ന്യൂഡൽഹി: ഹരിയാനയിലെ നൂഹിലെ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ട സുദർശൻ ടിവി മാനേജിങ് എഡിറ്റർ മുകേഷ് കുമാറിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാം സൈബർ സ്റ്റേഷൻ ഈസ്റ്റ് പൊലീസ് പിടികൂടിയത്.

നൂഹിലും അയൽജില്ലകളിലും വർഗീയ സംഘർഷം രൂക്ഷമായതിനു പിന്നാലെയായിരുന്നു മുകേഷിന്റെ പ്രകോപനപരമായ പോസ്റ്റ്. ഹിന്ദുക്കൾക്കെതിരെ നടപടിയെടുക്കാൻ ഖത്തർ ചാനൽ അൽജസീറ ഗുരുഗ്രാം പൊലീസിനുമേൽ സമ്മർദം ചെലുത്തുന്നുണ്ടെന്നായിരുന്നു ഇയാൾ ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ഓഗസ്റ്റ് എട്ടിനാണ് പോസ്റ്റിട്ടത്.

അൽജസീറ ഗുരുഗ്രം പൊലീസിനെ വിളിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് ട്വീറ്റിൽ ആരോപിക്കുന്നു. ഹിന്ദുക്കൾക്കെതിരെ നടപടിയെടുക്കാനുള്ള സമ്മർദനീക്കമാണിത്. ഇതിനുശേഷം ഗുരുഗ്രാം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വലിയ സമ്മർദത്തിലാണെന്നും കണ്ടിടത്തുനിന്നെല്ലാം ഹിന്ദു പ്രവർത്തകരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയാണെന്നും ഹരിയാന മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് മുകേഷ് കുമാർ ട്വീറ്റ് ചെയ്തു.

അതേസമയം, ഗുരുഗ്രാം സെക്ടർ 17ൽനിന്ന് മുകേഷിനെ കാറിൽനിന്ന് ഒരുസംഘം ആയുധധാരികൾ തട്ടിക്കൊണ്ടുപോയെന്ന് സുദർശൻ ന്യൂസ് ആരോപിച്ചു. വർഷങ്ങളായി ഹിന്ദുക്കളുടെ ശബ്ദം ഉയർത്തിക്കൊണ്ടിരിക്കുന്നയാളാണ് മുകേഷ് എന്നും മേവാത്തിലെ അക്രമങ്ങൾ രാജ്യത്തിനുമുൻപിൽ പുറത്തുകൊണ്ടുവന്നയാളാണെന്നും ചാനൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതിനിടെ നൂഹിലെ വീടുകളും കടകളും ഇടിച്ചുനിരത്തിയതു നടപടിക്രമങ്ങൾ പാലിച്ചാണെന്നു ഹരിയാന സർക്കാർ പഞ്ചാബ്ഹരിയാന ഹൈക്കോടതിയെ അറിയിച്ചു. ബുൾഡോസർ നടപടി ഒരു വിഭാഗത്തെ ഇല്ലാതാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന ആരോപണം സർക്കാർ നിഷേധിച്ചു. അതിനിടെ ഹരിയാനയിലെ നൂഹിൽ നടന്ന വർഗീയ കലാപത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതിയും രംഗത്തുവന്നു.

അക്രമത്തിന് പിന്നിലെ മുസ്ലിം വിഭാഗത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനങ്ങൾ അംഗീകരിക്കാനാകില്ലെന്നും സമുദായങ്ങൾക്കിടെ യോജിപ്പും സൗഹാർദ്ദവും വേണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. നൂഹിലെ വർഗീയ കലാപത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിന് ഡി ജി പി യുടെ നേതൃത്വത്തിൽ സമിതി വേണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങളെ അംഗീകരിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഹിന്ദു മഹാ പഞ്ചായത്തിലെ ബഹിഷ്‌കരണ ആഹ്വാനമെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. ഹിന്ദു മഹാ പഞ്ചായത്തിലെ ആഹ്വാനത്തിനെതിരെയായിരുന്നു ഹർജി.

ഗുരുഗ്രാമിലെ തിഗ്ര് ഗ്രാമത്തിലാണ് വിവാദമായ മഹാപഞ്ചായത്ത് നടന്നത്. മുസ്ലിം വിഭാഗത്തിലുള്ളവർക്കെതിരെ സാമ്പത്തിക ബഹിഷ്‌കരണത്തിന് മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തിരുന്നു. നൂഹിന്റെ ജില്ലാ പദവി നീക്കണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. ഗുരുഗ്രാം, ഫരീദബാദ്, പാൽവാൽ, രേവരി എന്നിവയുടെ ഭാഗങ്ങൾ ചേർത്തുണ്ടാക്കിയ ജില്ലയാണ് നൂഹെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അവശ്യം. കലാപത്തിന്റെ പേരിൽ യുവാക്കളോട് പൊലീസ് നടപടിയെ എതിർക്കാനും മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തിരുന്നു.

നൂഹിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം ഗുരുഗ്രാമിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ട് ഹോം ഗാർഡുകളും മതപണ്ഡിതനുമടക്കം ആറ് പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചതായും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.