- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രോഷം പ്രകടിപ്പിച്ച് നാട്ടുകാർ; കുലുക്കമില്ലാതെ മുജീബ് റഹ്മാൻ
കോഴിക്കോട്: കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഥിരം കുറ്റവാളിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാൻ ആണെന്ന് പിടിയിലായത്. പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തി. തെളിവെടുപ്പ് സമയത്ത് ഒരു കൂസലുമില്ലാതെയാണ് പ്രതിയെ കണ്ടത്.
പ്രതിക്കെതിരെ ബലാത്സംഗ കേസ് ഉൾപ്പെടെ 55 കേസുകൾ നിലവിലുണ്ട്. പ്രതി മുജീബ് റഹ്മാനുമായി ഇന്ന് രാവിലെ പൊലീസ് തെളിവെടുപ്പും ആരംഭിച്ചു. അതിക്രൂരമായാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം അനുവിന്റെ സ്വർണാഭരണങ്ങൾ പ്രതി മോഷ്ടിച്ചു. തുടർന്ന് സ്വർണ്ണാഭരണങ്ങൾ കൊണ്ടോട്ടിയിലെത്തി ഒരാൾക്ക് കൈമാറുകയായിരുന്നു. മുജീബിനെ തെളിവെടുപ്പിനായി കൊല നടന്ന സ്ഥലത്തെത്തിച്ചപ്പോൾ നാട്ടുകാരിൽ നിന്നും രോഷ പ്രകടനമുണ്ടായി.
തെളിവെടുപ്പിൽ എടവണ്ണപ്പാറ ജങ്ഷനിൽ റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു ബൈക്ക്. പ്രതി ധരിച്ചിരുന്ന കോട്ടും ബൈക്കിൽ നിന്നും കണ്ടെത്തി ഇക്കഴിഞ്ഞ 11ന് മട്ടന്നൂരിൽ നിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. ഈ ബൈക്ക് മോഷ്ടിച്ചശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊല നടത്തിയത്. അനുവിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നൊച്ചാടുള്ള നാട്ടുകാർ. സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കാനായി ഒരാളെ അതിക്രൂരമായി കൊലപ്പെടുത്തിയത് വിശ്വസിക്കാനാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രതി ഉപയോഗിച്ച ബൈക്കിൽ നിന്ന് വലിയ ബാഗും കയ്യുറകളും ലഭിച്ചു. കയ്യുറ ധരിച്ചാണ് പ്രതി കൊല നടത്തിയതെന്നാണ് സൂചന. കൃത്യം നടത്തുമ്പോൾ പ്രതി ഹെൽമറ്റ് ധരിച്ചിരുന്നു. ഇന്നലെ രാത്രി മലപ്പുറത്തെ വീട്ടിൽ വച്ചാണ് ഇയാൾ പിടിയിലായത്. സമീപത്തുള്ള സിസിടിവി ക്യാമറയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ചയാണ് വാളൂർ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ അനുവിന്റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടിൽ അനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടിൽ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്. അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വസ്ത്രത്തിന്റെ ചില ഭാഗങ്ങളും മൃതദേഹത്തിലുണ്ടായിരുന്നില്ല. ഇതെല്ലാം സംശയം ജനിപ്പിക്കുന്നതായിരുന്നു.