കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബ് റഹ്‌മാൻ വേറെയും ഇരകളെ ലക്ഷ്യമിട്ടതായി വിവരം. വാളൂരിന് അടുത്തുള്ള മറ്റ് രണ്ട് സ്ഥലങ്ങളിലും പ്രതിയെത്തിയിരുന്നു. പ്രദേശവാസിയായ ഒരു സ്ത്രീയാണ് പൊലീസിന് മൊഴി നൽകിയത്. അതിനിടെ മുജീബ് റഹ്‌മാന്റെ ഭാര്യയെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. മുജീബിന്റെ കുറ്റകൃത്യങ്ങളിൽ ഇവർക്കും പങ്കുണ്ടെന്നാണ് നിഗമനം.

പതിനൊന്നാം തീയതി രാവിലെ പത്തുമണിയോടെയാണ് മുജീബ് റഹ്‌മാൻ വാളൂരിലെ ഇടറോഡിൽവച്ച് അനുവിനെ കൊലപ്പെടുത്തിയത്. ഈ സ്ഥലത്തിന് മുൻപുള്ള രണ്ട് ഇടറോഡുകളിൽ മുജീബ് റഹ്‌മാൻ എത്തിയിരുന്നു. പ്രതി ഈ പ്രദേശങ്ങളിൽ കറങ്ങി നടന്നതായി ഒരു സ്ത്രീയാണ് പൊലീസിന് വിവരം നൽകിയിരിക്കുന്നത്. അന്ന് പുലർച്ചെ മൂന്നരയോടെയാണ് പ്രതി മട്ടന്നൂരിൽ നിന്ന് ബൈക്ക് മോഷ്ടിച്ചത്. എന്നാൽ ഒൻപതരയോടെ മാത്രമാണ് ഇയാൾ വാളൂരിലെത്തിയത്. ഈ ആറുമണിക്കൂർ സമയം പ്രതി എവിടെയായിരുന്നുവെന്നും പൊലീസ് പരിശോധിക്കും. മറ്റെന്തെങ്കിലും കുറ്റകൃത്യം നടത്താനുള്ള സാധ്യത ഏറെയാണ്.

ഇതിന് മുമ്പും നിരവധി കുറ്റകൃത്യങ്ങൾ നടത്തിയ പ്രതിയാണ് മുജീബ് റഹ്‌മാൻ. മോഷണം, പിടിച്ചുപറി എന്നിവയ്‌ക്കൊപ്പം സ്ത്രീകളെ തന്ത്രപൂർവം വാഹനത്തിൽ കയറ്റി ആക്രമിച്ച് ബോധം കെടുത്തി ബലാത്സംഗം ചെയ്യുകയും സ്വർണം കവരുകയുമായിരുന്നു പ്രതി പിന്തുടർന്ന രീതി. 2020ൽ ഓമശേരിയിൽ വയോധികയെ തന്ത്രപൂർവ്വം മോഷ്ട്ടിച്ച ഓട്ടോയിൽ കയറ്റിയ പ്രതി ഓട്ടോയുടെ കമ്പിയിൽ തലയിടിപ്പിച്ച് ബോധരഹിതയാക്കിയാണ് കെട്ടിയിട്ട് പീഡിപ്പിച്ചത്. പേരാമ്പ്രയില് അനുവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയാണ് വെള്ളത്തിൽ ചവിട്ടിത്താഴ്‌ത്തിയത്.

വയനാട്ടിലും സമാനമായ കുറ്റകൃത്യം ഇയാൾ നടത്തിയെന്ന് സൂചനയുണ്ട്. മോഷണം, പിടിച്ചുപറി ഉൾപ്പെടെ അറുപതോളം കേസുകളിൽ പ്രതിയായ മുജീബ് ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളിൽ മാത്രമാണ്. ഭർത്താവിനെ മോഷണത്തിനും ക്രിമിനൽ പ്രവർത്തനങ്ങൾക്കും അക്കുന്ന ഭാര്യ. നൊച്ചാട് അനു കൊലക്കേസിൽ നിർണായക തെളിവുകൾ തേടി പ്രതി മുജീബ് റഹ്‌മാന്റെ വീട്ടിൽ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാനുള്ള ഭാര്യയുടെ ശ്രമം വ്യക്തമാക്കുന്നത് മാഫിയാ പ്രവർത്തനത്തിൽ അവർക്കുമുള്ള പങ്കാണ്. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ് റഹ്‌മാന്റെ വീട്ടിൽ പൊലീസെത്തിയത്. ഈ വസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചു.

ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ ധരിച്ച പാന്റ് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഏതായാലും മുജീബ് റഹ്‌മാൻ മോഷണ കേസുകളിലും ബാലത്സംഗ കുറ്റത്തിലും കുടുങ്ങി അകത്ത് കിടക്കുമ്പോൾ ഭർത്താവിനെ പുറത്തിറക്കാൻ നിയമ വഴികൾ തേടുന്നതും അട്ടിമറിയൊരുക്കി ജാമ്യം നേടുന്നതും ഈ ഭാര്യയുടെ മികവാണ്. തെളിവ് നശീപ്പിക്കാൻ ശ്രമിച്ച ഭാര്യയും അനുകൊലക്കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്. പൊലീസ് ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കും.

കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അർധ നഗ്നയായാണ് മൃതദേഹം കിടന്നത്. സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാൻ പിടിയിലായത്. പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാൾ കൊടും ക്രിമിനലാണെന്നത് മനസിലായത്. അനു കൊലപാതകക്കേസ് പ്രതി കൊണ്ടോട്ടിയിലെ മുജീബ് റഹ്‌മാന്റെ വീട്ടിലെത്തിയ പൊലീസിന് കാണാൻകഴിഞ്ഞത് മോഷണത്തിനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളാണ്.

മാലപൊട്ടിക്കാനുള്ളതടക്കം വിവിധതരം കത്തികളും ടോർച്ചുകളുമെല്ലാം പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇത്തരത്തിൽ ബാഗിൽ എല്ലാ സംവിധാനവുമായാണ് മുജീബ് മോഷണത്തിനായി ഇറങ്ങുന്നത്. പൊലീസ് പിടിയിലായാൽ കേസുകളെല്ലാം കൃത്യമായി കൈകാര്യംചെയ്യുന്നത് ഭാര്യയുടെ നേതൃത്വത്തിലാണ്. ജയിലിനുള്ളിൽ ഉള്ളപ്പോൾ എല്ലാം പൊന്നു പോലെ നോക്കുകയും ചെയ്യും ഭാര്യ. ഇതെല്ലാം കണ്ടും കേട്ടും ഞെട്ടുകായണ് കേരളാ പൊലീസ്. കൊടും ക്രിമിനലിന് എല്ലാം പിന്തുണയും ഭാര്യ നൽകിയെന്നാണ് പൊലീസ് തിരിച്ചറിയുന്നത്.