കൊച്ചി: ഇലന്തൂർ നരബലി കേസിലെ സൂത്രധാരനായ മുഹമ്മദ് ഷാഫി എന്തും ചെയ്യാൻ മടിക്കാത്ത സൈക്കോപാത്ത്. ഇക്കാര്യം കൊച്ചി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു സ്ഥിരീകരിച്ചു. ഇയാൾ സൈക്കോപാത്ത് ആണെന്നും, ലൈംഗിക മനോവൈകൃതവും സാഡിസവും ഉള്ള ആളാണെന്നും കമ്മീഷണർ പറഞ്ഞു. ഇരകളെ മുറിവുണ്ടാക്കി അതിൽ രസം കണ്ടെത്തുന്ന വ്യക്തിയാണ്. ഷാഫിക്കെതിരായ മുൻ പീഡനക്കേസും ഇതും തമ്മിൽ സാമ്യമുണ്ട്. ഇയാൾ സാഡിസ്റ്റിക് പ്ലഷർ കണ്ടെത്തുന്ന ആളാണെന്ന് കമ്മീഷണർ പറഞ്ഞു.

മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയാണ്. പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഷാഫി പ്രതിയായി. ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്‌ബുക്കിൽ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്. കുറ്റകൃത്യത്തിന് മുൻപ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി. വ്യാജ ഫേസ്‌ബുക്ക് പേജ് ഉണ്ടാക്കി ആയിരുന്നു ഗൂഢാലോചന നടത്തിയതെന്നും കമ്മീഷണർ പറഞ്ഞു. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ് ഷാഫി. പ്രതികൾ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കടവന്ത്രയിലെ പത്മയുടെ തിരോധാന കേസ് അന്വേഷണത്തിന് ഇടയിലാണ് കാലടിയിലെ റോസ്‌ലിന്റെ കൊലപാതകം കണ്ടെത്തിയത്. കാലടി കേസും കടവന്ത്ര കേസും ഒരുമിച്ച് അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എച്ച്.നാഗരാജു പറഞ്ഞു. ശാസ്ത്രീയ അന്വേഷണമാണ് കുറ്റകൃത്യം തെളിയിക്കാൻ സഹായിച്ചത്. ഫോൺ രേഖ, ടവർ ലൊക്കേഷൻ എന്നിവ അടക്കം പരിശോധിച്ച് അന്വേഷണം നടത്തി. പ്രതികൾ തമ്മിൽ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ മൂന്ന് നാലു വർഷത്തെ പരിചയമുണ്ട്. പ്രതികളും കൊല്ലപ്പെട്ട സ്ത്രീകളും ഇലന്തൂരിലെ വീട്ടിലെത്തിയതിന് ദൃക്‌സാക്ഷിയുണ്ട്. നരബലിക്ക് ശേഷം നാല് കുഴികളിലായാണ് മൃതദേഹം കുഴിച്ചിട്ടതെന്നും കമ്മീഷണർ പറഞ്ഞു. സന്ധ്യ നേരത്തുകൊല നടത്തുകയും അർധരാത്രി കുഴിച്ചിടുകയും ആയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയതായും എച്ച്.നാഗരാജു അറിയിച്ചു .കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം ഭക്ഷിച്ചതായി പ്രതികൾ പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.

ഷാഫി ചെയ്യാത്ത ജോലികളൊന്നുമില്ല. തന്റെ ആഗ്രഹം നടപ്പാക്കാൻ ആളുകളെ ഏതു തരത്തിലും വീഴ്‌ത്താനുള്ള ശേഷി ഇയാൾക്കുണ്ട്. അതിനു വേണ്ടി ഏതുവിധത്തിലും അയാൾ പ്രവർത്തിക്കും. ശ്രീദേവി എന്ന പേരിൽ ഫേസ്‌ബുക്കിൽ വ്യാജപ്രൊഫൈൽ ഉണ്ടാക്കിയാണ് ഇയാൾ ഭഗവൽ സിങ്, ലൈല എന്നിവരുമായി അടുപ്പമുണ്ടാക്കിയത്. പിന്നീട് ഇയാളെ ഭഗവൽ സിങ്ങും ഭാര്യയും പൂർണമായി വിശ്വസിക്കുന്ന നിലയിലേക്കെത്തി.

"15 വയസ്സിൽ വീട് വിട്ടുപോയി. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി ചെയ്യാത്ത ജോലികളില്ല, കേരളത്തിൽ താമസിക്കാത്ത സ്ഥലങ്ങളില്ല, ലൈംഗിക വൈകൃതമുള്ളയാളാണ്. കൃത്യം ആസൂത്രണം ചെയതത് ഷാഫിയാണ്. ഭഗവൽ സിംഗിനേയും ലൈലയേയും വിശ്വസിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ കൊലപാതക കേസുകൾ നിലവിലുണ്ട്. പുത്തൻകുരിശിൽ വൃദ്ധയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. അവരുടെ സ്വകാര്യ ഭാഗങ്ങളിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചിരുന്നു. സമാനമായ ആക്രമണമാണ് ഇവിടേയും നടത്തിയത്. ലൈംഗിക വൈകൃതവും സൈക്കോപാത്തുമാണ് അദ്ദേഹം. എന്തും ചെയ്യും. ചെയ്യണമെന്ന് വിചാരിച്ചാൽ ആളുകളെ കൺവിൻസ് ചെയ്ത് സ്റ്റോറി സൃഷ്ടിച്ച് അത് നടപ്പിലാക്കും. ഒടുവിൽ ഗാന്ധിനഗർ ഏരിയയിൽ താമസിച്ചുവരികെയാണ് ഇത് നടക്കുന്നത്. തെരഞ്ഞെടുത്ത് മാത്രം സൗഹൃദം സ്ഥാപിക്കുന്നയാൾ." സിഎച്ച് നാഗരാജു പറഞ്ഞു.

ദമ്പതികളെ വിശ്വസിപ്പിച്ച് കുറ്റകൃത്യത്തിലേക്ക് എത്തിച്ചത് ഷാഫിയാണ്. ഗൂഢാലോചനയും ആസൂത്രണവും ഇരകളെ വലയിലാക്കിയതും ഷാഫിയാണ്. ദമ്പതികളിൽ നിന്നും ഇയാൾ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായി പറയുന്നുണ്ട്. എന്നാൽ രേഖാപരമായ തെളിവുകൾ മുഴുവൻ കണ്ടെത്തേണ്ടതുണ്ട്. ഭഗവൽ സിങ്ങിന്റെയും ലൈലയുടേയും പേരിൽ മുൻപ് കേസുകളുള്ളതായി അറിവില്ല. റെക്കോഡിക്കലി ക്രിമിനൽ കേസില്ല.

സെപ്റ്റംബർ 27 ന് വനിതയെ കാണാനില്ലെന്ന പരാതിയിൽ കടവന്ത്ര സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ലോട്ടറി വിൽപ്പനക്കാരിയാണ്, ഒറ്റയ്ക്കാണ് താമസം, 52 വയസുള്ള തമിഴ്‌വ്നാട് സ്വദേശിയാണ് എന്ന് വിവരം മാത്രമായിരുന്നു സഹോദരിയുടെ പരാതിയിൽ നിന്നും മനസ്സിലായത്. കാണാതായ പത്മം ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം പോലും അറിയില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതൊരു സാധാരണ കേസല്ലെന്ന് മനസിലാക്കിയെന്ന് സിഎച്ച് നാഗരാജു പറഞ്ഞു. ഡിസിപി ശശിധരനാണ് ഇതാരു തിരോധന കേസ് മാത്രമല്ലെന്ന് മനസിലാവുന്നതെന്ന് അറിയിച്ച നാഗരാജു അന്വേഷണ സംഘത്തെ അഭിനന്ദിച്ചു.

ഇളങ്കുളം ഭാഗത്ത് നിന്നും ലഭിച്ച സി സി ടി വി ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഷാഫിയെന്ന റിഷാദിലേക്ക് എത്തി. എന്നാൽ ചോദ്യം ചെയ്യലിൽ ഷാഫി ഒന്നും വിട്ടു പറഞ്ഞിരുന്നില്ല. തുടർന്നാണ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നുവെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു. ശാസ്ത്രീയമായ അന്വേഷണം പത്തനംതിട്ടയിലെത്തിച്ചു. സിസിടിവി ദൃശ്യങ്ങളും പ്രദേശവാസികളിൽ നിന്നുള്ള വിവരങ്ങളും ശേഖരിച്ചാണ് ഭഗവൽ സിങ്- ലൈല ദമ്പതികളുടെ വീട്ടിലെത്തുന്നത്. അവരെ ചോദ്യം ചെയ്തപ്പോഴാണ് മുഴുവൻ കാര്യങ്ങളും പുറത്ത് വന്നത്. പിന്നീട് ഷാഫിയും കുറ്റസമ്മതം നടത്തി.

ഭഗവൽ സിങ്ങിന്റെ പുരയിടത്തിൽ നടത്തിയ പരിശോധനയിൽ ഒരു കുഴിയിൽ നിന്നും പത്മയുടെ ശരീരാവശിഷ്ടങ്ങൾ ലഭിച്ചു. മറ്റു മൂന്നു കുഴികളിൽ നിന്നാണ് റോസ്ലിയുടെ ശരീരാവശിഷ്ടങ്ങൾ ലഭിച്ചത്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ കുറ്റകൃത്യം വെളിയിൽ കൊണ്ടുി വരാൻ സഹായമായത്. കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും കമ്മീഷണർ നാഗരാജു പറഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു. സമാനമായ കുറ്റകൃത്യം ഇവർ വേറെ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും ഡിസിപി ശശിധരൻ പറഞ്ഞു.