കൊൽക്കത്ത: മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ല. മകൻ സുഭ്രഗ്ഷു റോയിയാണ് പിതാവിനെ കാണാനില്ലെന്നന്ന വിവരം അറിയിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലേക്ക് തിരിച്ച മുകുൾ റോയിയെ പിന്നീട് കണ്ടിട്ടില്ലെന്ന് മകനെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.

ഇതുവരെ പിതാവിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ യാതൊരു വിവരവുമില്ലെന്നും മകൻ പറഞ്ഞു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകുന്നേരം ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ട മുകുൾ റോയ്, രാത്രി 9 മണിയോടെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

മകൻ സുഭ്രഗ്ഷു റോയിയുമായി മുകുൾ റോയ് തർക്കത്തിൽ ഏർപ്പെട്ടിരുന്നതായും ഇതിന് പിന്നാലെയാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചതെന്നുമുള്ള റിപ്പോർട്ടുകളും ഉണ്ട്. കാണാതായതിന് പിന്നാലെ സുഭ്രഗ്ഷു റോയ് വിമാനത്താവളത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

ഭാര്യയുടെ മരണശേഷം ശാരീരികാസ്വാസ്ഥ്യം നേരിട്ടിരുന്ന മുകുൾ റോയിയെ കഴിഞ്ഞ ഫെബ്രുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം നേരത്തെ റെയിൽവേ മന്ത്രിയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഫെബ്രുവരിയിൽ ആശുപത്രിയിലായിരുന്നു. 2017ൽ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. പിന്നീട് തൃണമൂലിലേക്ക് തന്നെ തിരിച്ചെത്തി.

കഴിഞ്ഞ കുറച്ചുകാലമായി മുകൾ റോയി സംസ്ഥാന രാഷ്ട്രീയത്തിൽ അത്രയ്ക്ക് സജീവമല്ല. ഒരിക്കൽ മമത ബാനർജിയുടെ വിശ്വസ്തനായ നേതാവായിരുന്നു റോയി. പിന്നീട് അവർക്ക് അനഭിമതനായി മാറുകയും ചെയ്തു.