- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബറിടത്തിൽ ഇര പിടിക്കാൻ മുഹമ്മദ് ഷാഫി സൃഷ്ടിച്ചത് 'ശ്രീദേവിയെ' മാത്രമല്ല; സജ്‌നമോൾ, ശ്രീജ തുടങ്ങിയ ഫേക്ക് അക്കൗണ്ടുകളിലൂടെയും സ്ത്രീകളെ കെണിയിൽ കീഴ്ത്താൻ ശ്രമം നടത്തി; ചാറ്റുകൾ കണ്ടെടുത്തു പൊലീസ്; അത്ഭുത സിദ്ധികളുള്ള സിദ്ധനെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിക്കാൻ ഈ അക്കൗണ്ടുകൾ ഉപയോഗിച്ചെന്നും കണ്ടെത്തൽ
കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ പ്രതി മുഹമ്മദ് ഷാഫിക്ക് കൂടുതൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകളുണ്ടെന്ന് പൊലീസിന്റെ കണ്ടെത്തൽ. ഈ അക്കൗണ്ടുകൾ വഴിയാണ് ഇരപിടിക്കാൻ ഷാഫി ഉപയോഗിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ഷാഫിക്ക് ശ്രീദേവി എന്ന വ്യാജ ഫേസ്‌ബുക് അക്കൗണ്ടിന് പുറമേ രണ്ട് വ്യാജ അക്കൗണ്ടുകൾ കൂടിയുണ്ടെന്ന് പൊലീസ് കണ്ടെത്തി. 'സജ്‌നമോൾ', 'ശ്രീജ' എന്നീ പേരുകളിലാണ് വ്യാജ അക്കൗണ്ടുകൾ. ഇവയിലെ ചാറ്റുകൾ പൊലീസ് പരിശോധിച്ചു. നരബലി ആസൂത്രണം ചെയ്തതിന്റെ വിവരങ്ങൾ ചാറ്റുകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കൂടുതൽ പേരെ കബളിപ്പിക്കാൻ വേണ്ടിയാണ് ഈ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നത്.
വ്യാജ സിദ്ധനായ ഷാഫി തനിക്ക് അത്ഭുത സിദ്ധികളുണ്ടെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങിയത്. സമർത്ഥമായി തന്നെ ആളുകളെ കബളിപ്പിക്കാൻ ഷാഫിക്ക് കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ് ഇത്. ഇതുവഴി പരിചയപ്പെടുന്നവരെയാണ് ഇയാൾ വിദഗ്ധമായി സിദ്ധനിലേക്കെത്തിക്കുക. നരബലിയുടെ ആസൂത്രണം സംബന്ധിച്ചുള്ള വിവരങ്ങൾ വ്യാജ അക്കൗണ്ടിലെ ചാറ്റിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. 2021 നവംബറിലാണ് നരബലിയെ കുറിച്ച് സംസാരിക്കുന്നത്. ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിലൂടെയാണ് ഷാഫി ഭഗവൽ സിങ്ങിനെ പരിചയപ്പെട്ടതും അടുപ്പം സ്ഥാപിച്ച് നരബലിക്ക് പദ്ധതിയിടുന്നതും. സമൂഹമാധ്യമ ഉപയോഗത്തിൽ ഷാഫി വിദഗ്ധനാണെന്നും പൊലീസ് പറയുന്നു.
നരബലിക്കേസിൽ പ്രതികളുമായുള്ള തെളിവെടുപ്പും ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട പത്മയെ ഷാഫി ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം കഴിഞ്ഞ ദിവസം പുനരാവിഷ്‌കരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്‌കരിച്ചത്. സെപ്റ്റംബർ 26ന് രാവിലെ 9.15ന് ചിറ്റൂർ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തുവച്ചാണ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷൻ സ്ട്രീറ്റിലേക്ക് പോയി. സ്‌കോർപിയോ കാറുമായി 9.25ഓടെ തിരിച്ചെത്തി. കൃഷ്ണ ഹോസ്പിറ്റലിനു സമീപം കാത്തുനിന്ന പത്മയെ ഇവിടെ നിന്നാണ് വണ്ടിയിൽ കയറ്റി ഇലന്തൂരിലേക്ക് കൊണ്ടുപോയത്.
അതിനിടെ, ഇരട്ടക്കൊലപാതകത്തിന് മുമ്പ് എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഷാഫി തന്നോട് പറഞ്ഞിരുന്നെന്ന് മൂന്നാം പ്രതി ലൈല പൊലീസിനോട് പറഞ്ഞു. ഇലന്തൂർ ഇരട്ട നരബലിക്കേസിൽ പ്രതികളെ വെവ്വേറെ ചോദ്യം ചെയ്തപ്പോഴാണ് ഒന്നാം പ്രതി ഷാഫിയുടെ മുൻകാല ചെയ്തികൾ സംബന്ധിച്ച് ലൈലയുടെ മൊഴി.
എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഒരു വർഷം മുമ്പാണ് ഷാഫി ലൈലയോട് പറഞ്ഞത്. ഇലന്തൂരെ വീടിന്റെ തിണ്ണയിലിരുന്ന് നരബലിയെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു ഇത്. കൊലപ്പെടുത്തിയ ശേഷം മനുഷ്യമാംസം വിറ്റെന്നും നല്ല കാശ് കിട്ടിയെന്നും ഷാഫി പറഞ്ഞിരുന്നു. എന്നാൽ, കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നാണ് ലൈല പൊലീസിന് നൽകിയ മൊഴി.
ദമ്പതികളെ വിശ്വസിപ്പിക്കാൻ താൻ പറഞ്ഞ കള്ളമാണിതെന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഷാഫിയുടെ മറുപടി. അതിനിടെ നരബലിക്ക് മുമ്പ് പ്രതികൾ കാളിപൂജ നടത്തിയതായി പൊലീസിന് സൂചന ലഭിച്ചു. രണ്ടാമത്തെ നരബലി സമയത്താണ് പ്രതികൾ കാളിപൂജ നടത്തിയത്. പത്മയെ കൊലപ്പെടുത്തിയ സമയം തലക്ക് പിന്നിലായി കാളിയുടെ ചിത്രംവെച്ച് അതിന് മുന്നിൽ വിളക്ക് കത്തിച്ചു. നരബലി ഫലിക്കണമെങ്കിൽ ഇങ്ങനെ ചെയ്യണമെന്ന് ആഭിചാര ഗ്രന്ഥങ്ങളിലുണ്ടെന്നാണ് ഭഗവൽ സിങ് ചോദ്യം ചെയ്യലിൽ മറുപടി നൽകിയത്. പ്രതികൾ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടെന്നും ഏതൊക്കെ കാര്യങ്ങളിൽ വസ്തുതയുണ്ടെന്ന് പരിശോധിച്ച് വരുകയാണെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ