹമ്മദലി പറഞ്ഞിരുന്നു. എന്നാല്‍, പോലീസ് ദിവസങ്ങളോളം അന്വേഷിച്ചിട്ടും കഞ്ചാവ് ബാബുവിനെക്കുറിച്ച് ഒരു സൂചനപോലും ലഭിച്ചില്ല. മരിച്ചയാളെ തിരിച്ചറിയാത്തതിനാല്‍ അജ്ഞാത മൃതദേഹമായാണ് നടപടി പൂര്‍ത്തീകരിച്ചത്. പോസ്റ്റ്മോര്‍ട്ടം രേഖകള്‍ക്കായി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിനെ സമീപിച്ചിട്ടുണ്ട്. കൂടരഞ്ഞിയില്‍ മുഹമ്മദലി തള്ളിയിട്ട് കൊന്നു എന്നു പറയപ്പെടുന്നയാളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥനെ തേടി പോലീസ് എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. അന്ന് തിരുവമ്പാടി എസ്‌ഐ ആയിരുന്ന തോമസാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. സര്‍വീസില്‍നിന്ന് വിരമിച്ചശേഷം അദ്ദേഹം എറണാകുളത്താണ് ഇപ്പോള്‍ താമസിക്കുന്നത്. വെള്ളത്തില്‍ മുങ്ങിമരിച്ച നിലയിലാണ് ഇരിട്ടി സ്വദേശി എന്ന് കരുതുന്നയാളെ കണ്ടെത്തിയത്. 1986-ലായിരുന്നു കൂടരഞ്ഞിയിലെ മരണം. കൊന്നതാണെന്ന് മുഹമ്മദലി പറയുന്നുണ്ടെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളൊന്നും ലഭിച്ചിട്ടില്ല. രേഖകള്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

കൂടരഞ്ഞിയിലെ തോട്ടിലേക്ക് ഒരാളെ ചവിട്ടിത്തള്ളിയെന്ന മുഹമ്മദാലിയുടെ മൊഴിയില്‍ തിരുവമ്പാടി പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഇരിട്ടിയില്‍നിന്ന് നാലംഗ സംഘം അക്കാലത്ത് മരിച്ചയാളുടെ വിവരങ്ങള്‍ തിരക്കാന്‍ കൂടരഞ്ഞിയില്‍ എത്തിയതായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കയാണ്. കഴിഞ്ഞമാസം അഞ്ചിനാണ് മുഹമ്മദാലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് വേങ്ങര പൊലീസ് തിരുവമ്പാടി സ്റ്റേഷനില്‍ വിവരമറിയിക്കുകയും മുഹമ്മദാലിയുടെ അറസ്റ്റ് രേഖപ്പെടുത്തിശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുംചെയ്തു. പിന്നീട്, കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് വെള്ളയില്‍ ബീച്ചിലെ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ആരാണ് കഞ്ചാവ് ബാബു?

തനിക്ക് 14 വയസ്സ് മാത്രം ഉള്ളപ്പോള്‍ 1986 കൂടരഞ്ഞിയില്‍ വച്ച് ഒരാളെ കൊലപ്പെടുത്തി എന്ന മുഹമ്മദ് വെളിപ്പെടുത്തലില്‍ തിരുവമ്പാടി പോലീസ് അന്വേഷണം നടത്തിവരവെയാണ് ഈ സംഭവത്തിനെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട് കടപ്പുറത്ത് വെച്ച് തന്റെ കൈയില്‍ നിന്ന് പണം തട്ടിപ്പറിച്ച് ഒരാളെ ഒരു സുഹൃത്തിന്റെ സഹായത്തോടെ മണലില്‍ ശ്വാസം മുട്ടിച്ചു കൊന്നു എന്ന വെളിപ്പെടുത്തല്‍. കടപ്പുറം കൊലപാതകത്തിന്റെ യാഥാര്‍ഥ്യം തേടിക്കൊണ്ടിരിക്കുകയാണ് പൊലീസ്. പ്രതിയുടെ മാനസിക നില പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പോലീസിന്റെ ഒരു രേഖയിലും കഞ്ചാവ് ബാബു പേരില്‍ അറിയപ്പെടുന്ന കഞ്ചാവുവില്‍പ്പനക്കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലെന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. കൊലപാതകം നടന്നുവെന്ന് പറയുന്നകാലത്ത് നടക്കാവ് പോലീസ് സ്റ്റേഷനിലും മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈം സ്‌ക്വാഡില്‍ പ്രവര്‍ത്തിച്ചിരുന്നവരും അങ്ങനെയൊരു കഞ്ചാവ് ബാബുവിനെക്കുറിച്ച് കേട്ടിട്ടേയില്ല. എറണാകുളം സ്വദേശിയായ ബാബു എന്നാണ് മുഹമ്മദലി പറഞ്ഞത്. അതിനപ്പുറത്തേക്ക് അയാള്‍ക്ക് ഒന്നുമറിയില്ല. അന്ന് നഗരത്തില്‍ ബ്രൗണ്‍ഷുഗറിന്റെ പ്രധാന ഡീലറായിരുന്ന ഒരു ബാബു ഉണ്ടായിരുന്നു. കോഴിക്കോട് റെയില്‍വേ അഞ്ചാം ഗേറ്റിന് സമീപത്തായിരുന്നു താമസിച്ചിരുന്നത്. അയാള്‍ 10 കൊല്ലംമുന്‍പ് മരിച്ചുവെന്നാണ് വിവരം. പിന്നൊരാള്‍ കഞ്ചാവുവില്‍പ്പനക്കാരനായിരുന്ന അലിയാര്‍ ബാബു എന്ന ഇടുക്കി സ്വദേശിയാണ്. ബാബു എന്നത് ഇവരുടെ സര്‍ക്കിളില്‍മാത്രം വിളിക്കുന്ന പേരാവാം. യഥാര്‍ഥപേര് മറ്റെന്തെങ്കിലുമാവാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.

ആന്റണി എന്ന മുഹമ്മദലി തിരുവമ്പാടിയില്‍നിന്ന് വീടുവിട്ട് ഇറങ്ങിപ്പോന്നശേഷം കോഴിക്കോട് പാളയത്ത് ഡേവിസണ്‍ തിയേറ്ററിന് സമീപത്തെ ഹോട്ടലില്‍ ജോലിചെയ്തിരുന്നുവെന്നാണ് പറഞ്ഞത്. ആ ഹോട്ടല്‍ ഏതാണെന്ന് മുഹമ്മദലിക്ക് അറിയില്ല. പാളയം മാര്‍ക്കറ്റിലെ കടകളില്‍ ചായ കൊണ്ടുകൊടുക്കലായിരുന്നു അന്ന് ജോലി. അതിനുശേഷം പാളയം ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തിലാണ് ഉറക്കം. അവിടെവെച്ചാണ് കഞ്ചാവ് ബാബു എന്ന ബാബുവിനെ പരിചയപ്പെടുന്നത്. മദ്യപിച്ച് അവശനായി പാളയത്തെ കെട്ടിടത്തില്‍വന്ന് ഉറങ്ങിയ ബാബുവിനെയാണ് ആദ്യം കണ്ടത്. പിന്നീട് അവര്‍തമ്മില്‍ സൗഹൃദമായി. നഗരത്തിലെ കറങ്ങലുകളില്‍ ഇരുവരും കൂട്ടായിമാറി. അങ്ങനെയാണ് തന്റെ പണം ഒരാള്‍ പിടിച്ചുപറിച്ചതായി ബാബു മുഹമ്മദലിയോട് പറയുന്നത്. പിന്നീട് അയാളെ വെള്ളയില്‍ഭാഗത്ത് കണ്ടതായും മുഹമ്മദാലിയെ ബാബു അറിയിച്ചു. തുടര്‍ന്ന്, അയാളെ കൊന്നുവെന്നാണ് വെളിപ്പെടുത്തല്‍.